ഗിരീഷിന്റെയും ബൈജുവിന്റെയും വേര്‍പാടില്‍ നൊന്ത് സഹപ്രവര്‍ത്തകര്‍ ; യാത്രക്കാരെ കുടുംബാംഗങ്ങളായി കരുതിയ ജീവനക്കാര്‍…!! – UKMALAYALEE

ഗിരീഷിന്റെയും ബൈജുവിന്റെയും വേര്‍പാടില്‍ നൊന്ത് സഹപ്രവര്‍ത്തകര്‍ ; യാത്രക്കാരെ കുടുംബാംഗങ്ങളായി കരുതിയ ജീവനക്കാര്‍…!!

Friday 21 February 2020 7:14 AM UTC

കൊച്ചി Feb 21: തിരുപ്പൂരില്‍ നടന്ന അപകടത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബിജുവിനെയും ഗിരീഷിനെയും നഷ്ടമായതില്‍ ഉള്ള് പൊള്ളുന്ന വിങ്ങലുമായി സഹപ്രവര്‍ത്തകര്‍. മികച്ച പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്ആര്‍ടിസി എംഡി ആദരിച്ച കെഎസ്ആര്‍ടിസിയുടെ മനുഷ്യത്വത്തിന്റെ മുഖമായി ഒരിക്കല്‍ മാറുകയും ചെയ്ത രണ്ടു ജീവനക്കാരെയാണ് തിരപ്പൂര്‍ അവിനാശിയില്‍ നടന്ന അപകടത്തില്‍ മരണം കൂട്ടിക്കൊണ്ടു പോയത്.

യാത്രക്കാരിയായ അപസ്മാര രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്, രോഗിക്ക് ബന്ധുക്കള്‍ എത്തുന്നത് വരെ കൂട്ടിരുന്നത്, പ്രളയകാലത്ത് ബാംഗ്‌ളൂരിലെ മലയാളികള്‍ക്ക് സഹായം എത്തിച്ചത്. അങ്ങിനെ നീളുന്നു ഇരുവരുടേയും ഗുണഗണങ്ങള്‍.

കെഎസ്ആര്‍ടിസിയുടെ മാനുഷിക മൂല്യങ്ങളുടെ മാതൃകയായി ഇരുവരും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് 2018 ജൂണ്‍ 3 ന് നടന്ന ഒരു സംഭവത്തെക്കുറിച്ച് പുറത്തു വന്ന ഒരു ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെയായിരുന്നു.

അപസ്മാരം ബാധിച്ച ഒരു യാത്രക്കാരിയെ വണ്ടി തിരിച്ചുവിട്ട് ഇവര്‍ ആശുപത്രിയില്‍ എത്തിച്ചതും ബന്ധുക്കള്‍ എത്തി മറ്റൊരാശുപത്രിയിലേക്ക് മാറ്റും വരെ കൂട്ടിരുന്നതുമെല്ലാം ചര്‍ച്ചയായി. കെ എസ് ആര്‍ടിസി ജീവനക്കാര്‍ മോശമായ പെരുമാറ്റത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ എറണാകുളം ബാംഗ്‌ളൂര്‍ വോള്‍വോയില്‍ ഉണ്ടായ സംഭവത്തെ കുറിച്ച് കുറിച്ചത് ബസിലെ യാത്രക്കാരി ആയിരുന്ന ഡോ. കവിതാ വാര്യര്‍ ആയിരുന്നു.

കുറിപ്പ് ഇങ്ങിനെ പോകുന്നു.
ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് കെഎസ്ആര്‍ടിസി ബസ് തിരികെ ഓടി.!!! ഈ മാസം മൂന്നാം തീയതി (03/06/2018)ആണ് ഡോക്ടര്‍ കവിത വാര്യര്‍ എറണാകുളം ബാംഗ്ലൂര്‍ വോള്‍വോയില്‍ തൃശൂര്‍നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത്.

