ജില്ലാ കമ്മറ്റി ഓഫീസിലുണ്ടെന്ന് പ്രതി അമ്മയോട് ഫോണില്‍ പറയുന്നത് കേട്ടുവെന്ന് ഡി.സി.പി – UKMALAYALEE

ജില്ലാ കമ്മറ്റി ഓഫീസിലുണ്ടെന്ന് പ്രതി അമ്മയോട് ഫോണില്‍ പറയുന്നത് കേട്ടുവെന്ന് ഡി.സി.പി

Monday 28 January 2019 12:42 PM UTC

തിരുവനന്തപുരം Jan 28: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയത് ഓഫീസില്‍ പ്രതികളുണ്ടെന്ന വിശ്വസനീയ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് ഡി.സി.പി ചൈത്ര തെരേസ ജോണ്‍.

ഡി.സി.പി തെരേസ ജോണ്‍ മജിസ്‌ട്രേറ്റിന് നല്‍കിയ സേര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന് പ്രതി അമ്മേയോട് ഫോണില്‍ വിളിച്ച് പറയുന്നത് കേട്ടുവെന്നാണ് ഡി.സി.പി പറയുന്നത്.

പരിശോധനാ ചട്ടങ്ങള്‍ പാലിച്ചിരുന്നു. പിന്നാലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡി.സി.പി പാര്‍ട്ടി ഓഫീസില്‍ കയറി പരിശോധന നടത്തിയതിനെതിരെ സി.പി.എം നേതൃത്വം രംഗത്ത് വന്നത് വിവാദമായിരിക്കെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്.

രാത്രിയില്‍ സി.പി.എം ഓഫീസ് റെയ്ഡ് ചെയ്ത് വാര്‍ത്ത സൃഷ്ടിക്കാനാണ് ഡി.സി.പി വന്നതെന്നാണ് സി.പി.എം നേതാക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടി ഓഫീസ് ക്രിമിനലുകളുടെ താവളമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡി.സി.പി ശ്രമിച്ചു.

നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പ് റെയ്ഡ് നടത്തിയത് മനഃപൂര്‍വമാണ്. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടിരുന്നു.

പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അന്വേഷിച്ചാണ് ഡി.സി.പി സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയത്.

ബുധനാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞത്. കേസിലെ പ്രധാനപ്രതി സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെന്നാണ് ഡി.സി.പിയുടെ വാദം.

CLICK TO FOLLOW UKMALAYALEE.COM