ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഹിന്ദു മുസ്ലീം ഐക്യ റാലി – UKMALAYALEE

ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഹിന്ദു മുസ്ലീം ഐക്യ റാലി

Wednesday 26 February 2020 5:22 AM UTC

ന്യുഡല്‍ഹി Feb 26: രാജ്യതലസ്ഥാനത്ത് ഏകപക്ഷീയ കലാപം പടരുന്നതിനിടെ ഹിന്ദു-മുസ്ലീം ഐക്യ റാലി. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു റാലി നടന്നത്.

ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വന്‍ അക്രമമാണ് നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരായി തുടങ്ങിയ അക്രമങ്ങള്‍ ഇപ്പോള്‍ സംഘടിത കലാപത്തിന്റെ രൂപത്തിലേക്ക് മാറിയിട്ടുണ്ട്.

മുസ്ലീങ്ങളുടെ വീടുകളും സ്ഥാപനങ്ങളും തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന കലാപകാരികള്‍ വാഹന യാത്രക്കാരെയും വഴിയാത്രക്കാരെയും മതം ചോദിച്ചും അക്രമിക്കുന്നുണ്ട്. രണ്ട് ദിവസമായി നടന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു.

വടക്ക് കിഴക്കന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് സംഘര്‍ഷം നടക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷം കൂടുതല്‍ മേഘലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. യമുന വിഹാര്‍, വിജയ് പാര്‍ക്ക് എന്നിവടങ്ങളിലാണ് ഒടുവില്‍ ആക്രമണമുണ്ടായത്.

കരവല്‍ നഗര്‍, മോജ്പൂര്‍ എന്നിവടങ്ങളിലും ആക്രമണമുണ്ടായി.

പലയിടങ്ങളിലും പോലീസ് നോക്കി നില്‍ക്കെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്.

കേന്ദ്രസേനയെ വിന്യസിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ശേഷവും അക്രമം തടയാനുള്ള നടപടികളൊന്നും ഡല്‍ഹിയില്‍ സ്വീകരിച്ചിട്ടില്ല.

CLICK TO FOLLOW UKMALAYALEE.COM