ജഗതിയുടെ തിരിച്ചുവരവ്: ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും – UKMALAYALEE

ജഗതിയുടെ തിരിച്ചുവരവ്: ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

Wednesday 29 May 2019 2:06 AM UTC

കൊച്ചി May 29: ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കുള്ള ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ് ആഘോഷമാക്കി താരരാജാക്കന്മാര്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സാക്ഷിയാക്കിയാണ് ചിരിയുടെ തമ്പുരാന്‍ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. ജഗതി അഭിനയിച്ച പരസ്യ ചിത്രത്തിന്റെ റിലീസ് ചടങ്ങിനാണ് സൂപ്പര്‍താരങ്ങള്‍ എത്തിയത്.

കാറപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ജഗതി സിനിമയില്‍ നിന്നു നിന്നു മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നെന്ന വാര്‍ത്ത പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഈ പരസ്യമാണ് മമ്മൂട്ടിയും മോഹന്‍ലാലും കൂടിച്ചേര്‍ന്ന് റിലീസ് ചെയ്തത്. അതിനോടൊപ്പം ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഒഫീഷ്യല്‍ ലോഞ്ചിങ്ങും നടന്നു.

പൊട്ടിച്ചിരി മാത്രമായിരുന്നില്ല, എല്ലാ വികാരങ്ങളുടേയും വിളനിലമായിരുന്നു ജഗതിയെന്ന് മമ്മൂട്ട പറഞ്ഞു. അപകടത്തില്‍പ്പെട്ട് ജഗതി നിശബ്ദനായത് നമുക്കെല്ലാം സംങ്കടകരമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് നമ്മളെല്ലാം കാത്തിരുന്നതാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ജഗതി എന്നാല്‍ എന്നും എന്റര്‍ടെയ്‌നറായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഒരുകാലത്തും മലയാളികളുടെ മനസ്സില്‍ നിന്നും മായില്ല.

അമ്പിളിച്ചേട്ടന്‍ അഭിനയിച്ചിട്ട് ഏഴു വര്‍ഷമായെങ്കിലും ഇന്നും ജനങ്ങള്‍ എല്ലാ ദിവസവും അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജഗതിയുടെ തിരിച്ചു വരവ് ആഘോഷമാക്കാന്‍ ചടങ്ങില്‍ വലിയ താരനിരതന്നെ എത്തിയിരുന്നു. മനോജ് കെ ജയന്‍, കെ.പി.എ.സി ലളിത, വിനീത്, പ്രേംകുമാര്‍, സായിക്കുമാര്‍, ബിന്ദു പണിക്കര്‍, രമേഷ് പിഷാരഡി, മാമുക്കോയ, തുടങ്ങിയ താരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.

CLICK TO FOLLOW UKMALAYALEE.COM