‘ജവാന്’ വീര്യം കൂടുതലെന്ന് പരിശോധന ഫലം; മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന മരവിപ്പിച്ചു – UKMALAYALEE

‘ജവാന്’ വീര്യം കൂടുതലെന്ന് പരിശോധന ഫലം; മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന മരവിപ്പിച്ചു

Wednesday 18 November 2020 9:50 PM UTC

തിരുവനന്തപുരം Nov 17: ജവാൻ മദ്യത്തിൽ വീര്യം കൂടുതലെന്ന് രാസപരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെ വിൽപന മരവിപ്പിക്കാൻ ഉത്തരവ്. ജൂലൈ 20ാം തിയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപനയാണ് അടിയന്തരമായി നിർത്തണമെന്ന് നിർദേശിച്ചിരിക്കുന്നത്. പരിശോധനയിൽ സെഡിമെന്റ്സ് (മട്ട്)അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റമ്മിന്റെ നിർമാതാക്കൾ.

ജൂലൈ 20ലെ 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്റെ വിൽപനയാണ് മരവിപ്പിച്ചത്. സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി. ഇതിനുപിന്നാലെയാണ് മൂന്ന് ബാച്ചുകളിലുംപെട്ട മദ്യത്തിന്റെ വിൽപന മരവിപ്പിക്കണമെന്ന് നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് നടപടിയെടുക്കാൻ എക്സൈസ് കമ്മിഷ്ണർ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് അറിയിപ്പ് നൽകി.

നേരത്തെ കോഴിക്കോട് മുക്കത്തെ ഒരു ബാര്‍ഹോട്ടലില്‍ വിറ്റ മദ്യം പരിശോധിച്ചപ്പോൾ അളവിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയിരുന്നു. മദ്യം കഴിച്ചതിന് ശേഷം ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മദ്യം വാങ്ങിയവർ എക്‌സൈസിൽ പരാതി നൽകി. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു. പരിശോധിച്ച സാമ്പിളിൽ നിർദ്ദേശിച്ച അളവിൽ കൂടുതൽ ഈതൈൽ ആൽകഹോൾ കണ്ടെത്തി.

CLICK TO FOLLOW UKMALAYALEE.COM