കൊവിഡ് 19: സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ – UKMALAYALEE

കൊവിഡ് 19: സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Monday 23 March 2020 1:52 AM UTC

തിരുവനന്തപുരം March 23: കൊവിഡ് 19 രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

രോഗലക്ഷണങ്ങളുള്ള എല്ലാവരിലും ആരോഗ്യ പ്രവര്‍ത്തകരിലും കൂടാതെ മുഴുവന്‍ ആളുകളിലും കൊറോണ ടെസ്റ്റ് നടത്തണമെന്നും ഐ.എം.എ ആലോചിച്ചു. സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടുന്നതിന് മുന്പ് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ഐ.എ.എ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള മുഴുവന്‍ കാര്യങ്ങളും പരിഗണിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ഐ.എം.എ പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പത്ര പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമൂഹവ്യാപനം തിരിച്ചറിയുന്നതിനായി വ്യാപകമായി ടെസ്റ്റുകള്‍ നടത്തണം. അതിന്റെ ഫലമായി സര്‍ക്കാര്‍ അതിശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടര്‍മാരെ രണ്ടാം നിരയായി മാറ്റി നിര്‍ത്തിക്കൊണ്ട് രോഗവ്യാപനം നേരിടാന്‍ ഐ.എം.എ നിലവില്‍ തയ്യാറായിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികളോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിലെ കിടക്കകള്‍ ഇതിനായി സജ്ജമാക്കുന്നതിനും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

അറുപത് വയസിന് മുകളില്‍ പ്രായമുള്ള ഡോക്ടര്‍മാരോട് അസുഖം പകരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ മാസ്കുകളുടെയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്നും ഐ.എം.എ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM