കോടിയേരിയോട്‌ കാനം മുഖ്യമന്ത്രിയുേടത്‌ “വണ്‍മാന്‍ഷോ” – UKMALAYALEE

കോടിയേരിയോട്‌ കാനം മുഖ്യമന്ത്രിയുേടത്‌ “വണ്‍മാന്‍ഷോ”

Friday 24 April 2020 1:13 AM UTC

തിരുവനന്തപുരം April 24: ക്ഷമ നശിച്ച സി.പി.ഐ. ഒടുവില്‍, മുഖ്യമന്ത്രി പിണറായി വിജയനെതിരായ അതൃപ്‌തി സി.പി.എമ്മിനെ നേരിട്ടറിയിച്ചു. സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിച്ചാണു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സ്‌പ്രിങ്‌ളര്‍ വിവാദത്തില്‍ നിലപാട്‌ വ്യക്‌തമാക്കിയത്‌.

മുഖ്യമന്ത്രിയുടെ “വണ്‍മാന്‍ഷോ” അതിരുകടക്കുന്നുവെന്നും മുന്നണിബന്ധത്തെ ബാധിക്കുന്നുവെന്നും കാനം തുറന്നടിച്ചതായാണു സൂചന.

കേന്ദ്രാനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതു തെറ്റാണെന്നും ഇക്കാര്യത്തില്‍ ഒപ്പമുണ്ടാകില്ലെന്നും കോടിയേരിയെ കാനം അറിയിച്ചു.

കോവിഡ്‌ ഭീഷണിയൊഴിഞ്ഞശേഷം ഇക്കാര്യത്തില്‍ യുക്‌തമായ നിലപാട്‌ കൈക്കൊള്ളാമെന്നു കോടിയേരി മറുപടി നല്‍കി. സ്‌പ്രിങ്‌ളര്‍ വിവാദത്തില്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ സി.പി.ഐ. ഓഫീസിലെത്തി വിശദീകരണം നല്‍കിയതിനു പിന്നാലെയാണു കാനം, കോടിയേരിയെ കണ്ടത്‌.

സ്‌പ്രിങ്‌ളര്‍ സംബന്ധിച്ച അതൃപ്‌തി പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലൂടെ സി.പി.ഐ. പരസ്യപ്പെടുത്തിയിരുന്നു. ഇതോടെയാണു മുഖ്യമന്ത്രി ഏല്‍പ്പിച്ച വിശദീകരണ ദൗത്യവുമായി ഐ.ടി. സെക്രട്ടറി സി.പി.ഐ. ആസ്‌ഥാനമായ എം.എന്‍. സ്‌മാരകത്തിലെത്തിയത്‌.

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ പാര്‍ട്ടി ഓഫീസിലെത്തി ഔദ്യോഗികകാര്യങ്ങള്‍ വിശദീകരിച്ചതിനെതിരെയും വന്‍വിമര്‍ശനമുയര്‍ന്നിരുന്നു.

മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യാതെയും ഘടകകക്ഷികളെ അറിയിക്കാതെയും നടത്തിയ സ്‌പ്രിങ്‌ളര്‍ ഇടപാടിനോടു യോജിക്കാനാവില്ലെന്നു കോടിയേരിയെ കാനം അറിയിച്ചു. നിയമവകുപ്പിന്റെ ഉപദേശം തേടാതെ കരാറുണ്ടാക്കിയതു ഗുരുതരവീഴ്‌ചയാണ്‌.

പൗരന്റെ സ്വകാര്യതയും വ്യക്‌തിവിവരങ്ങളും പ്രധാനമാണെന്നാണു സി.പി.ഐ. നിലപാട്‌. ഏത്‌ അത്യാഹിതഘട്ടത്തിലായാലും അതില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നു കാനം ആവര്‍ത്തിച്ചു. ഇടപാട്‌ എല്‍.ഡി.എഫിന്റെയും സര്‍ക്കാരിന്റെയും പ്രതിഛായയെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പുനല്‍കിയാണു കാനത്തെ കോടിയേരി മടക്കിയത്‌. വിഷയം പരിശോധിക്കാന്‍ സി.പി.എം. സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM