ക്രിമിനലുകള്‍ പെരുകുന്നു, ‘ഭായി’ മാരുടെ വിവരം നല്‍കാത്ത സ്‌ഥാപനങ്ങള്‍ക്കു പൂട്ടു വീഴും – UKMALAYALEE

ക്രിമിനലുകള്‍ പെരുകുന്നു, ‘ഭായി’ മാരുടെ വിവരം നല്‍കാത്ത സ്‌ഥാപനങ്ങള്‍ക്കു പൂട്ടു വീഴും

Monday 6 August 2018 2:46 AM UTC

തിരുവനന്തപുരം Aug 6 : ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ വിശദവിവരങ്ങള്‍ തൊഴില്‍ വകുപ്പിനും പോലീസിനും നല്‍കാത്ത ചെറുകിടസ്‌ഥാപനങ്ങളുടെ ലൈസന്‍സ്‌ റദ്ദാക്കും.

ഇതരസംസ്‌ഥാനക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്താണു സര്‍ക്കാര്‍ നീക്കം.

കേരളത്തിലെ ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. എന്നാല്‍, കൃത്യമായ കണക്ക്‌ തൊഴില്‍ വകുപ്പിന്റെ പക്കലില്ല.

പെരുമ്പാവൂരിലെ നിമിഷയുടെ കൊലപാതകത്തില്‍ പശ്‌ചിമബംഗാള്‍ സ്വദേശി പിടിയിലായതോടെയാണ്‌ ഇതരസംസ്‌ഥാനത്തൊഴിലാളി രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നത്‌.

ഹോട്ടലുകള്‍, പാറമടകള്‍, മത്സ്യബന്ധനം, കശുവണ്ടി, നിര്‍മാണമേഖലകളിലെല്ലാം ഇതരസംസ്‌ഥാനക്കാരാണു കൂടുതല്‍. കുറഞ്ഞത്‌ 400 രൂപ ദിവസക്കൂലി കൊടുത്താല്‍ മതിയെന്നതിനാല്‍ കരാറുകാരും ഇവര്‍ക്കാണു മുന്‍ഗണന നല്‍കുന്നത്‌. സംസ്‌ഥാനത്തെ മിക്ക സ്വകാര്യസ്‌ഥാപനങ്ങളിലും 65% തൊഴിലാളികള്‍ ഇതരസംസ്‌ഥാനക്കാരാണ്‌.

പഞ്ചായത്തുകളിലെ ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ കൃത്യമായ കണക്ക്‌ തൊഴില്‍ വകുപ്പിനോ പോലീസിനോ ലഭിച്ചിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു തൊഴിലാളികളെ കൊണ്ടുവന്നാല്‍ ജില്ലാ തൊഴില്‍ വകുപ്പിലോ ലോക്കല്‍ പോലീസ്‌ സ്‌റ്റേഷനിലോ വിശദവിവരങ്ങളും തിരിച്ചറിയല്‍ രേഖയും കരാറുകാരന്‍ നല്‍കണമെന്നാണു നിയമം. ഇതു ലംഘിക്കുന്ന സ്‌ഥാപനങ്ങളുടെ ലൈസന്‍സ്‌ റദ്ദാക്കും.

തൊഴില്‍ വകുപ്പും പോലീസും സംയുക്‌തപരിശോധന നടത്തിയാകും നടപടിയെടുക്കുക. സ്വകാര്യമേഖലയിലെ 65% ഇതരസംസ്‌ഥാനത്തൊഴിലാളികളില്‍ 45 ശതമാനവും ബംഗാളികളാണ്‌.

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരും ഇവര്‍ക്കിടയിലുണ്ട്‌. പ്രതിവര്‍ഷം 25,000 കോടിയിലേറെ രൂപയാണ്‌ ഇവരിലൂടെ കേരളത്തിനു പുറത്തേക്കൊഴുകുന്നത്‌. എറണാകുളം ജില്ലയില്‍ മാത്രം എട്ടുലക്ഷത്തിലേറെ ഇതരസംസ്‌ഥാനത്തൊഴിലാളികളുണ്ട്‌.

കോഴിക്കോട്‌, പാലക്കാട്‌, തിരുവനന്തപുരം ജില്ലകളിലായി 12 ലക്ഷം പേരാണുള്ളത്‌. തൃശൂര്‍, കൊല്ലം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 2-3 ലക്ഷം വീതം ഇതരസംസ്‌ഥാനത്തൊഴിലാളികളുണ്ട്‌. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 40,000-ല്‍ അധികം പേര്‍ സ്‌ഥിരതാമസക്കാരാണ്‌.

ആഴ്‌ചതോറും കുറഞ്ഞത്‌ 1500 തൊഴിലാളികള്‍ പുതുതായി കേരളത്തിലെത്തുന്നതായി കരാറുകാര്‍ പറയുന്നു. ഇവരില്‍ അസം, ബിഹാര്‍, യു.പി, ഒഡീഷ, തമിഴ്‌നാട്‌ സ്വദേശികള്‍ 55 ശതമാനത്തോളം വരും.

2013-ല്‍ തൊഴില്‍ വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ നടത്തിയ പഠനപ്രകാരമുള്ള കണക്കു മാത്രമാണു സര്‍ക്കാരിന്റെ പക്കലുള്ളത്‌.

അതനുസരിച്ച്‌ 2013-ല്‍ കേരളത്തിലുള്ള ഇതരസംസ്‌ഥാനക്കാരുടെ എണ്ണം 25 ലക്ഷമായിരുന്നു. ഇത്‌ 2023-ല്‍ 45 ലക്ഷമാകുമെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍.

എന്നാല്‍, ഇപ്പോള്‍തന്നെ ഇവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. 2010-ല്‍ ഇടതുസര്‍ക്കാരാണ്‌ ആവാസ്‌ എന്ന പേരില്‍ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിക്കു രൂപം നല്‍കിയത്‌.

തൊഴിലാളികളുടെ കൃത്യമായ എണ്ണവും മറ്റു വിവരങ്ങളുമുള്‍ക്കൊള്ളിച്ച്‌ ഡാറ്റാ ബാങ്ക്‌ തയാറാക്കി തിരിച്ചറിയല്‍ കാര്‍ഡ്‌ വിതണം ചെയ്യുകയാണു പദ്ധതിയുടെ ലക്ഷ്യം.

CLICK TO FOLLOW UKMALAYALEE.COM