ജയിച്ചാല്‍ കുമ്മനം കേന്ദ്രമന്ത്രിയെന്നു വാഗ്‌ദാനം; എന്തുവില കൊടുത്തും കുമ്മനത്തെ വിജയിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത് ആര്‍.എസ്‌.എസ്‌ – UKMALAYALEE

ജയിച്ചാല്‍ കുമ്മനം കേന്ദ്രമന്ത്രിയെന്നു വാഗ്‌ദാനം; എന്തുവില കൊടുത്തും കുമ്മനത്തെ വിജയിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത് ആര്‍.എസ്‌.എസ്‌

Tuesday 12 March 2019 3:18 AM UTC

തിരുവനന്തപുരം March 12: ബി.ജെ.പി. അധികാരത്തിലെത്തുകയും തിരുവനന്തപുരത്ത്‌ കുമ്മനം രാജശേഖരന്‍ വിജയിക്കുകയും ചെയ്‌താല്‍ കേരളത്തിനൊരു ക്യാബിനറ്റ്‌ മന്ത്രിയെ ലഭിക്കുമെന്നു ബി.ജെ.പിയുടെ വാഗ്‌ദാനം.

ഭരണത്തുടര്‍ച്ചയുണ്ടാവുകയും കുമ്മനം ജയിക്കുകയും ചെയ്‌താല്‍ കുമ്മനത്തെ കാത്തിരിക്കുന്നത്‌ കേന്ദ്രമന്ത്രിപദമെന്ന പ്രചാരണമാണ്‌ തിരുവനന്തപുരത്ത്‌ ബി.ജെ.പിയുടെ തുറുപ്പുചീട്ട്‌.

ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി ദേശീയാധ്യഷന്‍ അമിത്‌ഷായും ആര്‍.എസ്‌.എസ്‌ സംസ്‌ഥാന-ദേശീയ നേതൃത്വത്തിന്‌ ഉറപ്പു നല്‍കിയെന്നും വിവരമുണ്ട്‌.

അതുകൊണ്ടു തന്നെ എന്തുവില കൊടുത്തും തിരുവനന്തപുരത്ത്‌ കുമ്മനത്തെ വിജയിപ്പിക്കാനുള്ള ചുമതല ആര്‍.എസ്‌.എസ്‌ നേരിട്ട്‌ ഏറ്റെടുത്തു. തിരുവനന്തപുരം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകമ്മറ്റികളും ആര്‍.എസ്‌.എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

ശക്‌തമായ ത്രികോണമത്സരം നടക്കുമെന്നു വ്യക്‌തമായ തിരുവനന്തപുരം മണ്ഡലം ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

തിരുവനന്തപുരത്ത്‌ ഇക്കുറി താമര വിരിയുമെന്നാണു സ്വകാര്യ ഏജന്‍സി വഴി ബി.ജെ.പി ദേശീയ തലത്തില്‍ നടത്തിയ രഹസ്യ സര്‍വേയില്‍ പറയുന്നത്‌.

ഹിന്ദു ഐക്യവേദി സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച കുമ്മനം, ബി.ജെ.പിക്ക്‌ ഇത്രയേറെ സ്വാധീനം ഉണ്ടാകാതിരുന്ന കാലത്തുപോലും രണ്ടാമതെത്തിയത്‌ അദ്ദേഹത്തിന്റെ വ്യക്‌തിപ്രഭാവം കൊണ്ടു മാത്രമാണെന്നുതും ബി.ജെ.പിക്കു പ്രതീക്ഷ നല്‍കുന്നു.

