ഖാദി ബോര്‍ഡിനെതിരേ 50 കോടിയുടെ മാനനഷ്‌ട നോട്ടീസയച്ച്‌ മോഹന്‍ലാല്‍ – UKMALAYALEE
foto

ഖാദി ബോര്‍ഡിനെതിരേ 50 കോടിയുടെ മാനനഷ്‌ട നോട്ടീസയച്ച്‌ മോഹന്‍ലാല്‍

Friday 15 February 2019 1:52 AM UTC

തിരുവനന്തപുരം  Feb 15: സംസ്‌ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‌ 50 കോടി രൂപയുടെ മാനനഷ്‌ടക്കേസ്‌ നോട്ടീസയച്ച്‌ നടന്‍ മോഹന്‍ലാല്‍. വില കുറഞ്ഞ പ്രശസ്‌തിക്കുവേണ്ടി ബോര്‍ഡും ഉപാധ്യക്ഷ ശോഭനാ ജോര്‍ജും തന്നെ അപമാനിച്ചെന്നു നോട്ടീസില്‍ ആരോപിക്കുന്നു.

ഖാദി ബോര്‍ഡ്‌ വിറ്റാല്‍പോലും 50 കോടി രൂപ കിട്ടില്ലെന്നും കേസ്‌ നിയമപരമായി നേരിടുമെന്നും തിരിച്ചടിച്ച്‌ ശോഭനാ ജോര്‍ജ്‌.

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച്‌, പ്രമുഖ വസ്‌ത്രനിര്‍മാണക്കമ്പനിയുടെ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനു മോഹന്‍ലാലിനും കമ്പനിക്കും ബോര്‍ഡ്‌ നേരത്തേ നോട്ടീസ്‌ അയച്ചിരുന്നു.

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ, അതുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്‌പന്നത്തിന്റെ പരസ്യത്തില്‍ ഉപയോഗിച്ചതു തെറ്റാണെന്നായിരുന്നു ശോഭനയുടെ നിലപാട്‌.

ഇതേത്തുടര്‍ന്നു പരസ്യം പിന്‍വലിക്കാന്‍ കമ്പനി തയാറായെങ്കിലും വ്യക്‌തിപരമായി അപമാനിക്കപ്പെട്ടെന്ന നിലപാടിലാണു മോഹന്‍ലാല്‍. ശോഭനാ ജോര്‍ജ്‌ പരസ്യമായി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരേ പൊതുചടങ്ങില്‍ ആക്ഷേപിച്ചെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയെന്നുമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസിലെ ആരോപണങ്ങള്‍.

പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ മാപ്പപേക്ഷ നല്‍കിയില്ലെങ്കില്‍ 50 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ നിയമനടപടികളിലേക്കു കടക്കുമെന്ന മുന്നറിയിപ്പുമുണ്ട്‌.

2018 നവംബര്‍ 22-ന്‌ അയച്ച വക്കീല്‍ നോട്ടീസ്‌ കൈപ്പറ്റിയെങ്കിലും ബോര്‍ഡ്‌ അതിനു മറുപടി നല്‍കിയിട്ടില്ല.

മോഹന്‍ലാല്‍ അതുല്യനടനാണെന്നും അദ്ദേഹം അഭിനയിച്ച പരസ്യത്തെയാണു വിമര്‍ശിച്ചതെന്നും ശോഭന പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.

പരസ്യത്തേത്തുടര്‍ന്ന്‌ സ്വകാര്യ കമ്പനിയുടെ കച്ചവടം വര്‍ധിച്ചു. ഖാദി ബോര്‍ഡ്‌ നഷ്‌ടത്തിലുമായി. നോട്ടീസിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ്‌ ആലോചിക്കുന്നതെന്നും അവര്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM