ജെഎന്‍യുവില്‍ സമരക്കാരോടൊപ്പം ദീപികാ പദുകോണ്‍; സിനിമകള്‍ക്ക് പണികൊടുക്കാന്‍ ബിജെപി  – UKMALAYALEE

ജെഎന്‍യുവില്‍ സമരക്കാരോടൊപ്പം ദീപികാ പദുകോണ്‍; സിനിമകള്‍ക്ക് പണികൊടുക്കാന്‍ ബിജെപി 

Thursday 9 January 2020 4:41 AM UTC

ന്യൂഡല്‍ഹി Jan 9: വന്‍ പ്രതിഷേധം നടക്കുന്ന ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തലിലേക്ക് എത്തിയ ബോളിവുഡ് താരറാണി ദീപികയ്‌ക്കെതിരേ നീക്കവുമായി ബിജെപി. പ്രകോപന പരമായ നീക്കം നടത്തിയ താരത്തിന്റെ സിനിമകള്‍ക്ക് പണി കൊടുക്കാനാണ് ബിജെപിയുടെ നീക്കം.

ഇന്ത്യ നേരിടുന്ന വിഷയത്തില്‍ നിലപാടുകള്‍ പരസ്യമായി വ്യക്തമാക്കാന്‍ തയ്യാറായ താരത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.

ചൊവ്വാഴ്ച രാത്രി 7.30 യോടെയായിരുന്ന ദീപിക സമരം നടക്കുന്ന ജെഎന്‍യു ക്യാംപസില്‍ എത്തിയത്. തുടര്‍ന്ന് പൊതു പരിപാടിയില്‍ പങ്കെടുത്ത് 15 മിനിറ്റോളം തങ്ങിയ അവര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുമായി സംസാരിക്കുകയും ചെയ്തു.

എന്നാല്‍ ദീപിക പരിപാടിയില്‍ പ്രസംഗിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു ക്യാംപസില്‍ മുഖം മൂടികളുടെ ആക്രമണത്തില്‍ യൂണിയന്‍ നേതാവ് ഐഷാഘോഷ് ഉള്‍പ്പെടെ ജെഎന്‍യുവില്‍ 30 പേര്‍ക്ക് പരിക്കേറ്റത്.

ദീപിക സമരപ്പന്തലില്‍ എത്തുമ്പോള്‍ ഐഷാഘോഷും ജെഎന്‍യുവിലെ മുന്‍ നേതാവ് കനയ്യാകുമാറും ഉണ്ടായിരുന്നു.

പരിപാടിയില്‍ സദസ്സിനെ അഭിസംബോധന ചെയ്തില്ലെങ്കിലും സമരത്തോട് ദീപിക ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതായി വിവരമുണ്ട്. ബോളിവുഡിലെ എ ലിസ്റ്റില്‍ പെടുന്ന താരങ്ങള്‍ പോലും പരസ്യമായി പ്രതികരിക്കാന്‍ കൂട്ടാക്കാതെ മൗനം വെടിയാതെ ഇരിക്കുമ്പോള്‍ ദീപികയുടെ സന്ദര്‍ശനം ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.

താരത്തിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു കഴിഞ്ഞു. ആസിഡ് ആക്രമണത്തിന്റെ ഇരകളുടെ കഥ പറയുന്ന താരത്തിന്റെ ഛപ്പാക്ക് ഉള്‍പ്പെടെയുള്ള സിനിമ പുറത്തുവരാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.

അതേസമയം സിനിമയുടെ പേരില്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ താരം ഭയപ്പെടുന്നില്ല. പൗരത്വഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരത്തിന് നേരത്തേ ദീപിക പിന്തുണ നല്‍കിയിരുന്നു.

‘ജനങ്ങള്‍ ഭയക്കേണ്ടവരല്ല’ എന്നും അവര്‍ നടത്തുന്ന പോരാട്ടത്തില്‍ അഭിമാനം കൊള്ളുന്നതായും പ്രസ്താവന നടത്തിയിരുന്നു. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനാകണം.

നമ്മള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് രാജ്യത്തിന്റെ ഭാവിയെപ്പറ്റിയാണെന്നും അതില്‍ അഭിമാനിക്കുന്നെന്നുമാണ് താരം പറഞ്ഞത്. ജനങ്ങള്‍ അവരുടെ നിലപാട് പ്രകടമാക്കാന്‍ തെരുവിലേക്ക് എത്തുകയും ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്നത് പ്രധാനമാണെന്നും താരം പറഞ്ഞിരുന്നു.

ബിജെപി താരത്തെ മാര്‍ക്ക് ചെയ്തു വെച്ചെങ്കിലും ധീരമായ കാല്‍വെയ്പ്പ് നടത്തിയ ദീപികാ പദുക്കോണിനെ പിന്തുണച്ച് ബോളീവുഡും എത്തി.

നേരത്തേ തന്നെ ജെഎന്‍യു സമരത്തിന് പിന്തുണയുമായി എത്തിയ സ്വര ഭാസ്‌ക്കറും സംവിധായകന്‍ അനുരാഗ് കശ്യപും ഉള്‍പ്പെടെയുള്ളവര്‍ താരത്തിന് പിന്തുണയുമായി ട്വിറ്ററില്‍ എത്തിയിട്ടുണ്ട്.

ദീപികയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാനുള്ള ബിജെപി വക്താവ് താജീന്ദര്‍ പാല്‍ സിംഗ് ബാഗയുടെ ആഹ്വാനത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ നല്ല തല്ല് കിട്ടുന്നുണ്ട്.

ആസിഡ് ആക്രമണം നേരിട്ട യുവതിയുടെ വിജയം പറയുന്ന താരം നായികയായ ഛപ്പാക് ഈ മാസം തീയറ്ററില്‍ എത്താനിരിക്കുകയാണ്.

CLICK TO FOLLOW UKMALAYALEE.COM