ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ട്രിബ്യൂണലിലേക്ക് – UKMALAYALEE

ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ട്രിബ്യൂണലിലേക്ക്

Thursday 15 August 2019 1:51 AM UTC

കൊച്ചി  Aug 15: സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (സി.എ.ടി) ഹര്‍ജി നല്‍കും.

ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ െഹെക്കോടതി തള്ളിയ സാഹചര്യത്തിലാണിത്.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷിറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം അറസ്റ്റിലായത്.

നേരത്തേ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചതും ട്രിബ്യൂണലില്‍ ചൂണ്ടിക്കാട്ടും.

തനിക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. മനഃപൂര്‍വമല്ലാത്ത വാഹനാപകടമാണു സംഭവിച്ചത്.

താന്‍ മദ്യപിച്ചിരുന്നെന്നു സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടത്താത്തതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല.

അതിനാല്‍ സസ്‌പെന്‍ഷന്‍ അന്യായമായ നടപടിയാണെന്നും പ്രബേഷനുശേഷമുള്ള ആദ്യ നിയമനമാണു ചുമതലയേല്‍ക്കും മുമ്പു സസ്‌പെന്‍ഷന്‍ വഴി തടഞ്ഞതെന്നും ഹര്‍ജിയില്‍ പറയും.

സര്‍വേ ഡയറക്ടറായി ആദ്യനിയമനത്തിന്റെ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സേവന സംബന്ധമായ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ്ട്രിബ്യൂണല്‍.

CLICK TO FOLLOW UKMALAYALEE.COM