കോവിഡ് സ്ഥിരീകരിച്ച ചിലര്‍ക്ക് 26 ദിവസം കഴിഞ്ഞിട്ടും പരിശോധനാ ഫലം പോസിറ്റീവ് ; കേരളത്തില്‍ ക്വാറന്റൈന്‍ 14 ല്‍ നിന്നും 28 ദിവസമാക്കി – UKMALAYALEE

കോവിഡ് സ്ഥിരീകരിച്ച ചിലര്‍ക്ക് 26 ദിവസം കഴിഞ്ഞിട്ടും പരിശോധനാ ഫലം പോസിറ്റീവ് ; കേരളത്തില്‍ ക്വാറന്റൈന്‍ 14 ല്‍ നിന്നും 28 ദിവസമാക്കി

Thursday 16 April 2020 2:02 AM UTC

തിരുവനന്തപുരം April 16: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും ചില കോവിഡ് രോഗികളില്‍ ടെസ്റ്റുകള്‍ പോസിറ്റീവാകുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ കാലാവധി ഇരട്ടി ദിവസമാക്കി കേരളം.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ചിലരില്‍ ക്വാറന്റൈനില്‍ മൂന്നാഴ്ച പിന്നിട്ടിട്ടും പരിശോധനാഫലം പോസിറ്റീവായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഏപ്രില്‍ 5 ന് ശേഷം വിദേശത്ത് നിന്നും എത്തിയ കോവിഡ് സ്ഥിരീകരിച്ച 22 പേരില്‍ ചിലര്‍ക്ക് 26 ദിവസം പിന്നിട്ടിട്ടും പരിശോധനാഫലം പോസിറ്റീവായി തുടരുകയാണ്.

ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച 14 ദിവസം ക്വാറന്റൈന്‍ 28 ദിവസമായി ഉയര്‍ത്താനാണ് തീരുമാനം. മാര്‍ച്ച് 17 ന് എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന 40 കാരനായ കണ്ണൂര്‍ സ്വദേശിയ്ക്കാണ് 26 ദിവസത്തിന് ശേഷം ഞായറാഴ്ച നടത്തിയ പരിശോധനയും പോസിറ്റീവായത്.

മാര്‍ച്ച് 15 ന് യുഎഇയില്‍ നിന്നും കണ്ണൂരില്‍ എത്തിയ 11 കാരന്റെ പരിശോധന 24 ദിവസം പിന്നിട്ട് എപ്രില്‍ 8 ന് നടത്തിയപ്പോഴും പോസിറ്റീവായിരുന്നു.

മാര്‍ച്ച് 22 ന് നാട്ടിലെത്തി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയ പാലക്കാടുകാരന് 23ാം ദിവസം പരിശോധന നടത്തിയപ്പോഴും സ്ഥിതി മാറ്റമില്ലായിരുന്നു.

വിമാനസര്‍വീസ് പുനരാരംഭിക്കാനിരിക്കെ വിദേശത്തുള്ള അനേകം നാട്ടുകാര്‍ ഇനിയും മടങ്ങിവരാനിരിക്കെയാണ് തീരുമാനം. ക്വാറന്റൈനിലേക്ക് മാറ്റുമ്പോള്‍ രോഗവുമായി ബന്ധപ്പെട്ട പരിശോധനയും ചെലവുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് സംസ്ഥാനം പ്രഖ്യാപിച്ചിരിക്കുകയാണ്.

അതസമയം കോവിഡ് 19 രോഗലക്ഷണങ്ങള്‍ 14 ദിവസങ്ങള്‍ക്ക് ശേഷവും തുടരുന്നത് സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ്.

അതേസമയം ക്വാറന്റൈന്‍ കാലാവധി 14 ദിവസം മതിയെന്ന് തീരുമാനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ തുടരുമ്പോള്‍ 28 ദിവസം ആക്കാമെന്ന് മാര്‍ച്ച് ആദ്യം തന്നെ കേരളം ചര്‍ച്ച ചെയ്തിരുന്നു.

സാധാരണ ക്വാറന്റൈന്‍ കഴിഞ്ഞിട്ടും 22 പേരുടെ പരിശോധനാഫലം പോസിറ്റീവായി തുടരുന്ന സാഹചര്യത്തില്‍ സാധാരണഗതിയില്‍ നല്‍കുന്ന 14 ദിവസം കഴിഞ്ഞ് പുറത്തുവിട്ടാല്‍ രോഗികളില്‍ നിന്നും കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് തീരുമാനം.

അതേസമയം ലോകാരോഗ്യസംഘടന പോലും ദിവസങ്ങള്‍ നീട്ടാത്ത സാഹചര്യത്തില്‍ കേരളത്തിന്റെ തീരുമാനം തുടക്കത്തില്‍ തന്നെ വലിയ പ്രതികരണത്തിനും കാരണമായി.

കോവിഡ് ഇന്‍കുബേഷന്‍ പീരിയഡ് കാര്യത്തിലെ ഈ തീരുമാനം വളരെ നേരത്തേയായി പോയി എന്നാണ് ആരോഗ്യ വിഭാഗത്തിലെ ചിലരുടെ പ്രതികരണം.

കോവിഡ് നിയന്ത്രണത്തിന് 14 ദിവസത്തെ ക്വാറന്റൈന്‍ പീരിയഡ് മതിയെങ്കിലും ശരിക്കും ഇക്കാര്യം ഫലപ്രദമാകാന്‍ പൂജ്യം മുതല്‍ 33 ദിവസം വരെയെങ്കിലും വേണമെന്നാണ് കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്.

2015 കേസുകളാണ് ഇക്കാര്യത്തില്‍ ഈ മെഡിക്കല്‍ സംഘം പരിശോധന നടത്തിയത്. എന്നാല്‍ മറ്റൊരു പഠനത്തില്‍ 10,000 ല്‍ 101 കേസുകളില്‍ മാത്രമാണ് 14 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ കണ്ടതെന്നും ദിവസങ്ങള്‍ നീട്ടേണ്ടി വന്നത് ഹൈ റിസ്‌ക്ക് കേസുകളില്‍ മാത്രമായിരുന്നു എന്നും പറയുന്നു.

കേസുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടരുന്ന പുതിയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്വാറന്റൈന്‍ 28 ദിവസമാക്കി മാറ്റിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ ഭാഷ്യം.

CLICK TO FOLLOW UKMALAYALEE.COM