ടെഫിൽ അംഗമാകു കേരളത്തിലെ അശരണരായ സ്ത്രീകളെ ശക്തരാക്കുക – UKMALAYALEE
foto

ടെഫിൽ അംഗമാകു കേരളത്തിലെ അശരണരായ സ്ത്രീകളെ ശക്തരാക്കുക

Tuesday 21 February 2023 8:31 PM UTC

ലണ്ടൻ: മലയാളികളായ ഒരു കൂട്ടം വനിതകൾ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം സ്പോൺസർഷിപ്പിലൂടെ നൽകി കേരളത്തിലെ അശരണരായ സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യത്തിൽ, പെൺകുട്ടികളുടെ പഠനാവശ്യത്തിന് മുൻതൂക്കം നൽകി അവരെ സഹായിക്കുന്നതിനായി ആരംഭിച്ച സംഘടനയാണ് ദി എംപവർ ഫൗണ്ടേഷൻ അഥവാ ടെഫ് (TEF).

ഫൌണ്ടേഷൻ്റെ കൂട്ടായ്മയിൽ ഉൾപ്പെട്ട രണ്ടു കുട്ടികളുടെ കുടുംബത്തിന് കഴിഞ്ഞ മാസം അതിദാരുണമായ അത്യാഹിതം സംഭവിച്ച അവസരത്തിൽ അവർക്ക് സഹായഹസ്തവുമായി കൈകോർക്കുകയാണ് ടെഫ്.

ടെഫ് കുടുംബത്തിലെ അംഗങ്ങളായ, ബി.എസ്‌സി രണ്ടാം വർഷവും പ്ലസ് വണ്ണും പഠിക്കുന്ന രണ്ട് സഹോദരിമാരുടെ പിതാവ് രാജീവ് (വൈക്കം, കുലശേഖര മംഗലം) മദ്യാസക്തിയിൽ അവരുടെ വീട് തീവെച്ചു നശിപ്പിച്ചു. അവരുടെ ഇളയ സഹോദരൻ ഒമ്പതാം ക്ലാസിലാണ്. വീട്ടിൽ കുട്ടികളുടെ പഠന സാമഗ്രഹികളോ, വസ്ത്രമോ, വീട്ടുപകരണങ്ങളോ യാതൊന്നും അവശേഷിച്ചിരുന്നില്ല. നല്ലവരായ നാട്ടുകാരുടെ പരിചരണത്തിൽ അവർ ആപത് ഘട്ടത്തിൽ പിടിച്ചു നിന്നു.

” ഒരുമിച്ച് ഞങ്ങൾ ചെയ്യും. നമ്മൾ ഒരുമിച്ചാൽ അതിന് കഴിയും (Together We Can Together We Will) എന്നതാണ് ടെഫിൻ്റെ ആശയം. പലതുള്ളി പെരുവെള്ളമാകുന്നതു പോലെ ഞങ്ങൾ ഒരുമിക്കും എന്ന ലക്ഷ്യത്തിലാണ് ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോ അംഗവും നമ്മുടെ കുട്ടികൾക്ക് അവരുടെ ഭാവി കരുപ്പിടിക്കുന്നതിനാവശ്യമായ പിൻതുണാ സംവിധാനം നൽകി അവരെ കാര്യപ്രാപ്തി യുള്ളവരാക്കുക, അതിലൂടെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ദൗത്യം നിർവ്വഹിക്കുന്ന ടെഫ് എന്ന പേരിലുള്ള
ഒരു കൂട്ടം വനിതകൾ നയിക്കുന്ന ഈ സംഘടന ഇത്തരമൊരവസ്ഥയിൽ അവരെ ചേർത്തു പിടിക്കുക തന്നെ ചെയ്യും.

ഫൗണ്ടേഷൻ കുടുംബവുമായി നേരിട്ട് നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ആ അമ്മയ്ക്കും മക്കൾക്കും വസ്ത്രങ്ങൾ, രേഖകൾ, വീട്ടുപകരണങ്ങൾ മുതലായവ ലഭ്യമാക്കുന്നതിനുള്ള ശ്രമകരമായ ജോലി ടെഫ് ഏറ്റെടുത്തു.

അംഗങ്ങളുടെ സഹകരണത്തോടെ ഒരു ധനസമാഹരണം നടത്തി അമ്മയുടെയും പെൺമക്കളുടേയും ബാങ്ക്അക്കൗണ്ടുകളിലേക്ക് നല്ലൊരു തുക ട്രാൻസ്ഫർ ചെയ്യാനും കഴിഞ്ഞു .

ടെഫിൻ്റെ സ്നേഹ സാന്ത്വനവുമായി 19. 2. 2023 ന് ടെഫിലെ തിരുവനന്തപുരത്തുള്ള മെൻ്റർമാരായ ദേവി, ഗീത, സന്ധ്യ എന്നിവർ വൈക്കത്തുള്ള വീട്ടിലെത്തി കുട്ടികളേയും കുടുംബത്തേയും സന്ദർശിച്ച് അവർക്കായി ശേഖരിച്ച വസ്തുക്കൾ ആ കുടുംബത്തിന് കൈമാറി. കൂടാതെ രണ്ടു പെൺകുട്ടികൾക്കും വ്യക്തിപരവും വൈകാരികവുമായ സ്നേഹവും പിൻതുണയും നൽകി അവരെ ആശ്വസിപ്പിക്കാനും ടെഫിന് കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ ourshakthi@gmail.com

വെബ്സൈറ്റ് Our Shakthi Charity

CLICK TO FOLLOW UKMALAYALEE.COM