കൊവിഡിനെ പിടിച്ചുകെട്ടി കേരളം; ഒരാഴ്ചയില്‍ പുതിയ രോഗബാധിതരുടെ നാലിരട്ടി പേര്‍ രോഗമുക്തി നേടി – UKMALAYALEE

കൊവിഡിനെ പിടിച്ചുകെട്ടി കേരളം; ഒരാഴ്ചയില്‍ പുതിയ രോഗബാധിതരുടെ നാലിരട്ടി പേര്‍ രോഗമുക്തി നേടി

Saturday 18 April 2020 1:35 AM UTC

തിരുവനന്തപുരം April 18: കൊവിഡിനെ നേരിടുന്നതില്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ച് കേരളം. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചവരുടെ നാലിരട്ടി പേര്‍ ഇന്ന് രോഗമുക്തരായി. ഇതേ കാലയളവില്‍ അരലക്ഷം പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സംസ്ഥാന ആരോഗ്യ വകുപ്പിന് അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പത്ത് പേര്‍ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടി.

കാസര്‍ഗോഡ് ജില്ലയിലെ ആറ് പേരുടെയും എറണാകുളം ജില്ലയിലെ രണ്ട് പേരുടെയും ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലം നെഗറ്റീവായി.

255 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78980 പേര്‍ നിരീക്ഷണത്തിലാണ്.

ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 84 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

CLICK TO FOLLOW UKMALAYALEE.COM