ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരിച്ച ഫിലോമിനയുടെ ത്യാഗത്തെ വാഴ്ത്തി ബ്രിട്ടീഷ് മാധ്യമങ്ങള്‍
Monday 4 May 2020 1:27 AM UTC

LONDON May 4: കോവിഡ്-19 ബാധിച്ച് മരിച്ച ഓക്സ്ഫോര്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റിലെ മലയാളി നഴ്സ് ഫിലോമിന ചെറിയാന്റെ ത്യാഗത്തെ വാഴ്ത്തി ബ്രിട്ടീഷ് മാധ്യമങ്ങള്‍ .
കൊറോണ പോരാട്ടത്തില്‍ മരിച്ച എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണം 171 ആകവേയാണ് ഫിലോമിനയുടെ ത്യാഗത്തെ വാഴ്ത്തി മാധ്യമങ്ങള്‍ രംഗത്തെത്തിയത്.
എന്‍എച്ച്എസില്‍ നീണ്ട നാല് ദശാബ്ദക്കാലത്തെ നഴ്സിംഗ് സേവനത്തിന് ശേഷം റിട്ടയര്‍ ചെയ്യാന്‍ വെറും രണ്ട് വര്‍ഷം മാത്രം ശേഷിക്കവെയായിരുന്നു മൂന്നു മക്കളുടെ അമ്മയായ 62 കാരിയായ ഫിലോമിന ചേച്ചിയുടെ ജീവന് മേയ് ഒന്നിന് പുലര്‍ച്ചെ കൊറോണ കവര്‍ന്നെടുത്തത്.
താന്‍ ജോലി ചെയ്തിരുന്ന ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലായിരുന്നു ഇവരുടെ അന്ത്യം.
നല്ലൊരു മനുഷ്യ സ്നേഹിയും കുട്ടികളുടെ സ്നേഹമയിയായ അമ്മയുമാണ് അകാലത്തില്‍ പൊലിഞ്ഞ് പോയതെന്നാണ് ഭര്‍ത്താവായ ജോസഫ് വര്‍ക്കിയെ ഉദ്ധരിച്ചു ഡെയ്ലി മെയില്‍ പറയുന്നത് .
നഴ്സിംഗ് എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വെറുമൊരു ജോലി മാത്രമായിരുന്നില്ലെന്നും മറിച്ച് പാഷനും കൂടിയായിരുന്നുവെന്നും ഭര്‍ത്താവ് അനുസ്മരിക്കുന്നു.
തങ്ങളുടെ നഴ്സിംഗ് കുടുംബത്തിലെ ഏറ്റവും മൂല്യമേറിയ അംഗമാണ് കൊറോണക്ക് ബലിയാടായിത്തീര്ന്നിരിക്കുന്നതെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് (ഒയുഎച്ച്) ഒരു പ്രസ്താവനയിലൂടെ അനുസ്മരിച്ചിരിക്കുന്നത്.
സഹപ്രവര്‍ത്തകരോടും രോഗികളോടും സുഹൃത്തുക്കളോടും വളരെ ഹൃദ്യമായി പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു അവരുടേതെന്നും ഒയുഎച്ച് പറയുന്നു.
ഫിലോമിനയുടെ കുടുംബത്തിനു വേണ്ടി ഓക്സ്ഫോര്‍ഡ് മലയാളികള്‍ ചേര്‍ന്ന് ഒരു ഫണ്ട് റൈസിംഗ് കാമ്പയിന് നടത്തുന്നുണ്ട്.
7,181 പൗണ്ടാണ് ഇതുവരെ ശേഖരിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ പത്രമാധ്യമങ്ങള്‍ ഫോട്ടോകള്‍ സഹിതം വന്‍ പ്രാധാന്യത്തോടെയാണ് ഫിലോമിന ചേച്ചിയുടെ ത്യാഗപൂര്‍ണമായ ജീവിതം കൊടുത്തിരിക്കുന്നത്.
ഫിലോമിന ചേച്ചിയുടെ സംസ്കാരം ഓക്സ്ഫോര്‍ഡില്‍ തന്നെയാണ് നടത്തുന്നത്. ഭര്‍ത്താവ് ജോസഫ് വര്‍ക്കിക്ക് രോഗം പിടിപെട്ടെങ്കിലും ഭേദമായിരുന്നു.
മൂന്നു മക്കളില്‍ ജെറില്‍ ജോസഫ് ഒപ്പം ഉണ്ട്. ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ആണ്.
CLICK TO FOLLOW UKMALAYALEE.COM