ജി.എസ്‌.ടിയില്‍ പിഴവ്‌ തുടരുന്നു: സി.എ.ജി. – UKMALAYALEE

ജി.എസ്‌.ടിയില്‍ പിഴവ്‌ തുടരുന്നു: സി.എ.ജി.

Friday 2 August 2019 7:40 AM UTC

കൊച്ചി: രണ്ടുവര്‍ഷം പിന്നിട്ടിട്ടും ചരക്കുസേവന നികുതി സംവിധാനം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ കേന്ദ്ര കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌.

സ്‌ഥാപനങ്ങള്‍ വാങ്ങല്‍ സംബന്ധിച്ച വിവരം തെറ്റായി രേഖപ്പെടുത്തി കൂടുതല്‍ തുക ഇളവ്‌ കാണിച്ച്‌ റിട്ടേണ്‍ ഫയല്‍ ചെയ്‌താലും നിലവിലെ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഇതു തടയാന്‍ സാധ്യമല്ലെന്നാണ്‌ സി.എ.ജി. രാജീവ്‌ മെഹര്‍ഷി വ്യക്‌തമാക്കുന്നത്‌.

ഈ സൗകര്യം മുതലെടുത്ത്‌ ജി.എസ്‌.ടിയില്‍ തട്ടിപ്പു തുടരുകയാണ്‌. വാങ്ങിയ വ്യക്‌തി അപ്‌ലോഡ്‌ ചെയ്യുന്ന ബില്ലും കച്ചവടം നടത്തുന്നയാള്‍ അപ്‌ലോഡ്‌ ചെയ്യുന്നതും തമ്മില്‍ താരതമ്യം ചെയ്‌ത്‌ തെറ്റുണ്ടെങ്കില്‍ സോഫ്‌റ്റ്‌വേര്‍ തന്നെ കണ്ടുപിടിക്കുമെന്നായിരുന്നു ജി.എസ്‌.ടി. സംവിധാനം നടപ്പിലാകുമ്പോള്‍ വ്യക്‌തമാക്കിയിരുന്നത്‌.

പക്ഷേ, അതു പരാജയമായി എന്നു റിപ്പോര്‍ട്ട്‌ പറയുന്നു.
ജി.എസ്‌.ടി. സോഫ്‌റ്റ്‌വേര്‍ വികസിപ്പിച്ചവരും ഇത്‌ ഉപയോഗിക്കുന്ന ഉദ്യോഗസ്‌ഥരും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനം സാധ്യമായിട്ടില്ല.

ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളുടെമേല്‍ നല്‍കുന്ന ജി.എസ്‌.ടി. കസ്‌റ്റംസ്‌ സംവിധാനവുമായി ബന്ധിപ്പിക്കാത്തതിനാല്‍ ഇതുസംബന്ധിച്ച്‌ കച്ചവടക്കാര്‍ക്ക്‌ എടുക്കുന്ന ക്രെഡിറ്റ്‌ ശരിയാണോ എന്ന്‌ പരിശോധിക്കുക പ്രയാസമാണ്‌.

ജി.എസ്‌.ടി. നടപ്പാക്കിയ ആദ്യവര്‍ഷമായ 2017-18ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം സേവനനികുതി ഇനത്തില്‍ കുറഞ്ഞു. പരോക്ഷനികുതി വളര്‍ച്ചാനിരക്ക്‌ 2016-17 ല്‍ 21.33 ശതമാനം ആയിരുന്നത്‌ 2017-18 ല്‍ 5.8 ശതമാനമായി കുറയുകയും ചെയ്‌തു.

മറ്റൊരു പ്രധാനകണ്ടെത്തല്‍ ജി.എസ്‌.ടി. സംവിധാനത്തില്‍ റിട്ടേണ്‍ ഫയലിങ്‌ ഏപ്രില്‍ 18 ഡിസംബര്‍ 18 കാലയളവില്‍ കുത്തനെ കുറഞ്ഞെന്നാണ്‌.

റിട്ടേണ്‍ ഫയലിങില്‍ മുടക്കം വരുത്തുന്നുവെന്നു കാട്ടി ജി.എസ്‌.ടി. വകുപ്പ്‌ നിരവധിപേര്‍ക്ക്‌ നോട്ടീസ്‌ അയക്കുന്നുണ്ട്‌്. ഇതിലേറെയും സോഫ്‌റ്റ്‌വേര്‍ പിഴവുമൂലമാണെന്ന്‌ ജി.എസ്‌.ടി. വിദഗ്‌ധര്‍ വ്യക്‌തമാക്കുന്നുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM