ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി – UKMALAYALEE

ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി

Wednesday 11 December 2019 5:56 AM UTC

തിരുവനന്തപുരം Dec 11: പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ-ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യക്കാരായ എല്ലാവര്‍ക്കും മതത്തിന്റെയോ ജാതിയുടെയും ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ ലിംഗഭേദത്തിന്റെയോ തൊഴിലിന്റെയോ ഒന്നും ഭേദവിചാരങ്ങളില്ലാതെ ഇന്ത്യന്‍ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആ ഉറപ്പാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്നതും പരിഗണിക്കുന്നതും ഭരരണഘടനയെ നിരസിക്കലാണ്. ജനങ്ങളെ വര്‍ഗീയാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യന്‍ സമൂഹത്തിന്റെ മതനിരപേക്ഷമായ ഐക്യത്തെ ചോര്‍ത്തിക്കളയുന്നതാണ് അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ ബില്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പെടുക്കാനുള്ള സംഘപരിവാര്‍ താല്‍പ്പര്യമാണ് ഈ ഭേദഗതി ബില്ലിന്റെ അടിസ്ഥാനമെന്നും ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലികാവകാശങ്ങളും എല്ലാം ലംഘിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ മുസ്ലീങ്ങളെ ഒഴിച്ചുനിര്‍ത്തുകയാണ്. മനുഷ്യരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച് ചിലര്‍ക്ക് മാത്രം അവകാശങ്ങള്‍ നിഷേധിക്കുന്നത് സാമൂഹ്യനീതിയുടെ തന്നെ നിഷേധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM