ചാലക്കുടിയില്‍ പറ്റിയ ആളെ കിട്ടിയിട്ടില്ല ; ഇന്നസെന്റിനെ വീണ്ടും പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നു – UKMALAYALEE
foto

ചാലക്കുടിയില്‍ പറ്റിയ ആളെ കിട്ടിയിട്ടില്ല ; ഇന്നസെന്റിനെ വീണ്ടും പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നു

Tuesday 5 February 2019 2:20 AM UTC

തൃശൂര്‍ Feb 5: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിനിമാതാരത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും പരീക്ഷിക്കാന്‍ ഇടതുമുന്നണി തയ്യാറെടുക്കുന്നു.

ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല എന്ന് നേരത്തേ തന്നെ വ്യക്തമാക്കിയ ഇന്നസെന്റിനെ അനുനയിപ്പിക്കാനും കൂടുതല്‍ സമ്മര്‍ദ്ദപ്പെടുത്താനും നീക്കങ്ങള്‍ അണിയറയില്‍ ശക്തമാണെന്നാണ് സൂചന.

കഴിഞ്ഞ തവണ കരുത്തനായ പി.സി. ചാക്കോയെ പരാജയപ്പെടുത്തിയ ഇന്നസെന്റിനെ പോലെ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ വീണ്ടും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് ഇപ്പോള്‍ ചാലക്കുടി മണ്ഡലത്തിന്റെ കാര്യത്തില്‍ സിപിഎം നേരിടുന്നത്.

അതുകൊണ്ടു ഇന്നസെന്റിനെ തന്നെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കാനാകുമോ എന്ന ആലോചനയിലാണ് സിപിഎം. മികച്ച മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നസെന്റിനെ തന്നെ ഒരിക്കല്‍ കൂടി ഇറക്കാന്‍ സിപിഎം നിര്‍ബ്ബന്ധിതമാകും.

ഇന്നസെന്റിനെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ നീക്കം തുടങ്ങിയിരിക്കുകയാണ് സിപിഎം.

ലോക്‌സഭയിലേക്ക് സിപിഎം പരീക്ഷിച്ച രണ്ടാമത്തെ സിനിമാതാരമായിരുന്നു ഇന്നസെന്റ്. അന്തരിച്ച പ്രമുഖ നടന്‍ മുരളിയെ 1999 തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം ഇറക്കിയെങ്കിലും വി എം സുധീരനോട് തോറ്റിരുന്നു.

അതിന് ശേഷം കഴിഞ്ഞ തവണ ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനായി ഇറക്കിയ ഇന്നസെന്റ് വന്‍ വിജയമാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റ് എന്ന നിലയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി സീറ്റ് പിടിച്ചുവാങ്ങിയ പി സി ചാക്കോയെ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇന്നസെന്റ് മറികടന്നത്.

സിനിമയിലെ തമാശക്കാരന്‍ എന്ന പരിവേഷത്തോടെ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ ഇന്നസെന്റ് പിന്നീട് ഗൗരവതരമായ വിഷയങ്ങള്‍ നിറഞ്ഞ സരസമായ പ്രസംഗ ശൈലിയിലൂടെ മണ്ഡലം അതിവേഗം കയ്യടക്കി.

ഇന്നസെന്റിനെ പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ചാലക്കുടിയില്‍ സിപിഎമ്മിന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

മലയാളസിനിമയില്‍ 300 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മൂന്ന് തവണ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. 15 വര്‍ഷത്തോളം സിനിമാക്കാരുടെ സംഘടനയുടെ അദ്ധ്യക്ഷനായുള്ള പ്രവര്‍ത്തിപരിചയവും ഇന്നസെന്റിനുണ്ട്.

CLICK TO FOLLOW UKMALAYALEE.COM