കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് – UKMALAYALEE

കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ്

Saturday 30 March 2019 3:14 AM UTC

കോഴിക്കോട്‌ March 30: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത സൃഷ്‌ടിച്ചതിന്റെ പേരില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരേ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്‌.

എ, ഐ ഗ്രുപ്പുകള്‍ക്കും വി.എം. സുധീരനും പുറമേ പുതുതായി ഉയര്‍ന്നു വരുന്ന വേണുഗോപാല്‍ ഗ്രൂപ്പിന്റെ കളിയാണ്‌ ഈ നീക്കത്തിനു പിന്നിലെന്നാണു വിമര്‍ശനം.

പൊരുതി നേടിയ സിദ്ദിഖിന്റെ സീറ്റ്‌ അട്ടിമറിക്കുക എന്നതായിരുന്നു വേണുഗോപാലിന്റെ നീക്കത്തിനു പിന്നില്‍ എന്നാണു വിമര്‍ശനം. മറ്റൊരു വിധത്തിലും സിദ്ദിഖിനെ തടയാന്‍ സാധിക്കാതെ വന്നതു മൂലം നടത്തിയ സമര്‍ഥമായ കരുനീക്കമായിരുന്നു രാഹുല്‍ വരുന്നുവെന്ന പ്രചാരണം.

ആഗ്രഹിച്ച സീറ്റ്‌ കിട്ടാതിരിക്കുകയും മത്സരിക്കാന്‍ കഴിയാതാവുകയും ചെയ്‌ത വേണുഗോപാല്‍, വിജയസാധ്യതയുള്ള വയനാട്‌ സിദ്ദിഖിനു നല്‍കിയതില്‍ അസന്തുഷ്‌ടനായിരുന്നുവെന്നാണു വിവരം.

വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണു വി.ടി. ബല്‍റാം ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ഇട്ടതെന്നും, രമേശ്‌ ചെന്നിത്തല കെ.പി.സി.സിയുടെ ആവശ്യമായി ഇത്‌ ഉന്നയിച്ചതെന്നുമാണു പുറത്തുവരുന്ന വിവരം.

പിന്നീട്‌ ഈ നീക്കത്തെ ഉമ്മന്‍ ചാണ്ടിക്കും മുല്ലപ്പള്ളിക്കും പിന്തുണയ്‌ക്കേണ്ടി വന്നുവെന്നുമാണു കരുതുന്നത്‌. കിടമല്‍സരങ്ങളാണ്‌ ഇത്തരമൊരു വാര്‍ത്ത പുറത്തുവിടാന്‍ ഉമ്മന്‍ ചാണ്ടി തിടുക്കം കൂട്ടിയതെന്നാണു വിവരം.

എന്നാല്‍ പിന്നീട് ഉമ്മന്‍ചാണ്ടിയും മലക്കം മറിഞ്ഞു. താന്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി ഇന്നലെ കോഴിക്കോട് പറഞ്ഞു. ഇതോടെ രാഹുല്‍ കോഴിക്കോട് മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റു.

അപ്രതീക്ഷിതമായാണ് ഉമ്മന്‍ചാണ്ടിയും, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമുള്‍പ്പടെയുള്ള നേതാക്കള്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനെത്തുമെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് പ്രഖ്യാപനത്തെ സ്വീകരിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് സീറ്റില്‍ മത്‌സരിക്കുന്നത് പാര്‍ട്ടിക്ക്ഗുണം ചെയ്യും. അദേഹം മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും.

ടി.സിദ്ധിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതായുമാണ് ഉമ്മന്‍ചാണ്ടി ആദ്യം പറഞ്ഞത്.

എന്നാല്‍ നേതാക്കളുടെ എടുത്ത് ചാടിയുള്ള പ്രതികരണത്തിനെതിരെ ഹൈക്കമാന്‍ഡ് രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി കൈമലര്‍ത്തിയത്. രാഹുല്‍ മല്‍സരിക്കണമെന്ന ആഗ്രഹം മാത്രമാണു താന്‍ പറഞ്ഞതെന്നായിരുന്നു ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രതീക്ഷിച്ചാണ് രാഹുല്‍ കര്‍ണാടകം, തമിഴ്‌നാട് ഘടകങ്ങളില്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം വന്നതോടെ വയനാട്ടിലും സമീപ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് അണികള്‍ കടുത്ത പ്രതിസന്ധിയിലാണ്. രാഹുല്‍ വരുമെന്ന ധാരണയില്‍ പ്രവര്‍ത്തകര്‍ ബൂത്തുകമ്മറ്റികളില്‍ തൊട്ട് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

മുന്‍പ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സിദ്ധിഖ് ഇപ്പോള്‍ പ്രചരണം നിര്‍ത്തി വച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് ആകട്ടെ മണ്ഡല പര്യടനമുള്‍പ്പടെ തുടങ്ങി കഴിഞ്ഞു.

എ.കെ ആന്‍റണി , ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നീ മുതിർന്ന നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തില്‍ കോൺഗ്രസിന്റെ ഉൾപ്പാർട്ടി കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന ഏറെ ഉയർന്ന പദവിയിലേയ്ക് കെ.സി. ചുവടുവച്ചപ്പോള്‍ പുതിയൊരു അധികാര കേന്ദ്രംകൂടി തുറക്കും എന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

കോൺഗ്രസ് കോർ കമ്മിറ്റിയിൽ എ.കെ. ആന്‍റണിക്ക് പുറമേയുള്ള ഏക മലയാളിയും കെ സി വേണുഗോപാൽ ആണ്. എ, ഐ ഗ്രുപ്പുകള്‍കളും വി.എം. സുധീരനും ഒക്കെയായി വീര്‍പ്പു മുട്ടുന്ന കേരളത്തിലെ കോണ്‍ഗ്രസിലേയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളോടുതന്നെയാണ് രാഹുൽ ഗാന്ധി കെ.സി വേണുഗോപാലിനെ അവതരിപ്പിച്ചത്.

തിരുത്തൽവാദിയായി രാഷ്ട്രീയജീവിതം തുടങ്ങിയ കെ. സി. വിശാല ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് ഉയർന്നെങ്കിലും പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായി ഗ്രൂപ്പിനതീതമായ പരിവേഷം കാത്തുസൂക്ഷിക്കുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM