കൊവിഡ്: ക്രൈസ്തവ ദേവാലയങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍ – UKMALAYALEE

കൊവിഡ്: ക്രൈസ്തവ ദേവാലയങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍

Tuesday 4 August 2020 3:09 AM UTC

കുന്നംകുളം Aug 4: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി വിശ്വാസികള്‍ ക്രൈസ്തവ ദേവാലയങ്ങളിലെത്താതെ വന്നതോടെ പള്ളികളുടെ നടത്തിപ്പില്‍ വന്‍ പ്രതിസന്ധി. ഭണ്ഡാരങ്ങളില്‍ പണം കുറഞ്ഞതാണ് നടത്തിപ്പിനെ ബാധിച്ചത്. പള്ളികളില്‍ മാര്‍ച്ച് 15 നാണ് ആരാധനകള്‍ അവസാനമായി നടന്നത്.

22 മുതല്‍ നിയന്ത്രണം ശക്തമായത്തോടെ പള്ളികളിലേക്ക് ഏപ്രില്‍ ,മെയ് ,ജൂണ്‍ മാസങ്ങളില്‍ വിശ്വാസികളാര്‍ക്കും പ്രവേശന ഇല്ലാത്തിരുന്നത് വരുമാനത്തെ സാരമായി ബാധിച്ചു.

വലിയ നോമ്പിലെ അവസാന നാളുകള്‍ നാല്പതാംവെള്ളി മുതല്‍ ഈസ്റ്റര്‍ വരെയുള്ള നാളുകളിലാണ് എല്ലാ പള്ളികളിലും ഏറ്റവും കൂടുതല്‍ തുക കാണിക്കയായി ലഭിക്കുന്നത് ഇത്തവണ നഷ്ടമായി. വിവാഹമാണ് പള്ളികളിലെ മറ്റൊരു വരുമാനം.

പങ്കെടുക്കുന്നവര്‍ ഇരുപത് പേരായി ചുരുങ്ങിയതും , രണ്ടും ,മൂന്നും വീഡിയോ ക്യാമറ ഉപയോഗിച്ചുള്ള ആര്‍ഭാടമായ വിവാഹങ്ങള്‍ ഒഴിവായതും , പള്ളി വക ഓഡിറ്റോറിയങ്ങള്‍ അടഞ്ഞ് കിടക്കുന്നതും പള്ളികളിലെ വരുമാനത്തെ സാരമായി ബാധിച്ചു.

സാധാരണ നിലയില്‍ ഞായറാഴ്ചകളില്‍ ലഭിക്കുന്ന വഴിപാട് കുര്‍ബ്ബാന പണം , മരിച്ചവരുടെ ഓര്‍മ്മ , മാസവരി , വിവാഹ – ജന്മദിനം സമര്‍പ്പണം തുക , ആദ്യ സമര്‍പ്പണ ലേലം , ഞായറാഴ്ചകളിലെ പ്രത്യേക കാണിക്ക , സ്‌നേഹവിരുന്ന് വഴിപാട് തുടങ്ങി യാതൊരു വിധ തുകയും ഈ കാലയളവില്‍ പള്ളികളിലേക്ക് ലഭിച്ചിട്ടില്ല.

കോടികള്‍ മുടക്കി പണിത പള്ളികളെല്ലാം ഇപ്പോള്‍ ശൂന്യമാണ്. ബാങ്കുകളിലെ തിരിച്ചടവും വിഷമത്തിലാണ്. പള്ളി പണികള്‍ തുടങ്ങി വെച്ചവര്‍ക്കും ഇരുട്ടടിയായി.

പലയിടത്തും വൈദികര്‍ , കപ്യാര്‍ , വൈദ്യുതി ബില്‍ , ഓഫീസ് ജീവനക്കാര്‍ , എന്നിവരുടെ ശബളം കൊടുക്കുവാനും , പള്ളി സാധനങ്ങള്‍ വാങ്ങുവാന്‍ കഴിയാതെ പ്രയാസത്തിലാണ്.

ജൂലായ് മുതല്‍ പല സഭകള്‍ കുര്‍ബ്ബാനകള്‍ ആരംഭിച്ചെങ്കിലും വൈദീകര്‍ പറയുന്നതിനേക്കാള്‍ വളരെ ചുരുങ്ങിയവര്‍ മാത്രമേ ഞായറാഴ്ചകളിലെ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുന്നത്.

കോവിഡ് സമൂഹ വ്യാപനം ദിനപ്രതി ക്രമാതീതമായി കൂടി വരുന്നതിനാല്‍ പള്ളിയിലേക്ക് വിശ്വാസികളാരും പോകുന്നില്ല. ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ ,ടി.വി കുര്‍ബ്ബാനകളിലാണ് പങ്കുച്ചേരുന്നതും വരുമാനത്തെ ബാധിച്ചു.

സെപതംബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെയാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് വിവിധ സഭകളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക. പെരുന്നാള്‍ വകയില്‍ പള്ളിക്ക് ലഭിക്കുന്ന വഴിപാട് , ലേലം തുടങ്ങിയ വരുമാന മാര്‍ഗ്ഗവും ഇത്തവണ അനിശ്ചിത്വത്തിലാണ്.

-സി.എഫ് ബെന്നി

CLICK TO FOLLOW UKMALAYALEE.COM