ജാതിവോട്ട്‌ പ്രചാരണം : എന്‍.എസ്‌.എസിന്‌ എതിരായ പരാതി: സി.പി.എം. പിന്മാറുന്നു – UKMALAYALEE

ജാതിവോട്ട്‌ പ്രചാരണം : എന്‍.എസ്‌.എസിന്‌ എതിരായ പരാതി: സി.പി.എം. പിന്മാറുന്നു

Thursday 28 November 2019 5:13 AM UTC

തിരുവനന്തപുരം Nov 28 : വട്ടിയൂര്‍ക്കാവ്‌ ഉപതെരഞ്ഞെടുപ്പില്‍ ജാതിപറഞ്ഞ്‌ വോട്ട്‌ ചോദിച്ചെന്നാരോപിച്ച്‌ എന്‍.എസ്‌.എസിനെതിരേ നല്‍കിയ പരാതിയില്‍നിന്നു സി.പി.എം. പിന്മാറുന്നു. ഇതോടെ, പരാതി സംബന്ധിച്ച അന്വേഷണം പോലീസും ഏറെക്കുറെ അവസാനിപ്പിച്ചു.

എന്നാല്‍, ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ടും ലഭിച്ചശേഷമേ കേസ്‌ അവസാനിപ്പിക്കൂവെന്ന നിലപാടിലാണു മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടീക്കാ റാം മീണ.

പരാതിക്കാര്‍ മൊഴി നല്‍കാന്‍പോലും തയാറായില്ലെന്നു വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ട്‌ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ, മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കു കൈമാറി.

സി.പി.എമ്മും സമസ്‌ത നായര്‍ സമാജവുമായിരുന്നു എന്‍.എസ്‌.എസിനെതിരായ കേസിലെ പരാതിക്കാര്‍. വട്ടിയൂര്‍ക്കാവിലെ പ്രചാരണവുമായി ബന്ധപ്പെട്ട്‌ ശക്‌തമായ നിലപാട്‌ സ്വീകരിച്ച സി.പി.എയും പരാതിയില്‍ തുടര്‍നടപടിക്കു തയാറായില്ല.

തെളിവുകളില്ലാത്ത സാഹചര്യത്തില്‍ തുടര്‍നടപടി അവസാനിപ്പിക്കണമെന്നാണു ഡി.ജി.പിയുടെ ശിപാര്‍ശ.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ശരിദൂരപ്രഖ്യാപനത്തേത്തുടര്‍ന്ന്‌, വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്‌.എസ്‌. താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യു.ഡി.എഫിനായി വീടുകയറി വോട്ട്‌ തേടിയെന്നായിരുന്നു ആരോപണം.

ഇതു സംബന്ധിച്ച പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഡി.ജി.പിയോടും ജില്ലാ കലക്‌ടറോടും അന്വേഷണ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ജില്ലാ കലക്‌ടര്‍ മുമ്പാകെ പരാതിക്കാരനായ കെ.സി. വിക്രമന്‍ പത്രവാര്‍ത്തകള്‍ ഹാജരാക്കിയെങ്കിലും തെളിവായി സ്വീകരിച്ചില്ലെന്നു സി.പി.എം. പറയുന്നു.

വട്ടിയൂര്‍ക്കാവില്‍ അട്ടിമറിവിജയം നേടിയ പശ്‌ചാത്തലത്തില്‍ എന്‍.എസ്‌.എസ്‌. നേതൃത്വത്തെ ഇനി പ്രകോപിപ്പിക്കേണ്ടെന്ന നിലപാടിലാണു സി.പി.എം. എന്നാണു സൂചന.

CLICK TO FOLLOW UKMALAYALEE.COM