കോണ്‍ഗ്രസ്‌ പട്ടിക വൈകുന്നതിന്‌ പിന്നില്‍ സരിത ?  – UKMALAYALEE

കോണ്‍ഗ്രസ്‌ പട്ടിക വൈകുന്നതിന്‌ പിന്നില്‍ സരിത ? 

Thursday 14 March 2019 3:55 AM UTC

കൊച്ചി March 14 : കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥിപ്പട്ടിക വൈകുന്നതിനു പിന്നില്‍ സോളാര്‍ കേസുമുണ്ടെന്നു നിഗമനം. സോളാര്‍ കേസില്‍ ആരോപണവിധേയരായവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന വാദം സീറ്റ്‌ ചര്‍ച്ചയ്‌ക്കിടെ ഉയര്‍ന്നിരുന്നു. സരിത വീണ്ടും ആരോപണവുമായി പ്രത്യക്ഷപ്പെട്ടാല്‍ സമ്മര്‍ദത്തിലാകുമെന്നതാണു കാരണം.

എറണാകുളം, ഇടുക്കി, പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, ആലത്തൂര്‍, വയനാട്‌, ആലപ്പുഴ മണ്ഡലങ്ങളിലേക്കു പരിഗണിക്കപ്പെടുന്ന പലരും പലതരത്തില്‍ സോളാര്‍ ആരോപണവിധേയരാണ്‌.

ഇവരില്‍ മൂന്നുപേര്‍ക്കെതിരേ സരിത നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്‌. മറ്റു മൂന്നു പേര്‍ക്കെതിരേ പോലീസിനു നല്‍കാനുള്ള പരാതി സരിതയുടെ പക്കലുണ്ട്‌. കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണു സരിതയ്‌ക്കുവേണ്ടി പരാതി തയാറാക്കിയത്‌.

കുറച്ചുനാളായി മിണ്ടാതിരിക്കുന്ന സരിത ഉചിതമായ സമയം കാത്തിരിക്കുകയാണെന്ന്‌ ആശങ്കയുണ്ട്‌. സോളാര്‍ കേസിലെ നടപടികള്‍ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌. യോഗം പച്ചക്കൊടി കാട്ടിയിരുന്നു. അതു ക്രൈംബ്രാഞ്ചിലൂടെ നടപ്പാക്കുമെന്ന ഭയവുമുണ്ട്‌.

സോളാര്‍ കേസ്‌ ഇപ്പോള്‍ കുത്തിപ്പൊക്കുന്നതു ബി.ജെ.പിക്കു ഗുണമാകുമെന്ന വിലയിരുത്തല്‍ ഇടതുപക്ഷത്തെ ചിലര്‍ക്കുള്ളത്‌ യു.ഡി.എഫിന്‌ ആശ്വാസം നല്‍കുന്നുണ്ട്‌.

ശബരിമലയ്‌ക്കു പുറമേ സോളാര്‍ കൂടിയാകുമ്പോള്‍ യു.ഡി.എഫിന്റെ വോട്ടുചോര്‍ച്ച ബി.ജെ.പിക്കു ഗുണമാകുമെന്നാണ്‌ ഇടതുമുന്നണിയിലെ കണക്കുകൂട്ടല്‍.

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ സോളാര്‍ കേസ്‌ അനക്കേണ്ടെന്ന അഭിപ്രായവും അവര്‍ക്കുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM