കോണ്‍ഗ്രസിനു കത്തിവെച്ചത് സ്വന്തം നേതാക്കള്‍ തന്നെ – UKMALAYALEE

കോണ്‍ഗ്രസിനു കത്തിവെച്ചത് സ്വന്തം നേതാക്കള്‍ തന്നെ

Thursday 13 February 2020 4:13 AM UTC

MUMBAI Feb 13: ”സര്‍പ്രൈസ്” റിസല്‍ട്ട് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണു കോണ്‍ഗ്രസ്. പഴയകാല പ്രതാപം വിളിച്ചോതി പ്രചാരണങ്ങള്‍ നയിച്ചിട്ടും 70-ല്‍ 67 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ചു കാശു നഷ്ടമായതു പാര്‍ട്ടിയുടെ വികലനയത്തിന്റെ ഫലം. ”ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ട” സന്തോഷത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനം ചൊരിയുകയാണിപ്പോള്‍.

2013-ല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുഖമായ ഷീലാ ദീക്ഷിതിനെ വെല്ലുവിളിച്ചു തോല്‍പിച്ച അരവിന്ദ് കെജ്‌രിവാള്‍ ഒന്നരപ്പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ഭരണത്തിനാണ് അന്ത്യംകുറിച്ചത്.

അതിന് ഏഴു വര്‍ഷത്തിനിപ്പുറം കെജ്‌രിവാള്‍ ഇന്നലെ അജയ്യനായി നിന്നപ്പോള്‍ സംസ്ഥാനത്തുനിന്നു കോണ്‍ഗ്രസിന്റെ വേരറ്റുവീഴുകയായിരുന്നു. കോണ്‍ഗ്രസിന്റെ കടയ്ക്കല്‍ കത്തിവച്ചതോ സ്വന്തം നേതാക്കള്‍തന്നെ!

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവച്ച വാഗ്ദാനം തള്ളിക്കളഞ്ഞതിനേയോര്‍ത്തു പരിതപിക്കാനേ ഇനി അവര്‍ക്കാകൂ. ബി.ജെ.പിയെന്ന പൊതുശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസുമായി െകെകോര്‍ക്കുന്നതില്‍ കെജ്‌രിവാളിനു മടിയൊന്നുമുണ്ടായിരുന്നില്ല.

അന്നു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്കും ആ ബാന്ധവം ”ക്ഷ” പിടിച്ചിരുന്നതാണ്. എന്നാല്‍, അമ്മാവന്‍ ആനപ്പുറത്തുകയറിയതിന്റെ തഴമ്പ് ഇപ്പോഴും തടവി ആസ്വദിക്കുന്ന പല ദേശീയ-സംസ്ഥാന നേതാക്കളും സംബന്ധം വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ രാഹുലിനു സ്വയംവരത്തില്‍നിന്നു പിന്മാറേണ്ടി വന്നു.

ഡല്‍ഹിയുടെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ്, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് അന്നു രാഹുലിനെ പിന്മാറാന്‍ പ്രേരിപ്പിച്ചത്.

ഇവരുടെ തലയണമന്ത്രങ്ങളില്‍ ആദ്യം രാഹുല്‍ വീണിരുന്നില്ല. എന്നാല്‍, പാര്‍ട്ടിയുടെ പാരമ്പര്യം പറഞ്ഞു സീറ്റ് വിഭജനത്തില്‍ നടുക്കഷണംതന്നെ ആവശ്യപ്പെടണമെന്ന ഉപദേശം സ്വീകരിച്ചതു രാഹുലിന്റെ മണ്ടത്തരം. നടുവെ പിളര്‍ന്ന കപ്പലിനെ രക്ഷിക്കേണ്ടെന്നു കെജ്‌രിവാള്‍ തീരുമാനിച്ചതോടെ സഖ്യശ്രമം പൊളിഞ്ഞു.

ഡല്‍ഹിയെ കാവിയണിയിച്ച ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ തങ്ങളുടെ അസ്തിവാരം തകര്‍ന്നതായിരുന്നില്ല കോണ്‍ഗ്രസ് ശ്രദ്ധിച്ചത്. പകരം സീറ്റ് വിഭജനത്തില്‍ കടുംപിടിത്തം പിടിച്ച ആം ആദ്മി പാര്‍ട്ടിയുടെ പരാജയം ആഘോഷിക്കുകയായിരുന്നു അവര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പല്ല നിയമസഭാ തെരഞ്ഞെടുപ്പെന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നലെ ബോധ്യം വന്നപ്പോഴേക്കും ഡല്‍ഹിയിലെ ജനങ്ങള്‍ ചൂലെടുത്തു പാര്‍ട്ടിയെ തൂത്തുമാറ്റിയിരുന്നു.
ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോഴും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിനു പകരം പാരമ്പര്യവും പഴയ ഭരണപാടവവുമാണ് കോണ്‍ഗ്രസ് പയറ്റിയത്.

ആം ആദ്മി പാര്‍ട്ടിയുടെ ജനകീയ മുഖത്തിനെതിരേ സ്വാതന്ത്ര്യസമരം മുതലുള്ള സഹനങ്ങളുടെ കഥാപ്രസംഗം നടത്തിയാല്‍ വോട്ട് വീഴുമെന്ന നേതാക്കളുടെ ധാര്‍ഷ്ട്യത്തിനു ചുട്ട മറുപടിയാണു ജനം നല്‍കിയത്. 1998 മുതല്‍ പതിനഞ്ചു വര്‍ഷം ഡല്‍ഹി ഭരിച്ചു വികസനത്തില്‍ ഷീലാ ദീക്ഷിത് നല്‍കിയ സംഭാവനകളെയാണ് കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയത്.

ഡല്‍ഹിയുടെ വികസനത്തിന്റെ മുഖങ്ങളായ മെട്രോയും ഫ്‌െളെ ഓവറുകളും നിര്‍മിച്ചതു തങ്ങളാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ മുക്കിലും മൂലയിലും പറഞ്ഞു. എന്നാല്‍, ”കോണ്‍ഗ്രസിന്റെ ഡല്‍ഹി” എന്ന പ്രചാരണമൊന്നും ഏറ്റെടുക്കാന്‍ ജനങ്ങള്‍ തയാറായില്ല.

ദളിത്, നഗരങ്ങളിലെ പാവങ്ങള്‍ തുടങ്ങിയ കോണ്‍ഗ്രസ് സ്ഥിരം വോട്ട് ബാങ്കുകള്‍ എന്നേ ”ചൂലെടുത്തിരുന്നു” എന്നു മനസിലാക്കാന്‍ നേതാക്കള്‍ക്കുമായില്ല. വിജയിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ഇല്ലാതെയാണ് കോണ്‍ഗ്രസ് ഇക്കുറി മല്‍സരരംഗത്ത് ഇറങ്ങിയതുതന്നെ.

ഇന്നലെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് ആരംഭിച്ച് മുക്കാല്‍ മണിക്കൂര്‍ തികയും മുമ്പേ വികാസ്പുരി മണ്ഡലത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകേഷ് ശര്‍മ്മയുടെ ട്വീറ്റ് തന്നെ അതിന് ഉദാഹരണം. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണാല്‍ തുടങ്ങുമ്പോഴേക്കും അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെ… ”വോട്ടര്‍മാര്‍ക്ക് നന്ദി.

പരാജയം അംഗീകരിക്കുന്നു”. 1993ല്‍ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ. ആയിരുന്നു താനെന്നും ട്വീറ്റിലുണ്ട്.
കോണ്‍ഗ്രസിനു പക്ഷേ ഒരു കാര്യത്തില്‍ സന്തോഷിക്കാം. കഴിഞ്ഞ തവണത്തെ വട്ടപൂജ്യത്തിനപ്പുറം ഇക്കുറി താഴേക്കു പോയില്ല! അതേ പ്രകടനം ആവര്‍ത്തിക്കുകമാത്രമാണുണ്ടായത്.

ഉണ്ടായ വ്യത്യാസമെന്നതു കഴിഞ്ഞ തവണത്തേതിലും വോട്ട് വിഹിതം കുറഞ്ഞു എന്നതുമാത്രമാണ്. ഗാന്ധി നഗര്‍, ബാഡ്‌ലി, കസ്തൂര്‍ബാ നഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുമാത്രമാണ് കെട്ടിവച്ച പണം തിരിച്ചുപിടിക്കാനുള്ള വോട്ട് ലഭിച്ചത്.

ഒരു മണ്ഡലത്തില്‍ വോട്ട് ചെയ്ത മൊത്തം വോട്ടുകളുടെ ആറു ശതമാനം വോട്ടുകള്‍ നേടിയാലേ സ്ഥാനാര്‍ഥിക്കു കെട്ടിവച്ച പണം ലഭിക്കൂ. ഇത്തരത്തില്‍ സ്ഥാനാര്‍ഥികളുടെ പണംപോയതു മിച്ചം.
അതേസമയം, ബി.ജെ.പി. വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസിനായെന്നതു ശ്രദ്ധേയം.

വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ കാക്കാനും കോണ്‍ഗ്രസ് ശ്രദ്ധനല്‍കിയെന്നു ലഭിച്ച വോട്ട് ശതമാനം വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് 4.36% വോട്ടുകള്‍മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പ് ആപ്പുമായുള്ള സഖ്യം വേണ്ടെന്നു കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തതു ബി.ജെ.പിക്ക് ആശ്വാസമായിരുന്നു. കനത്ത പരാജയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍തന്നെ അഭിപ്രായഭിന്നതകള്‍ പുറത്തുവന്നു തുടങ്ങി.

സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലെ തങ്ങളുടെ എതിരാളികള്‍ക്കു പുറകെയായിരുന്നു. യോജിച്ച് പ്രവര്‍ത്തിക്കാനല്ല ശ്രമിച്ചത്. ഇവര്‍ക്കൊപ്പം ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തകരും ചേര്‍ന്നാണ് പരാജയം കൂടുതല്‍ ശക്തമാക്കിയതെന്നു ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് ഡല്‍ഹി വക്താവ് ശര്‍മ്മിഷ്ഠ മുഖര്‍ജി വിഴുപ്പലക്കലിനു തുടക്കമിട്ടു കഴിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറിയാം.

CLICK TO FOLLOW UKMALAYALEE.COM