കൗമാരക്കാരികള്‍ ആത്മഹത്യ ചെയ്യുന്നു ; തലശ്ശേരിയില്‍ ആദ്യം, കഴിഞ്ഞയാഴ്ച ചക്കരക്കല്ലില്‍ രണ്ട് പേര്‍, ഇന്നലെ ധര്‍മ്മടത്ത് ഒരാള്‍ – UKMALAYALEE

കൗമാരക്കാരികള്‍ ആത്മഹത്യ ചെയ്യുന്നു ; തലശ്ശേരിയില്‍ ആദ്യം, കഴിഞ്ഞയാഴ്ച ചക്കരക്കല്ലില്‍ രണ്ട് പേര്‍, ഇന്നലെ ധര്‍മ്മടത്ത് ഒരാള്‍

Wednesday 30 October 2019 4:55 AM UTC

കണ്ണൂര്‍  Oct 30: കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യകളില്‍ വലഞ്ഞ് കണ്ണൂരിലെ നാട്ടുകാരും പോലീസും. ഒരേ മേഖലയില്‍ പെണ്‍മക്കള്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുന്ന സംഭവം പരമ്പരയായതോടെ രാത്രിയില്‍ മക്കളുടെ മുറിയില്‍ ഉറങ്ങാതെ കാവലിരിക്കുകയാണ് മാതാപിതാക്കള്‍.

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യാ വാര്‍ത്തകള്‍ തുടര്‍ച്ചയായി ഞെട്ടിക്കാന്‍ തുടങ്ങിയതോടെ ഒരേ മേഖലയില്‍ തുടരുന്ന ആത്മഹത്യകള്‍ തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് ജനങ്ങള്‍.

അടുത്ത ദിവസങ്ങളിലായി നാല് മരണങ്ങള്‍ സംഭവിച്ചു. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പും ആത്മഹത്യകള്‍ നടന്നിരുന്നു. പ്രദേശത്തെ കൗമാരക്കാരായ കുട്ടികളുള്ള എല്ലാ രക്ഷിതാക്കളുടെയും സ്ഥിതി ഇതാണ്.

കുട്ടികളുടെ പെരുമാറ്റത്തിലുളള മാറ്റങ്ങള്‍ പോലും രക്ഷിതാക്കളെ അസ്വസ്ഥരാക്കുന്നു. ആഴ്ചകള്‍ക്കു മുന്‍പ് മേഖലയില്‍ രണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തുടര്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്ന് പ്രചാരണമുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പോലീസും മടിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആത്മഹത്യകളെ കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ പുറത്തുപോകുന്നതും അന്വേഷണം നടക്കുന്നതായുളള സൂചനകള്‍ പുറത്തുവരുന്നതും പോലീസിനെയും സമ്മര്‍ദത്തിലാക്കുകയാണ്.

ഇതിന്റെ പേരില്‍ കൂടുതല്‍ ആത്മഹത്യകള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അതിനാല്‍ കരുതലോടെയാണ് നീക്കങ്ങള്‍.

കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്‌േറ്റഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് ഇന്നലെ ധര്‍മ്മടം പോലീസ് സ്‌േറ്റഷന്‍ പരിധിയില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂടി തൂങ്ങി മരിച്ചത്.

പതിവ് പോലെ ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ ഇന്നലെ പുലര്‍ച്ചെയാണ് മുറിക്കകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ശനിയാഴ്ച ക്ലാസ് ഉച്ചയോടെ കഴിഞ്ഞ് ഇതില്‍ ഒരുപെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതായിരുന്നു മറ്റേ കുട്ടി.

മുറിയില്‍ കയറി വാതിലടച്ച ഇരുവരും സന്ധ്യയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ആത്മഹത്യയുമായി ബന്ധപ്പെട്ട ചില സൂചനകളുള്ള കത്ത് മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

ഏതാനും ദിവസം മുന്‍പാണ് തലശ്ശേരി പോലീസ് സ്‌േറ്റഷന്‍ പരിധിയില്‍ തിരുവങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണം തേടി പോലീസ് അന്വേഷണം ജാഗ്രതയാക്കുന്നതിനിടയിലാണ് ഇന്നലെ വീണ്ടും ഒരു ആത്മഹത്യ കൂടി വന്നത്. ചക്കരക്കല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യകളില്‍ ചിലരെ ചോദ്യം ചെയ്‌തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.സ്‌കൂളിലും ഇരുവരെക്കുറിച്ചും നല്ല അഭിപ്രായമാണ്.

എന്‍എസ്എസ് വൊളന്റിയര്‍മാരായ ഇരുവരും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കളില്‍ നിന്ന് പോലീസിന് വ്യക്തമായത്.

അതേ സമയം വിദ്യാര്‍ഥിനികളുടെ ആത്മഹത്യയെത്തുടര്‍ന്നു വാട്‌സാപില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് പോലീസ് പറയുന്നു. സൈബര്‍ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് മരണകാരണമെന്നു പ്രചരണമുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു.ബാല്യത്തിനും യൗവനത്തിനുമിടയില്‍ കൗമാരത്തിലാണ് മാനസികവും ശാരീരികവുമായ വികാസം പ്രാപിക്കുന്ന ഈ ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ബോധവത്കരണങ്ങള്‍ ആവശ്യമാണെന്ന് പോലീസ് പറയുന്നു.

നിലവില്‍ ചക്കരക്കല്‍, ധര്‍മ്മടം പോലീസുകള്‍ അന്വേഷണം നടത്തുന്നുണ്ട്. .ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്ലസ്ടു പ്രായ പരിധിക്കകത്ത് വരുന്ന നിരവധി കുട്ടികള്‍ നടത്തിയ ആശയവിനിമയങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു.

ആത്മഹത്യാ സംഭവങ്ങളുമായി ബന്ധപ്പെട്ട് 30 ലേറെ പേരെയാണ് പോലീസ് ഇതിനകം ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് അറിയുന്നത്. നിരവധി മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലാണുള്ളത്.

CLICK TO FOLLOW UKMALAYALEE.COM