തിരുവനന്തപുരത്ത്‌ കുമ്മനത്തെക്കാള്‍ നല്ലാരു സ്‌ഥാനാര്‍ഥി വേറെയില്ലെന്നും അമിത്‌ഷാ തന്നെയാണ്‌ ബി.ജെ.പി നേതൃയോഗത്തില്‍ അറിയിച്ചത്‌. ഇക്കാര്യം ആര്‍.എസ്‌.എസിനെ അറിയിക്കുകയും അവരുടെ അനുവാദത്തോടെയാണ്‌ അദ്ദേഹത്തെ വീണ്ടും തിരുവനന്തപുരത്തേക്ക്‌ കൊണ്ടുവന്നതും.

മോഹന്‍ലാല്‍, സുരേഷ്‌ ഗോപി ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒടുവില്‍ തിരുവനന്തപുരത്ത്‌ താമര വിരിയിക്കാനുള്ള നിയോഗം കുമ്മനത്തെ ഏല്‍പ്പിക്കുയായിരുന്നു.

ബി.ജെ.പിക്ക്‌ ശക്‌തമായ അടിത്തറയുള്ള മണ്ഡലമാണ്‌ തിരുവനന്തപുരം. മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളില്‍ എണ്‍പതിലധികം.

കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ ഒറ്റയ്‌ക്ക്‌ ഭരിക്കുന്നത്‌ ബി.ജെ.പിയാണ്‌. തിരുവനന്തപുരം കോര്‍പറേഷനിലും ബി.ജെ.പി. നിര്‍ണായക ശക്‌തിയാണ്‌.

സംസ്‌ഥാനത്ത്‌ ശബരിമല സമരം കൊടുമ്പിരികൊണ്ടിരുന്നപ്പോള്‍ തന്നെ, തനിക്ക്‌ ഗവര്‍ണര്‍ പദവി ഒഴിയണം എന്ന്‌ പഴയ നിലയ്‌ക്കല്‍ സമര നായകന്‍ കൂടിയായ കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതാണ്‌.

പാര്‍ട്ടി സംസ്‌ഥാന പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ കുമ്മനെത്ത മാറ്റി പി.എസ്‌. ശ്രീധരന്‍പിള്ളയെ കൊണ്ടുവന്നെങ്കിലും അതിന്‌ ഉദേശിച്ച ഫലം ലഭിച്ചില്ലെന്ന്‌ ബി.ജെ.പി. ദേശീയ നേതൃത്വം തന്നെ വിലയിരുത്തുന്നു. ശബരിമല സമരത്തെ വിജയിപ്പിക്കാനും പിള്ളയ്‌ക്ക്‌ ആയില്ലെന്ന്‌ ആര്‍.എസ്‌.എസും ബി.ജെ.പിയെ വിലയിരുത്തി.

തിരുവനന്തപുരത്ത്‌ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന്‌ നേതൃത്വത്തെ അറിയിച്ച ശ്രീധരന്‍പിള്ള, പക്ഷേ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെടുമെന്ന സൂചനയാണ്‌ സര്‍വേ നടത്തിയ ഏജന്‍സി നല്‍കിയത്‌.

രാഷ്‌ട്രീയക്കാരനെതിലുപരി വ്യക്തിപരമായ സവിശേഷതകളാണ്‌ കുമ്മനത്തെ മണ്ഡലത്തില്‍ ശ്രദ്ധേയനാക്കുന്നത്‌. തിരുവനന്തപുരത്ത്‌ പ്രമാണിത്വമുള്ള ലത്തീന്‍, മലങ്കര, സി.എസ്‌.ഐ. സഭകളുമായി അടുത്ത ബന്ധം കുമ്മനത്തിനുണ്ട്‌. സഭകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിനിടയിലെ പാലമാണു കുമ്മനം.

എന്‍.എസ്‌. എസുമായും എസ്‌.എന്‍.ഡി.പിയുമായും കുമ്മനത്തിന്‌ അടുത്ത ബന്ധമാണുള്ളത്‌. വി.എസ്‌.ഡിപിയുമായി ഉള്ള അടുത്തബന്ധത്തിലൂടെ നാടാര്‍ വോട്ടും ബി.ജെ.പി. പ്രതീക്ഷിക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM