‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’അഡ്മിന്‍ വിദേശത്തേക്കു കടന്നു – UKMALAYALEE

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’അഡ്മിന്‍ വിദേശത്തേക്കു കടന്നു

Monday 16 July 2018 1:34 PM UTC

തിരുവനന്തപുരം July 16 : ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാര്‍ പോലീസിനേയും എക്സൈസിനേയും വെട്ടിച്ച് വിദേശത്തേക്കു കടന്നു.

മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പോലീസും എക്സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജി.എന്‍.പി.സി എന്ന് അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു.

ജി.എന്‍.പി.സി എന്ന കൂട്ടായ്മയ്ക്കു സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ജി.എന്‍.പി.സി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്തു ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

ജി.എന്‍.പി.സിക്കെതിരേ പോലീസും എക്സൈസും പ്രത്യേകം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അജിത്കുമാര്‍ രാജ്യം വിട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

പോലീസും എക്സൈസും വളരെ ലാഘവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്തതെന്ന ആക്ഷേപമുണ്ട്.

ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇതില്‍ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. വിദേശ മദ്യകമ്പനികളുമായി അടുത്ത ബന്ധമാണ് ജി.എന്‍.പി.സിക്കുളളതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിനു രാജ്യം വിടാനുളള സൗകര്യമൊരുക്കിക്കൊടുത്തതു പ്രമുഖ വിദേശ മദ്യകമ്പനികളാണെന്നാണ് എക്സൈസിന്റെ സംശയം.

ഇതേത്തുടര്‍ന്ന് ആ കമ്പനിയിലെ പ്രമുഖരെ ചോദ്യം ചെയ്യാനുളള ഒരുക്കത്തിലാണ് എക്സൈസും പോലീസും. അഡ്മിന്‍ അജിത്കുമാറിന്റെ ഭാര്യ വിനിതയ്ക്കെതിരേ എക്സൈസ് കേസെടുത്തിട്ടുണ്ട്.

മദ്യവില്‍പനയ്ക്കു പ്രോത്സാഹനം നല്‍കുന്നതരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 78, ശവക്കല്ലറയുടെ പുറത്തിരുന്നു മദ്യപിച്ച് മതസ്പര്‍ധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷത്തോടെ പ്രവര്‍ത്തിച്ചതിനു ഇന്ത്യന്‍ ശിക്ഷാനിയമം 153, പൊതുസ്ഥലത്തുളള മദ്യപാനത്തിനു കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് ഇയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.

CLICK TO FOLLOW UKMALAYALEE.COM