കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് തന്നെ; സിറ്റിങ്‌ സീറ്റുകളൊഴികെയുള്ളവ എ, ഐ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കും – UKMALAYALEE

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് തന്നെ; സിറ്റിങ്‌ സീറ്റുകളൊഴികെയുള്ളവ എ, ഐ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കും

Monday 25 February 2019 4:01 AM UTC

തിരുവനന്തപുരം Feb 25 : കേരളത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി നിര്‍ണയം ഇക്കുറിയും ഗ്രൂപ്പ്‌ അടിസ്‌ഥാനത്തില്‍ത്തന്നെ നടക്കുമെന്നു സൂചന. ഹൈക്കമാന്‍ഡിനു താത്‌പര്യമുള്ള ചില സ്‌ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടിവരും എന്നതൊഴിച്ചാല്‍, സീറ്റ്‌ നിര്‍ണയത്തില്‍ ഗ്രൂപ്പുകള്‍ക്കാകും പ്രഥമപരിഗണന.

സംസ്‌ഥാനത്തെ എ, ഐ ഗ്രൂപ്പുകളെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിതന്നെ അംഗീകരിച്ചതിനു തെളിവാണ്‌ ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പദവികള്‍.

കഴിഞ്ഞതവണ ഗ്രൂപ്പ്‌ സമവാക്യങ്ങളില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. അന്നു നിയമസഭാകക്ഷി നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ താത്‌പര്യങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിച്ചു.

ഗ്രൂപ്പുകള്‍ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിക്കുമ്പോഴും വിജയസാധ്യതയ്‌ക്കാകണം മുന്‍തൂക്കമെന്നാണു ഹൈക്കമാന്‍ഡ്‌ നിര്‍ദേശം. നിലവില്‍ കേരളത്തില്‍നിന്നു കോണ്‍ഗ്രസിന്‌ എട്ടു ലോക്‌സഭാംഗങ്ങളാണുള്ളത്‌.

വടകര, കോഴിക്കോട്‌, വയനാട്‌, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, തിരുവനന്തപുരം സീറ്റുകള്‍. വയനാട്‌ എം.പി: എം.ഐ. ഷാനവാസ്‌ അന്തരിച്ചു.

മറ്റു സീറ്റുകളുടെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യമില്ലെന്നാണു പൊതുനിലപാട്‌. കഴിഞ്ഞതവണ 15 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്‌, ജെ.ഡി.യു. മത്സരിച്ച പാലക്കാട്‌ ഉള്‍പ്പെടെ 16 സീറ്റുകളിലാണ്‌ ഇക്കുറി സ്‌ഥാനാര്‍ഥികളെ കണ്ടെത്തേണ്ടത്‌. സിറ്റിങ്‌ സീറ്റുകളൊഴികെയുള്ളവ എ, ഐ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കും.

ഗ്രൂപ്പ്‌ പരിഗണനയ്‌ക്കു പുറമേ, പതിവുപോലെ സാമുദായികസമവാക്യങ്ങള്‍ ഉള്‍പ്പെടെ പാലിച്ചാകും സ്‌ഥാനാര്‍ഥി നിര്‍ണയം.

ശബരിമല സജീവവിഷയമായതിനാല്‍ തെക്കന്‍ജില്ലകളില്‍ കരുതലോടെ സ്‌ഥാനാര്‍ഥികളെ കണ്ടെത്താനാണു കോണ്‍ഗ്രസ്‌ നീക്കം.

CLICK TO FOLLOW UKMALAYALEE.COM