ജോസ് ഇടതു ചവിട്ടിയപ്പോള്‍ പണിയായത് സി.പി.എം. പ്രാദേശിക നേതാക്കള്‍ക്ക് – UKMALAYALEE

ജോസ് ഇടതു ചവിട്ടിയപ്പോള്‍ പണിയായത് സി.പി.എം. പ്രാദേശിക നേതാക്കള്‍ക്ക്

Monday 19 October 2020 9:28 PM UTC

കണ്ണൂര്‍ Oct 20: ജോസ്‌ കെ. മാണിയും കൂട്ടരും മുന്നണിയുടെ ഭാഗമാകുമ്പോള്‍ മുഖം രക്ഷിക്കാന്‍ സി.പി.എം. സൈബര്‍ ഇടങ്ങളിലെ പഴയ പോസ്‌റ്റുകള്‍ ഉന്നത നേതാക്കളെ തിരിഞ്ഞുകൊത്തുന്നതിനു പിന്നാലെ പൊതുസ്‌ഥലങ്ങളിലെ പഴയ ഫ്‌ളക്‌സുകളും ചുവരെഴുത്തുകളും പ്രാദേശിക നേതാക്കളുടെയും വായടപ്പിക്കുകയാണ്‌.
പാര്‍ട്ടി ശക്‌തികേന്ദ്രങ്ങളിലെ ബസ്‌കാത്തിരിപ്പ്‌ കേന്ദ്രങ്ങളുടെ ചുവരുകള്‍ പോലുമാണ്‌ മാറ്റേണ്ടി വന്നിരിക്കുന്നത്‌. ഉടന്‍തന്നെ ബോര്‍ഡുകള്‍ മാറ്റാനാണ്‌ തീരുമാനം. കെ.എം. മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ര്‌ടീയത്തെയും പ്രസ്‌ഥാനത്തെയും ശക്‌തമായി എതിര്‍ത്തുപോന്ന അണികളുടെ ചോദ്യം ഇല്ലാതാക്കലാണ്‌ പ്രാദേശിക നേതൃത്വങ്ങളുടെ ലക്ഷ്യം.

അതേ സമയം ജോസ്‌ കെ. മാണി വിഭാഗത്തിന്റെ രാഷ്‌ട്രീയ ചുവടുമാറ്റം തദ്ദേശ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ വാര്‍ഡിലും മണ്ഡലത്തിലും വോട്ട്‌ നിലയില്‍ കാര്യമായ എന്തെങ്കിലും ചലനം സി.പി.എമ്മിന്റെ കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലകളിലെ ശക്‌തികേന്ദ്രങ്ങളില്‍ സൃഷ്‌ടിക്കുകയുമില്ല. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇവിടങ്ങളിലുള്ള പ്രവര്‍ത്തകരും മറുപടി പറയാന്‍ ബാധ്യസ്‌ഥരായിരിക്കുകയാണ്‌.

കഴിഞ്ഞ യു.ഡി.എഫ്‌. ഭരണകാലത്തെ ബജറ്റ്‌ വിവാദവും ബാര്‍ കോഴയും നോട്ടടിക്കുന്ന മെഷീനുമൊക്കെ പരാമര്‍ശിക്കുന്ന ചുവരെഴുത്തുകളും ഫ്‌ളക്‌സ്‌ ബോഡുകളുമാണ്‌ സി.പി.എം. പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നത്‌. പാര്‍ട്ടി പത്രത്തിന്റെ പ്രചാരണത്തിനായി ബസ്‌ കാത്തിരിപ്പു കേന്ദ്രങ്ങളില്‍ സ്‌ഥാപിച്ച ബോര്‍ഡുകളിലും കൂടുതല്‍ കെ.എം. മാണിക്കെതിരായ വാര്‍ത്തകളായി ദൃശ്യവത്‌കരിച്ചത്‌. ഈ രീതിയില്‍ കണ്ണൂര്‍ ജില്ലയില്‍ നൂറുകണക്കിനു ബസ്‌ കാത്തിരിപ്പു കേന്ദ്രങ്ങളുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM