ചൈന സാധാരണ നിലയിലേക്ക്, വുഹാനില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ല – UKMALAYALEE

ചൈന സാധാരണ നിലയിലേക്ക്, വുഹാനില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ല

Friday 20 March 2020 2:03 AM UTC

ബീജിംഗ് March 20: ലോകം മുഴുവന്‍ കോവിഡിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ കോവിഡിനെ പുറത്താക്കുന്ന ജോലികള്‍ ചൈനയില്‍ പുരോഗമിക്കുകയാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മാര്‍ച്ച് അവസാനത്തോടെ പൂര്‍ണ്ണമായും കോവിഡിന്റെ പിടിയില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാമെന്നാണ് ചൈന കരുതുന്നത്. എന്നാല്‍ പുറത്തുനിന്നും വരുന്നവര്‍ക്ക് രോഗം കണ്ടെത്തുന്നതാണ് നേരിടുന്ന പ്രതിസന്ധിയെന്നാണ് പറയുന്നത്.

ബുധനാഴ്ച പുറത്ത് നിന്നും വന്നവരില്‍ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബീജിംഗില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഷംഗ്ഹായിയിലാണ് രണ്ടു രോഗികള്‍. ഒമ്പതു കേസുകള്‍ ഗുംഗ്‌ഡോംഗ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെയ്‌ലോംഗ്ജിയാംഗ്, സിച്ചുവാന്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ദിവസവും ചൈനീസ് നഗരത്തിലൂടെ 20,000 ലധികം വിദേശികളാണ് പറക്കുന്നത്. ഇതോടെ വിദേശത്ത് നിന്നും എത്തുന്നവര്‍ താമസ ഇടങ്ങളില്‍ 14 ദിവസത്തേക്ക് ക്വാറന്റൈന് വിധേയമാകാന്‍ ചൈന നിര്‍ദേശിച്ചിട്ടുണ്ട്.

നിവലില്‍ ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം 189 ആണ്. എന്നാല്‍ വുഹാനില്‍ നിന്നും ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ജനുവരി 23 ന് 11 ദശലക്ഷം പേരാണ് വുഹാനില്‍ കര്‍ശന ക്വാറന്റൈന് വിധേയമായത്.

ഹുബേ പ്രവിശ്യയില്‍ 40 ദശലക്ഷം പേര്‍ വരും ദിവസങ്ങളില്‍ കടുത്ത നിയന്ത്രണത്തിന് കീഴിലാകും. ബുധനാഴ്ച ഇവിടെ എട്ടു പേര്‍ കൂടി മരണമടഞ്ഞ സാഹചര്യത്തിലാണ് ഇത്. ഹുബെയില്‍ മൊത്തം മരണമടഞ്ഞവരുടെ എണ്ണം 3,245 ആയിരുന്നു.

ഹുബേയിലെ അതിര്‍ത്തി അടയ്ക്കുമെന്നും പൂര്‍ണ്ണമായും ആരോഗ്യവാന്മാരായവരെയെ ജോലിക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മറ്റ് പ്രവിശ്യയിലേക്ക് പോകാന്‍ അനുവദിക്കു എന്നുമാണ് വിവരം.

രാജ്യത്ത് സ്ഥിതിഗതികള്‍ മെല്ലെമെല്ല സാധാരണ നിലയിലേക്ക വന്നു കൊണ്ടിരിക്കുകയാണ്. ആള്‍ക്കാര്‍ ഫാക്ടറികളിലേക്കും മറ്റും ജോലിക്ക് പോയി തുടങ്ങി. ചില മേഖലകളില്‍ സ്‌കൂളുകള്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം എന്നതടക്കം കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 1 നാണ് ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടത്. ജനുവരി 9 നായിരുന്നു കൊറോണാ ബാധ സ്ഥിരീകരിച്ചത്. രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ 1000 പേരെ ചികിത്സിക്കാവുന്ന ആശുപത്രി വരെ നിര്‍മ്മിച്ചാണ് ചൈന രോഗത്തെ നിയന്ത്രിച്ചത്.

വൈറസ് ചൈന ലാബില്‍ നിര്‍മ്മിച്ചെടുത്ത ജൈവായുധമാണ് എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വരെ ഉണ്ടായി. എന്നാല്‍ സ്ഥിരീകരിക്കപ്പെട്ടില്ല. വൈറസിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഇറ്റലിയില്‍ കൊറോണ മരണനിരക്ക് 3000 കടന്നിരിക്കുകയാണ്.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും ഉണ്ടാകുന്ന ഈ വര്‍ദ്ധന ചൈനയിലേതിനേക്കാള്‍ മുകളിലേക്ക് ഉയരുമെന്നാണ് കരുതുന്നത്.

CLICK TO FOLLOW UKMALAYALEE.COM