ജാതിയും, മതവും, ജോലിയും മാത്രമല്ല വധൂവരന്മാരുടെ രോഗ വിവരങ്ങളും പരിഗണനയില്‍ – UKMALAYALEE

ജാതിയും, മതവും, ജോലിയും മാത്രമല്ല വധൂവരന്മാരുടെ രോഗ വിവരങ്ങളും പരിഗണനയില്‍

Monday 5 October 2020 9:42 PM UTC

ദുബായ് Oct 5: ജാതി, മതം, കുടുംബം, ജോലി എന്നിങ്ങനെയുള്ള നീണ്ട ലിസ്റ്റുകളോടൊപ്പം വരന്റേയും വധുവിന്റേയും ആരോഗ്യകാര്യങ്ങളും പരിശോധിക്കണമെന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയം. വിവാഹത്തിനു മുന്‍പു വരനും വധുവിനും ജനിതക -ലൈംഗിക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടോയെന്ന് പരിശോധിക്കുന്ന പദ്ധതിയുമായാണ് ആരോഗ്യമന്ത്രാലയം എത്തിയിരിക്കുന്നത്. പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഈ സൗകര്യം 25 കേന്ദ്രങ്ങളിലാണ് ഏര്‍പ്പെടുത്തുന്നത്.

പതിനെട്ടു വയസ്സിനു മുകളിലുള്ള യുവതീ- യുവാക്കള്‍ക്കാണ് പരിശോധനയെന്ന് ആരോഗ്യ മന്ത്രാലയം ഹെല്‍ത്ത് സെന്റേഴ്‌സ് ആന്‍ഡ് ക്ലിനിക്‌സ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബദല്‍ റഹ്‌മാന്‍ അല്‍ റാന്‍ദ് അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച പദ്ധതി നടപ്പാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തികഞ്ഞ ഗൗരവത്തോടും വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കിയുമാകും പരിശോധന നടത്തുന്നതും വിവരം അറിയിക്കുന്നതുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഡോ. ആയിഷ സുഹൈല്‍ വ്യക്തമാക്കി.

മൂന്നു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം നല്‍കും. റിപ്പോര്‍ട്ടിന് മൂന്നു മാസത്തെ കാലാവധിയുണ്ട്. തലസ്സീമിയ, അരിവാള്‍ രോഗം എന്നിവയും ലൈംഗിക രോഗപ്പകര്‍ച്ചയും തടയാനും ഇത് സഹായകമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എയ്ഡ്‌സ്, ഹെപ്പാറ്റൈറ്റിസ്, സിഫിലസ്, ജര്‍മന്‍ മീസില്‍സ് എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ഇതില്‍ ഉള്‍പ്പെടും. പരിശോധനയ്ക്കു ശേഷം സാക്ഷ്യപത്രവും നല്‍കും.

ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിലൂടെ സംഭവിക്കാവുന്ന ജനിത വൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയവ കണ്ടെത്താനും സാധിക്കും. ശരിയായ പരിശോധനയിലൂടെയും ആവശ്യമായ കൗണ്‍സലിങ് വഴിയും ദമ്പതികളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും.

CLICK TO FOLLOW UKMALAYALEE.COM