
കോവിഡ്: സംസ്‌ഥാനത്ത് ഇന്നലെ പുതിയ കേസില്ല
Thursday 19 March 2020 5:05 AM UTC
തിരുവനന്തപുരം March 19 : സംസ്‌ഥാനത്ത് ഇന്നലെ പുതുതായി കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം എല്ലാവരും മുന്നില്‍ കാണണമെന്നും എപ്പോള്‍ വേണമെങ്കിലും സ്‌ഥിതി വഷളാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും വൈകുന്നേരം വരെ ഒ.പി ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്ററുകളില്‍ പ്രാദേശികമായി ഡോക്‌ടര്‍മാരെ നിയമിക്കും.
വിരമിച്ച ഡോക്‌ടര്‍മാരുടെയും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ച ജീവനക്കാരുടേയും പട്ടിക ജില്ലാ ഭരണകൂടം തയാറാക്കും. കൊടുങ്ങല്ലൂര്‍ ഭരണിയില്‍ ജനപങ്കാളിത്തം വലിയ രീതിയില്‍ കുറയ്‌ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
25,603 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. 25,366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രിയിലും. 57 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7,861 പേരെ ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4,622 പേരെ നിരീക്ഷത്തില്‍നിന്ന് ഒഴിവാക്കി.
2,550 സാംപിള്‍ പരിശോധനയ്‌ക്ക് അയച്ചു. അതില്‍ 2,140 ആളുകള്‍ക്ക് രോഗബാധയില്ല. സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുപ്രീംകോടതി സംതൃപ്‌തി രേഖപ്പെടുത്തിയത് പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കല്യാണ മണ്ഡപം ബുക്ക് ചെയ്‌ത തുക ഉടമകള്‍ മടക്കി നല്‍കണം. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെടണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. വീടുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വന്‍കിട കച്ചവട സ്‌ഥാപനങ്ങള്‍ക്ക് കഴിയും.
എല്ലാ സ്‌ഥാപനങ്ങളും ഈ രീതിയിലേക്ക് മാറിയാല്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാം. സാധാരണ പനിയുമായി വരുന്നവരെ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയക്കാതെ ചികില്‍സിക്കാന്‍ തയാറാകണം.
നിയന്ത്രണങ്ങള്‍ പാലിച്ച് ബാറുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
CLICK TO FOLLOW UKMALAYALEE.COM