കോവിഡ്‌ 19 : കേരളത്തില്‍ പുതിയ കേസില്ല: മുഖ്യമന്ത്രി – UKMALAYALEE

കോവിഡ്‌ 19 : കേരളത്തില്‍ പുതിയ കേസില്ല: മുഖ്യമന്ത്രി

Wednesday 18 March 2020 2:38 AM UTC

തിരുവനന്തപുരം March 18: സംസ്‌ഥാനത്ത്‌ ഇന്നലെ പുതിയ കോവിഡ്‌ 19 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ്‌ വ്യാപനം തടയാന്‍ സഹായിക്കുന്നതിനും ഉപദേശം നല്‍കുന്നതിനുമായി വിദഗ്‌ധ സമിതി രൂപവത്‌കരിക്കുമെന്നും പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേക വെബ്‌പോര്‍ട്ടല്‍ തുടങ്ങുമെന്നും അവലോകന യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ മാഹി സ്വദേശിയായ സ്‌ത്രീക്കു കോവിഡ്‌ സ്‌ഥിരീകരിച്ചതായി ഔദ്യോഗിക അറിയിപ്പില്ല. കേരളത്തില്‍ ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്‌. അതില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്‌തി നേടി. നിലവില്‍ 24 പേരാണ്‌ രോഗബാധിതരായി ആശുപത്രികളിലുള്ളത്‌.

വിവിധ ജില്ലകളിലായി 18,011 പേര്‍ നിരീക്ഷണത്തിലാണ്‌. ഇവരില്‍ 17,743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ്‌. ഇന്നലെ 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

4353 പേരെ നിരീക്ഷണത്തില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. രോഗലക്ഷണങ്ങളുള്ള 2467 പേരുടെ സാമ്പിള്‍ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. ഇതില്‍ ലഭ്യമായ 1807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്‌-മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, കൊല്ലത്തു രണ്ടു വയസുകാരിയെ കോവിഡ്‌ 19 രോഗലക്ഷങ്ങളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ്‌ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ 14 വിമാനങ്ങളിലായി എത്തിയ 1183 പേരെ പരിശോധനയ്‌ക്കു വിധേയരാക്കി.

CLICK TO FOLLOW UKMALAYALEE.COM