വഴിക്കു വച്ച് ഇവര്‍ക്ക് ഫിറ്റ്‌സ് വരികയും ബസ് ജീവനക്കാരന്‍ സഹായിക്കുകയും ചെയ്തതാണ് സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ നന്മകളാണ് നാം ഇപ്പോള്‍ കുറച്ചുനാളായി വാര്‍ത്തകളില്‍ കാണുന്നത്. അതിലുമേറെയായി ഒരു ജീവന്‍ രക്ഷിക്കുവാന്‍ മുന്‍കൈ എടുത്ത ജീവനക്കാരുടെ വിശേഷങ്ങളാണ് ഇനി പറയുവാന്‍ പോകുന്നത്.

ബസിലെ ജീവനക്കാരന്‍ ആയ ബൈജു വാളകത്തില്‍ പറയുന്നതിങ്ങനെ ”ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ചോദിച്ചു.

കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു യാത്രക്കാരിക്ക് ഫിറ്റ്‌സ് ആണത്രെ. ഞാന്‍ താക്കോല്‍ നല്‍കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു ‘ചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവണ്ടി വരും.’ ബാക്കി യാത്രക്കാരും ഒന്നായി പറഞ്ഞു: അതേ അതാണ് വേണ്ടത്.

അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തശേഷം ബാംഗ്ലൂര്‍ ഐസിയെ ഇന്‍ഫോം ചെയ്തു. വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നു നിര്‍ദേശം ലഭിച്ചു.

തൃശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനെ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു. ‘സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണേല്‍ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം.’ ‘അതൊന്നും ഇപ്പോള്‍ നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്റെ കാര്യം അല്ലേ ..!’ എന്ന് ബെന്നി സാര്‍ പറഞ്ഞു.

ഡോക്ടര്‍ കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്‌മെന്റ് നടപടികളും ആയി മുന്നോട്ട് പോകുവാന്‍ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ഹോസ്പിറ്റലിന് റിസ്‌ക്ക് ഏറ്റെടുക്കാന്‍ പറ്റില്ലത്രേ.

ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബൈജു പറഞ്ഞു ‘ഇവരുടെ ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം.’ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കു മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിര്‍ദേശം ലഭിച്ചു..!

അങ്ങനെ ബൈജു ഹോസ്പിറ്റലില്‍ നിന്നു. ബസിലെ മറ്റു യാത്രക്കാരും ആയി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാം ൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും യാത്രക്കാരിയുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി.

ബൈജുവിനെ അവര്‍ ഹൊസുര്‍ റെയില്‍വേ സ്റ്റഷനില്‍ ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാം ൂര്‍ പീനിയയിലേക്ക് പുറപ്പെട്ടു.! നന്മയുടെ കരം നീട്ടിയ ഗിരീഷ്, ബൈജു ഒരായിരം അഭിനന്ദനങ്ങള്‍…

ഇവര്‍ ജീവനക്കാരായുള്ള ബസില്‍ കയറുന്നവര്‍ക്ക് ഇരുവരും വെറും ഡ്രൈവറും കണ്ടക്ടര്‍മാരും ആയിരുന്നില്ല. കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു. ഒരു തവണ യാത്ര ചെയ്തവര്‍ പോലും ഇവരെ മറക്കില്ല. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എതിരേ വന്ന കണ്ടയ്‌നര്‍ ലോറി പാഞ്ഞുകയറി ബസ് അപകടത്തില്‍ പെട്ടത്.

ബസിന്റെ വലതുവശം മുഴുവന്‍ പൂര്‍ണ്ണമായും തകര്‍ന്ന സംഭവത്തില്‍ 20 പേരാണ് മരണമടഞ്ഞത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങിയതിന്റെ 82 ാം പിറന്നാള്‍ ദിനത്തിലാണ് ഏറ്റവും മികച്ച ജീവനക്കാരില്‍ പെടുന്നവരെ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടമായതും. ബസിന്റെ വലതുഭാഗത്ത് ഇരുന്ന യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്.

CLICK TO FOLLOW UKMALAYALEE.COM