ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു; കുട്ടനാട്ടില്‍ 12 പാടശേഖരങ്ങളില്‍ മടവീണ്‌ കോടികളുടെ നഷ്‌ടം – UKMALAYALEE

ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു; കുട്ടനാട്ടില്‍ 12 പാടശേഖരങ്ങളില്‍ മടവീണ്‌ കോടികളുടെ നഷ്‌ടം

Monday 12 August 2019 2:35 AM UTC

ആലപ്പുഴ/കുട്ടനാട്‌ Aug 12: കുട്ടനാട്ടില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതോടെ രണ്ടാം കൃഷി ചെയ്‌തുവന്ന ആറ്‌ പാടശേഖരങ്ങളില്‍ ഇന്നലെ മടവീണു. നിരവധി പാടങ്ങള്‍ മടവീഴ്‌ച്ചാ ഭീഷണിയിലായി. ഏക്കറുകണക്കിന്‌ പാടങ്ങള്‍ മടവീണതോടെ കര്‍ഷകര്‍ക്ക്‌ കോടികളുടെ നഷ്‌ടം.
കൈനരിയില്‍ കനാകാശ്ശേരി പാടശേഖരത്തില്‍ ശനിയാഴ്‌ച രാത്രി 10.30 ന്‌ മടവീഴ്‌ചയുണ്ടായ തോടെ സമീപത്തെ വലിയകരി, മീനപ്പള്ളി, പാടങ്ങളും മുങ്ങി.

14, 15 വാര്‍ഡുകളിലായി കിടക്കുന്ന ഈ പാടശേഖരത്തിന്റ ഉള്ളിലും ബണ്ടുകളിലുമായി കഴിയുന്ന നൂറ്‌ കണക്കിന്‌ വീടുകള്‍ വെള്ളത്തിലായി.

പുളികുന്നിലെ വടക്കേക്കരി- മാടത്തന്‍കരി പാടശേഖരത്തിലെ മടവീണ്‌ 152 ഏക്കറിലെ കൃഷി നശിച്ചു. മണപ്പള്ളി, ചമ്പക്കുളത്തെ എഴുകാട്‌, മൂലപ്പളളിക്കട്‌, പടച്ചാല്‍, മൂലം പൊങ്ങംബ്ര, എന്നീ പാടശേഖരങ്ങളും കൈനകരിയിലെ മറ്റ്‌ പാടശേഖരങ്ങളും കവിഞ്ഞു കയറുകയാണ്‌.

ചമ്പക്കുളത്തെ 200 ഏക്കറുള്ള കാച്ചാം കോടം, 100 ഏക്കറുള്ള കട്ട ക്കുഴി പാടശേഖരവും ഇന്നലെ രാവിലെ മട വീണു. ആറ്റില്‍ നിന്നും തോടുകളില്‍ നിന്നുമുള്ള കവിഞ്ഞുകയറ്റം കൂടുതല്‍ ശക്‌തമായതിനെ തുടര്‍ന്ന്‌ കര്‍ഷകര്‍ പുറംബണ്ടുകള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്‌ .

പുളിങ്കുന്നിലെ താലൂക്കാശുപത്രി പരിസരം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന്‌ ഏറെ ബുദ്ധിമുട്ടിയാണ്‌ രോഗികള്‍ ഇവിടെ ചികിത്സക്കായി എത്തുന്നത്‌.

നീലംപേരൂര്‍ പഞ്ചായത്തിലെ എസ്‌.സി. കോളനികളായ മൂക്കോടി, മുണ്ടകപാടം, കരിക്കുഴി, വലടി, വെളിയനാട്‌ പഞ്ചായത്തിലെ കിട ങ്ങറ പുതുവല്‍ കോളനി പുളിങ്കുന്ന്‌ പഞ്ചായത്തിലെ ആറുപതിന്‍ചിറ കോളനി , രാമങ്കരി കുഴിക്കാല, വേഴപ്ര, മുട്ടാര്‍ പഞ്ചായത്തിലെ കുടിയനടി കോളനിയിലെ വീടുകളും വെള്ളത്തിലാണ്‌.

മിത്രമഠം, കണ്ണംമാലി കോളനികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്‌.
താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഇന്ന്‌ കൂടുതല്‍ കഞ്ഞിവീഴ്‌ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു.

ആലപ്പുഴ- ചങ്ങനാശേറി ബസ്‌ സര്‍വീസ്‌ ഭാഗികമായി നിലച്ചതോടെ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ കൂടുതല്‍ ബോട്ട്‌ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്‌. പ്രളയ ഭീതിയില്‍ സുരക്ഷിത സ്‌ഥാനം തേടി കൂടുതല്‍ ആള്‍ക്കാര്‍ ചങ്ങനാശേരിക്കും ആലപ്പുഴക്കും പോയി തുടങ്ങി.

കൈനകരിയില്‍ നിന്നും നിരവധി കുടുംബങ്ങളെ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

എടത്വാ കൃഷിഭവന്‍ പരിധിയില്‍പ്പെട്ട പച്ച അഷ്‌ടമം പാടത്ത്‌ കരകവിഞ്ഞ്‌ കൃഷിനശിച്ചു. തകഴി കൃഷിഭവന്‍ പരിധിയിലെ കേളമംഗലം തുണ്ടത്തിന്‍ വരമ്പിനകം പാടവും മടവീഴ്‌ചയില്‍ തകര്‍ന്നിരുന്നു.

110 ഏക്കര്‍ വിസ്‌തൃതിയുള്ള പാടത്ത്‌ വിതയിറക്കി 90 ദിവസം പിന്നിട്ടിരുന്നു. തായങ്കരി പുത്തന്‍വരമ്പിനകം പാടത്തും വെള്ളം കരകവിഞ്ഞ്‌ കയറി കൃഷിനശിച്ചു.

400 ഏക്കര്‍ വിസ്‌തൃതിയുള്ള പാടമായിരുന്നു ഇത്‌. വിതയിറക്കി 45 ദിവസം പിന്നിട്ടിരുന്നു.

CLICK TO FOLLOW UKMALAYALEE.COM