കോവിഡ് 19: കോളജുകള്‍ക്ക് അവധി; പരീക്ഷകളും അദാലത്തുകളും മാറ്റി; ഒമാന്‍ എയര്‍ കൊച്ചി സര്‍വീസുകള്‍ റദ്ദാക്കി – UKMALAYALEE

കോവിഡ് 19: കോളജുകള്‍ക്ക് അവധി; പരീക്ഷകളും അദാലത്തുകളും മാറ്റി; ഒമാന്‍ എയര്‍ കൊച്ചി സര്‍വീസുകള്‍ റദ്ദാക്കി

Wednesday 11 March 2020 3:47 AM UTC

മലപ്പുറം March 11: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാലിക്കട്ട് സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകള്‍ക്കും സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു.

മാര്‍ച്ച് 31 വരെ സര്‍വകലാശാലാ ഹോസ്റ്റലുകളും പ്രവര്‍ത്തിക്കില്ല. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വകലാശാല സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ വരുന്ന പഠനവകുപ്പുകള്‍, സെന്ററുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയ്ക്ക് നാളെ മുതല്‍ 31 വരെ അവധിയായിരിക്കുമെന്ന് വൈസ് ചാന്‍സ്ലര്‍ അറിയിച്ചു. സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

സര്‍വകലാശാലാ പഠന വകുപ്പ് മേധാവികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും അവധി ബാധകമല്ല. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒത്തുചേരുന്നതും ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള കേന്ദ്ര സര്‍വകലാശാല 22 വരെ അടച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന വിവിധ അദാലത്തുകള്‍ മാറ്റിവച്ചു. തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോട്ടയം, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നടത്താനിരുന്ന അദാലത്താണ് മാറ്റിവച്ചത്.

പുതിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളും വന്യജീവി സങ്കേതങ്ങളും അടച്ചു. കേരള പി.എസ്.സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചു.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള മൂന്ന് വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി. ഡബ്ല്യുവൈ 223, 224 ഒമാന്‍ എയര്‍ വിമാനത്തിന്റെ മാര്‍ച്ച് 11, 13, 14 തീയതികളിലെ സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്.

CLICK TO FOLLOW UKMALAYALEE.COM