ടെസ്‌റ്റിന്റെ തലവര മാറുന്നു , ആഷസോടെ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിനു തുടക്കം – UKMALAYALEE

ടെസ്‌റ്റിന്റെ തലവര മാറുന്നു , ആഷസോടെ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിനു തുടക്കം

Tuesday 30 July 2019 7:57 AM UTC

ദുബായ്‌ July 30: ടെസ്‌റ്റ് മത്സരങ്ങള്‍ ആവേശകരമാക്കാന്‍ ലോക ചാമ്പ്യന്‍ഷിപ്പ്‌ വരുന്നു. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ ഇന്നലെയാണു പ്രഥമ ലോക ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യു.ടി.സി.) ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌.
ഓഗസ്‌റ്റ് ഒന്നിനു തുടങ്ങുന്ന ആഷസ്‌ പരമ്പരയോടെ ചാമ്പ്യന്‍ഷിപ്പിനു തുടക്കമാകും. ചാമ്പ്യന്‍ഷിപ്പ്‌ രണ്ടു വര്‍ഷം നീണ്ടു നില്‍ക്കും. ഫൈനല്‍ 2021 ഏപ്രില്‍ 30 മുതല്‍ ലോഡ്‌സില്‍ നടക്കും.

ടെസ്‌റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത്‌ സ്‌ഥാനക്കാരാണു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലന്‍ഡ്‌, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌, വെസ്‌റ്റിന്‍ഡീസ്‌, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്‌, പാകിസ്‌താന്‍, ശ്രീലങ്ക ടീമുകളാണ്‌ ആദ്യ ഒമ്പത്‌ റാങ്കിലുള്ളത്‌.

ടെസ്‌റ്റ് പരമ്പരകളായാണ്‌ ലോക ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ നടക്കുക. ഇതില്‍ ആദ്യ മത്സരം ഓഗസ്‌റ്റ് ഒന്നിന്‌ എഡ്‌ജ്ബാസ്‌റ്റണില്‍ ആരംഭിക്കും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ഇന്ത്യ, ന്യൂസിലന്‍ഡ്‌, പാകിസ്‌താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്‌റ്റിന്‍ഡീസ്‌, ബംഗ്ലാദേശ്‌ എന്നിവരാണു ചാമ്പ്യന്‍ഷിപ്പില്‍ പയറ്റുന്നത്‌.

ടെസ്‌റ്റ് കളിക്കുന്ന രാജ്യങ്ങളാണെങ്കിലും സിംബാബ്‌വേ, അഫ്‌ഗാനിസ്‌ഥാന്‍, അയര്‍ലന്‍ഡ്‌ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിനില്ല. രാഷ്‌ട്രീയപരമായ കാരണങ്ങളാല്‍ സിംബാബ്‌വേയെ ഒക്‌ടോബര്‍ വരെ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌. നവാഗതരായ അഫ്‌ഗാന്റെയും അയര്‍ലന്‍ഡിന്റെയും മത്സരങ്ങള്‍ റാങ്കിങ്ങില്‍ പരിഗണിക്കുമെന്ന്‌ ഐ.സി.സി. വ്യക്‌തമാക്കി.

ഒരു ടീമിന്‌ മൂന്നു വീതം ഹോം, എവേ പരമ്പരകളുണ്ടാകും. ആറു പരമ്പര ഒരു ടീം ആകെ കളിക്കണം. ഓരോ പരമ്പരയിലും രണ്ടു മുതല്‍ അഞ്ചു വരെ മത്സരങ്ങളുണ്ടാകും. മത്സരങ്ങളുടെ എണ്ണം അതത്‌ ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ക്കും തീരുമാനിക്കാം.

പരമ്പരകള്‍ ലോക ചാമ്പ്യന്‍ഷിപ്പിലാക്കണമോയെന്നും അവര്‍ക്കു തീരുമാനിക്കാം. ഓരോ പരമ്പരയിലും പരമാവധി 120 പോയിന്റുണ്ടാകും. മത്സരങ്ങളുടെ അടിസ്‌ഥാനത്തിലാണു പോയിന്റ്‌ നിശ്‌ചയിക്കുന്നത്‌. രണ്ട്‌ ടെസ്‌റ്റുകളുടെ പരമ്പരയിലെ ഓരോ മത്സരത്തിനും 60 പോയിന്റ്‌, മൂന്ന്‌ ടെസ്‌റ്റുകളുടെ പരമ്പരയിലെ ഓരോ മത്സരത്തിനും 40 പോയിന്റ്‌ വീതം എന്നിങ്ങനെയാണ്‌.

അഞ്ച്‌ മത്സരമുള്ള പരമ്പരയാണെങ്കില്‍ ഒരു ജയത്തിന്‌ 24 പോയിന്റാണു ലഭിക്കുക. സ്‌കോര്‍ ഒപ്പമായാല്‍ 50 പോയിന്റ്‌ വീതം ലഭിക്കും. സമനിലയായാല്‍ ഒന്നാം ഇന്നിങ്‌സിലെ ലീഡ്‌ അടക്കമുള്ളവ പോയിന്റിനു പരിഗണിക്കും. ഓരോ ടീമും രണ്ടു വര്‍ഷം കൊണ്ട്‌ ആറു പരമ്പര പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടിയ രണ്ട്‌ ടീമുകള്‍ ഫൈനലില്‍ കളിക്കും.

ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ കിരീടം പങ്കിടും. മഴ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മത്സരം അഞ്ചു ദിവസവും തുടരാനായില്ലെങ്കില്‍ നെറ്റ്‌ പ്ലേ കണക്കാക്കി (ദിവസവും കുറഞ്ഞത്‌ ആറ്‌ മണിക്കൂര്‍) റിസര്‍വ്‌ ഡേ നല്‍കും. ഇംഗ്ലണ്ടിന്‌ ആഷസ്‌ അടക്കം ആറു പരമ്പരകളിലായി 22 മത്സരങ്ങളാണു കളിക്കാനുള്ളത്‌.

ഇന്ത്യക്കു 18 മത്സരങ്ങള്‍ മാത്രമാണ്‌. ദക്ഷിണാഫ്രിക്ക-16, ഓസ്‌ട്രേലിയ-19, വെസ്‌റ്റിന്‍ഡീസ്‌-15, ന്യൂസീലന്‍ഡ്‌-14, ബംഗ്ലാദേശ്‌-14, പാകിസ്‌താന്‍-13, ശ്രീലങ്ക-13 എന്നിങ്ങനെയാണു ഓരോ ടീമിനും കളിക്കാനുള്ളത്‌്. 27 പരമ്പരകളിലായി 71 ടെസ്‌റ്റ് മത്സരങ്ങളാണു നടക്കാനിരിക്കുന്നത്‌.

ഒന്നും രണ്ടും സ്‌ഥാനത്തെത്തുന്ന ടീമുകളാണു ഫൈനലില്‍ ഏറ്റുമുട്ടുക. ദ്വിരാഷ്‌ട്ര പരമ്പരകളായി തന്നെയാകും മത്സരങ്ങളുണ്ടാകുക.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ്‌ പരമ്പരയിലാണു ലോക ചാമ്പ്യന്‍ഷിപ്പിനു തുടക്കം കുറിക്കുക. ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയായതിനാല്‍ അവരുടെ ചാമ്പ്യന്‍ഷിപ്പിലെ ഹോം പരമ്പരയാകും. ഓസ്‌ട്രേലിയയുടെ എവേ പരമ്പരയും.

ഇന്ത്യയും ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഘട്ടത്തില്‍ കളിക്കും. വെസ്‌റ്റിന്‍ഡീസിനെതിരായ പരമ്പരയോടെയാണ്‌ ഇന്ത്യയുടെ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കുക. വെസ്‌റ്റിന്‍ഡീസ്‌ വേദിയായതിനാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍ഷിപ്പിലെ എവേ മത്സരമാകും ആദ്യം.

ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്‌റ്റ് പരമ്പരയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടും. ന്യൂസിലന്‍ഡും എവേ മത്സരത്തോടെയാണു ചാമ്പ്യന്‍ഷിപ്പ്‌ തുടങ്ങുക. ആഷസ്‌ മുതലുള്ള രണ്ടു വര്‍ഷത്തിനിടയില്‍ നടക്കുന്ന എല്ലാ ടെസ്‌റ്റ് മത്സരങ്ങളേയും ഒരു ടൂര്‍ണമെന്റാക്കുകയാണു ചാമ്പ്യന്‍ഷിപ്പ്‌.

ടെസ്‌റ്റ് മത്സരങ്ങളുടെ ജനപ്രീതി തിരിച്ചുപിടിക്കുകയാണ്‌ ഐ.സി.സിയുടെ ലക്ഷ്യം. ഓസ്‌ട്രേലിയ സ്വന്തം തട്ടകത്തില്‍ പാകിസ്‌താന്‍, ന്യൂസിലന്‍ഡ്‌ (2019-20) എന്നിവര്‍ക്കെതിരേയും ഇന്ത്യക്കെതിരേയും (2020-21) പരമ്പര കളിക്കും.

ആഷസ്‌ കൂടാതെ ബംഗ്ലാദേശ്‌ (2020), ദക്ഷിണാഫ്രിക്ക (2021) ടീമുകള്‍ക്കെതിരേയും എവേ മത്സരം കളിക്കും. ടെസ്‌റ്റിലെ പതിവുകള്‍ക്കു വിപരീതമായി താരങ്ങളുടെ ജേഴ്‌സിയില്‍ നമ്പരിനൊപ്പം പേരുമുണ്ടാകും.

ക്രിക്കറ്റിന്റെ അടിസ്‌ഥാന രൂപം ടെസ്‌റ്റാണെന്നും അതിന്റെ ജനപ്രീതി തിരിച്ചു കൊണ്ടുവരാനുള്ള ഏറ്റവും മികച്ച നടപടിയെന്നും ചാമ്പ്യന്‍ഷിപ്പിനെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കെവിന്‍ റോബര്‍ട്ട്‌സ് പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM