ജി.എസ്‌.ടി. നിരക്ക്‌ കൂട്ടുന്നു, ജനത്തിനു വിലക്കയറ്റം, സര്‍ക്കാരിന്‌ ഒരുലക്ഷം കോടി അധികവരുമാനം – UKMALAYALEE

ജി.എസ്‌.ടി. നിരക്ക്‌ കൂട്ടുന്നു, ജനത്തിനു വിലക്കയറ്റം, സര്‍ക്കാരിന്‌ ഒരുലക്ഷം കോടി അധികവരുമാനം

Monday 9 December 2019 4:56 AM UTC

ന്യൂഡല്‍ഹി Dec 9 : ജനത്തിന്‌ അമിതഭാരമേറ്റിയും സര്‍ക്കാരിന്‌ ഒരുലക്ഷം കോടി രൂപയുടെ അധികവരുമാനത്തിനു വഴിയൊരുക്കിയും ചരക്കുസേവനനികുതി(ജി.എസ്‌.ടി.) നിരക്കുകള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നു.

നിലവില്‍ നാലു സ്ലാബുകളിലായുള്ള ജി.എസ്‌.ടി. നിരക്ക്‌ മൂന്നാക്കി ചുരുക്കാനാണ്‌ നീക്കമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്‌തമാക്കി.

5%, 12%, 18%, 28% എന്നിങ്ങനെയാണ്‌ നിലവിലെ ജി.എസ്‌.ടി. സ്ലാബ്‌. അഞ്ചിന്റെ സ്ലാബ്‌ 9-10 ശതമാനവും 12ന്റെ സ്ലാബ്‌ 18 ശതമാനമാക്കുകയാണ്‌ ലക്ഷ്യം. അവശ്യസാധനങ്ങളടക്കമുള്ള 288 ഇനങ്ങളാണ്‌ ഏറ്റവും കുറഞ്ഞനിരക്കായ അഞ്ചിന്റെ സ്ലാബിലുള്ളത്‌.

ഇവ പത്തിലേക്കു മാറുന്നത്‌ വന്‍വിലക്കയറ്റത്തിനിടയാക്കും. 12% സ്ലാബില്‍ 243 ഉല്‍പന്നങ്ങളാണ്‌ ഉള്ളത്‌. ഇവയുടേയും വില കുതിച്ചുയരും. ഇതുവരെ ജി.എസ്‌.ടിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്ന ചില ഉല്‍പന്നങ്ങളെ നികുതിപരിധിയില്‍ കൊണ്ടുവരാനും ആലോചനയുണ്ട്‌.

ജി.എസ്‌.ടിയിലെ നിരക്കുകളില്‍ മാറ്റംവരുത്താനുള്ള അധികാരം ജി.എസ്‌.ടി. കൗണ്‍സിലിനാണ്‌. 17, 18 തിയതികളില്‍ നടക്കുന്ന നിര്‍ണായക ജി.എസ്‌.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 2017 ജൂലൈ ഒന്നിനാണ്‌ ജി.എസ്‌.ടി. നിലവില്‍ വന്നത്‌.

പിന്നീടു വ്യാപകപരാതിയെത്തുടര്‍ന്ന്‌ പലതവണയായി പല ഉല്‍പന്നങ്ങളുടെയും നികുതിനിരക്ക്‌ കുറച്ചിരുന്നു. നികുതി ഇളവിന്റെ കാലം കഴിഞ്ഞുവെന്ന വ്യക്‌തമായ സൂചനയാണ്‌ നിരക്ക്‌ പരിഷ്‌കരിക്കുമെന്ന ധനമന്ത്രിയുടെ തീരുമാനം നല്‍കുന്നത്‌.

നികുതിവരുമാനം ഉയര്‍ന്നാലുടന്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള ജി.എസ്‌.ടി. നഷ്‌ടപരിഹാരത്തുക നല്‍കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. നഷ്‌ടപരിഹാരം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരളമുള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ധനമന്ത്രിയെ കണ്ടിരുന്നു.

10% ആകുന്നവ (നിലവില്‍ 5%) 288 ഇനം. ആയിരം രൂപയില്‍ താഴെയുള്ള തുണിത്തരങ്ങള്‍, 500 രൂപയില്‍ താഴെയുള്ള പാദരക്ഷ, പായ്‌ക്കറ്റ്‌ ഭക്ഷണം, പാല്‍പ്പൊടി, തേയില, കാപ്പി, ബ്രഡ്‌ ഉത്‌പന്നങ്ങള്‍, മണ്ണെണ്ണ, മരുന്ന്‌, വളം, റെയില്‍വേ എക്കണോമി ക്ലാസ്‌ ടിക്കറ്റ്‌, വിമാനടിക്കറ്റ്‌, ഹോട്ടല്‍ ഭക്ഷണം.

18% ആകുന്നവ (നിലവില്‍ 12 %) 243 ഇനം. ആയുര്‍വേദമരുന്ന്‌, പാം ഓയില്‍, ഒലീവ്‌ ഓയില്‍, പീസ്‌ത, പായ്‌ക്ക്‌ ചെയ്‌ത മോര്‌, നെയ്‌, പല്‍പ്പൊടി, സില്‍ക്ക്‌, ലിനന്‍ വസ്‌ത്രങ്ങള്‍, ആയിരം രൂപയല്‍ കൂടുതലുള്ള തുണിത്തരങ്ങള്‍, പുരുഷന്മാരുടെ സ്യൂട്ടുകള്‍, വിനോദ സഞ്ചാര ബോട്ട്‌, ആഡംബരക്കപ്പല്‍ യാത്ര, കേറ്ററിങ്‌, വിനോദ സഞ്ചാര മേഖലയിലെ സേവനങ്ങള്‍, മൊബൈല്‍ ഫോണ്‍, ലോട്ടറി, പെയിന്റ്‌.
ജി.എസ്‌.ടിയിലേക്ക്‌.

പാല്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, വെണ്ണ, തേന്‍, ഉപ്പ്‌, ശര്‍ക്കര, ധാന്യവര്‍ഗങ്ങള്‍, മത്സ്യ-മാംസം, മുട്ട, മുദ്രപ്പത്രങ്ങള്‍, പത്രം, ചണം, കൈത്തറി വസ്‌ത്രം, ആയിരം രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍, മള്‍ട്ടി സ്‌പെഷാലിറ്റി സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സ.

ആദായനികുതി കുറച്ചേക്കും ന്യൂഡല്‍ഹി: അടുത്ത കേന്ദ്രബജറ്റില്‍ ആദായ നികുതിയില്‍ ഇളവു വരുത്തിയേക്കും. രാജ്യത്തെ ഉപഭോഗനിരക്ക്‌ ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആദായ നികുതി നിരക്കില്‍ ഇളവു വരുത്തുന്ന കാര്യം പരിഗണിക്കുമെന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ ന്യൂഡല്‍ഹിയില്‍ വ്യക്‌തമാക്കി. ഫെബ്രുവരിയിലാണ്‌ ബജറ്റ്‌.

CLICK TO FOLLOW UKMALAYALEE.COM