ക്ഷേത്രത്തിന് മുന്നിലെ പള്ളി; ടോവിനോയുടെ സിനിമയിലെ സെറ്റ് പൊളിച്ചത് ഹിന്ദുസംഘടന – UKMALAYALEE

ക്ഷേത്രത്തിന് മുന്നിലെ പള്ളി; ടോവിനോയുടെ സിനിമയിലെ സെറ്റ് പൊളിച്ചത് ഹിന്ദുസംഘടന

Tuesday 26 May 2020 3:34 AM UTC

കാലടി May 26: ടോവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ കാലടിയിലെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കി.

ഷൂട്ടിംഗിന് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റിടാന്‍ സിനിമാ സംഘത്തിന് അനുമതി നല്‍കിയിരുന്നതായി സമിതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അഖില ഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകരാണ് ഇന്നലെ രാത്രിയില്‍ സെറ്റ് പൊളിച്ചതെന്നാണ് വിവരം. മിന്നല്‍ മുരളി എന്ന സിനിമയുമായി ബന്ധപ്പെട്ട് മണപ്പുറത്ത് നിര്‍മ്മിച്ച പള്ളിയുടെ സെറ്റാണ് തകര്‍ത്തത്.

സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല എങ്കിലും നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച ശേഷം നിയമ നടപടി ഉള്‍പ്പെടെയുളള കാര്യത്തില്‍ തീരുമാനം എടുക്കാനാണ് സിനിമയുടെ നിര്‍മ്മാതാവിന്റെയും നീക്കം.

ഏറെക്കുറെ ചിത്രീകരണം പൂര്‍ത്തിയായിരുന്ന സിനിമയുടെ ക്‌ളൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ബാക്കിയുള്ളത്.

രണ്ടാഴ്ച കൂടിയാണ് ഷൂട്ടിംഗ് ഇനി ബാക്കിയുണ്ടായിരുന്നത്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്.

നേരത്തേ സിനിമയ്ക്കായി മനോഹരമായ പള്ളിയുടെ സെറ്റ് ഇട്ടത് ക്ഷേത്ര കമ്മറ്റിയുടെയും പഞ്ചായത്തിന്റെയും അനുമതിയോടെ ആയിരുന്നെന്നും ഇറിഗേഷന്‍ ഉള്‍പ്പെടെ മറ്റ് ചില ഗവണ്‍മെന്റ് ഓഫീസുകളുടെ കൂടി അനുമതികള്‍ വേണ്ടതുള്ളതിനാല്‍ അതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു നിര്‍മ്മാതാക്കള്‍.

ഇതിനിടയില്‍ ലോക്ക്ഡൗണ്‍ വന്നതിനാല്‍ ഷൂട്ടിംഗ് മുടങ്ങുകയും സെറ്റ് നിലനിര്‍ത്തേണ്ട ആവശ്യം വരികയുമായിരുന്നു.
അതിനിടയിലായിരുന്നു സെറ്റ് പൊളിച്ച സംഭവം ഉണ്ടായത്.

ഇതിനിടയില്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

എഎച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരിപാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദത്തിന്റെ ചൂട് കൂട്ടിയിട്ടുണ്ട്.

‘കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.

സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ’. എന്നായിരുന്നു പോസ്റ്റ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

തമിഴ് താരം ഗുരു അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അതേ സമയം സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം.

CLICK TO FOLLOW UKMALAYALEE.COM