ജോളിയുടെ ബാല്യ- കൗമാരങ്ങള്‍തേടി അന്വേഷണ സംഘം , മനോനിലയും സ്വഭാവവും പഠനവിധേയമാക്കും – UKMALAYALEE

ജോളിയുടെ ബാല്യ- കൗമാരങ്ങള്‍തേടി അന്വേഷണ സംഘം , മനോനിലയും സ്വഭാവവും പഠനവിധേയമാക്കും

Saturday 12 October 2019 3:26 AM UTC

കട്ടപ്പന Oct 12: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ബാല്യകാലം അന്വേഷിക്കാന്‍ അന്വേഷണ സംഘം. പഠനകാലം മുതലുള്ള ജോളിയുടെ സ്വഭാവരീതി സംബന്ധിച്ചാണ്‌ അന്വേഷണം.
ഇതിനായി ജില്ലയിലെ സ്‌പഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം നിര്‍ദേശം നല്‍കിയി. വാഴവരയിലെ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജോളി പിന്നീട്‌ നെടുങ്കണ്ടത്തും പാലായിലുമായാണ്‌ ഉപരിപഠനം പൂര്‍ത്തിയാക്കിയത്‌.

ഈ കാലയളവിലെ കുടുംബപശ്‌ചാത്തലവും അന്വേഷണ പരിധിയില്‍വരും. വ്യാജ രേഖയുണ്ടാക്കി സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ച ജോളിക്ക്‌, കുടുംബത്തിലെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഇടുക്കിയില്‍ ചില പരിചയങ്ങള്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു.

ഇവരെ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും സ്‌പെഷല്‍ ബ്രാഞ്ച്‌ ശേഖരിക്കുന്നുണ്ട്‌. ജോളിയെ അറസ്‌റ്റ്‌ ചെയ്യുന്നതിനു മുമ്പും ക്രൈംബ്രാഞ്ച്‌ സംഘം ഇടുക്കിയില്‍ നാല്‌ ദിവസത്തോളം താമസിച്ച്‌ വിവരശേഖരണം നടത്തിയിരുന്നു.

നിലവില്‍ മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിക്കുന്ന ജോളിയുടെ ബാല്യ-കൗമാര കാലങ്ങളെക്കുറിച്ച്‌ വ്യക്‌തത വരുത്തിയില്ലെങ്കില്‍ കേസില്‍ തിരിച്ചടിയാകുമെന്ന്‌ അന്വേഷണസംഘം വിലയിരുത്തുന്നു. പഠനകാലം മുതല്‍ ജോളിയുടെ സ്വഭാവത്തില്‍ പ്രത്യേകത ഉണ്ടായിരുന്നതായി സഹോദരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

കുടുംബത്തിലെ ചിലര്‍ മാനസികരോഗത്തിനു ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്‌. ഇക്കാര്യങ്ങളെക്കുറിച്ചും പരിശോധിക്കും. സ്‌പെഷല്‍ ബ്രാഞ്ച്‌ ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ചശേഷമാകും ക്രൈംബ്രാഞ്ച്‌ സംഘം ഇടുക്കിയിലെത്തുന്ന കാര്യത്തില്‍ വ്യക്‌തത വരിക.

അറസ്‌റ്റിനു രണ്ടാഴ്‌ച മുന്‍പ്‌ ഇടുക്കിയിലെത്തിയ ജോളിയുടെ നീക്കങ്ങളും ജോളിയുമായി ബന്ധം സൂക്ഷിക്കുന്ന ഇടുക്കിയിലെ സുഹൃത്തുക്കളും ഇപ്പോഴും രഹസ്യ നിരീക്ഷണത്തിലാണ്‌.

CLICK TO FOLLOW UKMALAYALEE.COM