കോവിഡ്‌ ബാധിതര്‍ 19 , തിങ്കളാഴ്‌ച സര്‍വകക്ഷിയോഗം – UKMALAYALEE

കോവിഡ്‌ ബാധിതര്‍ 19 , തിങ്കളാഴ്‌ച സര്‍വകക്ഷിയോഗം

Saturday 14 March 2020 3:47 AM UTC

KOLLAM March 14: പകര്‍ച്ചവ്യാധിയും വിവാദമാക്കിയ രാഷ്‌ട്രീയവാക്‌പോരിനിടെ, കോവിഡ്‌-19 സംബന്ധിച്ച സ്‌ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ 16-നു വൈകിട്ട്‌ നാലിനു സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തെ മാസ്‌ക്കറ്റ്‌ ഹോട്ടലിലാണു യോഗം.
സംസ്‌ഥാനത്തു നിലവില്‍ കോവിഡ്‌-19 ബാധിതരായി 19 പേര്‍ ചികിത്സയിലുണ്ടെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇതില്‍ രണ്ടുപേരുടെ രോഗബാധ ഇന്നലെയാണു സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ആകെ രോഗബാധിതരുടെ എണ്ണം 22 ആയി.

ഇവരില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്‌തരായവരാണ്‌. ബ്രിട്ടനില്‍നിന്നു തിരുവനന്തപുരത്ത്‌ എത്തിയയാള്‍ക്കും വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇറ്റലിക്കാരനുമാണ്‌ ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്‌.

പരിശോധനാഫലം കാത്ത്‌ ഐസൊലേഷനിലായിരുന്ന തിരുവനന്തപുരം സ്വദേശിക്കും രോഗബാധ സ്‌ഥിരീകരിച്ചതായി അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പത്രസമ്മേളനത്തിലറിയിച്ചു.

സംസ്‌ഥാനത്തു നിരീക്ഷണത്തിലുള്ള 5468 പേരില്‍ 277 പേര്‍ ആശുപത്രിയിലും 5191 പേര്‍ വീടുകളിലുമാണ്‌. 69 പേരെ ഇന്നലെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 1715 പേരുടെ സാമ്പിള്‍ പരിശോധനയ്‌ക്കയച്ചതില്‍ 1132 പേര്‍ക്ക്‌ രോഗമില്ലെന്നു സ്‌ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ ഫലം വന്നിട്ടില്ല.

വിനോദസഞ്ചാരമേഖലകളിലെ ഹോട്ടലുകള്‍, ഹോം സ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ കോവിഡ്‌ ബാധിത രാജ്യങ്ങളില്‍നിന്നുള്ളവരെ കണ്ടെത്തി പരിശോധിക്കുന്നുണ്ട്‌. രേഗബാധ സംശയിക്കുന്നവരെ താമസസ്‌ഥലങ്ങളിലും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലുമാണു നിരീക്ഷിക്കുന്നത്‌.

രാജ്യത്തെ ആദ്യ കോവിഡ്‌ മരണം കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍, നാട്ടിലേക്കു മടങ്ങുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കായും പരിശോധനാസംവിധാനമൊരുക്കും. വിമാനത്താവളങ്ങളിലും സംസ്‌ഥാനാതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലും പരിശോധനയുണ്ടാകും.

സംസ്‌ഥാനാതിര്‍ത്തി മേഖലകളിലെ പ്രവേശനകേന്ദ്രങ്ങളിലും പരിശോധനാസംവിധാനമൊരുക്കും. ഇറ്റലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം പ്രത്യേകവിമാനമയയ്‌ക്കാന്‍ തീരുമാനിച്ചതു സ്വാഗതാര്‍ഹമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഭീതി പരത്താനല്ല; അനിവാര്യമാണ്‌. സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കാന്‍ കേരള ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ്‌ 10 ദിവസത്തിനുള്ളില്‍ ഒരുലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ ഉത്‌പാദിപ്പിക്കും.

കോട്ടയം ജില്ലയില്‍ കോവിഡ്‌ ലക്ഷണങ്ങളുമായി രണ്ടുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞ്‌ മടങ്ങിയ എഴുപതുകാരനെയും ദുബായില്‍നിന്നെത്തിയ ഇടുക്കി സ്വദേശിയായ യുവതിയേയുമാണു മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌.

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളുമാണു നിരീക്ഷണത്തിലുള്ളത്‌. ജില്ലയില്‍ പുതുതായി ആര്‍ക്കും രോഗം സ്‌ഥിരീകരിച്ചിട്ടില്ല.

പത്തനംതിട്ട ജില്ലയില്‍ ഇന്നലെ രാവിലെ ലഭിച്ച 10 പരിശോധനാഫലങ്ങളും നെഗറ്റീവാണെന്നു ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ്‌ അറിയിച്ചു. 12 ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ ആറുപേര്‍ ഗുരുതരാവസ്‌ഥയിലുള്ളവരാണ്‌. ജില്ലയില്‍ രോഗലക്ഷണങ്ങളുമായി മൂന്നുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്‌കറ്റില്‍നിന്നെത്തിയ കൊടുമണ്‍ സ്വദേശിയും സൗദിയില്‍നിന്നെത്തിയ റാന്നി പെരുനാട്‌ സ്വദേശിയും ഉള്‍പ്പെടെ ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി.
എറണാകുളം ജില്ലയില്‍ പുതുതായി രോഗം സ്‌ഥിരീകരിച്ചിട്ടില്ല.

90 പേരെക്കൂടി വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലാക്കി. തൃശൂര്‍ ജില്ലയില്‍ രണ്ടുപേരെക്കൂടി രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

CLICK TO FOLLOW UKMALAYALEE.COM