കേസെടുക്കുമ്പോള്‍ ആനക്കൊമ്പ്‌ ലാലിന്റേതല്ലെന്നു വനംവകുപ്പ്‌ – UKMALAYALEE

കേസെടുക്കുമ്പോള്‍ ആനക്കൊമ്പ്‌ ലാലിന്റേതല്ലെന്നു വനംവകുപ്പ്‌

Tuesday 15 October 2019 4:30 AM UTC

കൊച്ചി Oct 15 : ആനക്കൊമ്പ്‌ കേസില്‍ പെരുമ്പാവൂര്‍ മുന്‍സിഫ്‌ കോടതിയില്‍ വനംവകുപ്പ്‌ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു.

കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി സത്യവാങ്‌മൂലവും സമര്‍പ്പിച്ചു. ആനക്കൊമ്പ്‌ കൈവശംവച്ചതു വനംവകുപ്പിന്റെ അനുമതിയോടെയാണെന്നും ഇതുമായി ബന്ധപ്പെട്ട വിവാദം തന്നെ മോശക്കാരനാക്കാനാണെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.

എന്നാല്‍, കേസെടുക്കുന്ന സമയത്തു മോഹന്‍ലാലിന്‌ ആനക്കൊമ്പിന്റെ ഉടമാവകാശമോ കൈവശംവയ്‌ക്കാനുള്ള അനുമതിയോ ഇല്ലായിരുന്നെന്നു വനംവകുപ്പ്‌ വ്യക്‌തമാക്കി.

അതിനാല്‍ മോഹന്‍ലാലിനെ ഒന്നാംപ്രതിയാക്കി രജിസ്‌റ്റര്‍ ചെയ്‌ത കുറ്റപത്രം നിലനില്‍ക്കുമെന്നു വനംവകുപ്പ്‌ ഹൈക്കോടതിയെ അറിയിക്കും.

ആനയുടെ ഉടമസ്‌ഥനെന്ന നിലയിലാണ്‌ ആദ്യജോഡി ആനക്കൊമ്പ്‌ കൈവശംവയ്‌ക്കാന്‍ അനുവാദം ലഭിച്ചത്‌. രണ്ടാമത്തെ ജോഡി സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയെന്നാണു മോഹന്‍ലാലിന്റെ വാദം.

ആനക്കൊമ്പ്‌ കൈവശം ലഭിക്കുമ്പോള്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും കേസെടുത്തശേഷമാണു ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ അനുമതി നല്‍കിയതെന്നും വനംവകുപ്പ്‌ ഹൈക്കോടതിയെ അറിയിക്കും.

സ്വന്തം ആനയുടേതായതിനാല്‍ ഒരു ജോഡി കൈവശംവയ്‌ക്കാന്‍ ലാലിന്‌ അവകാശമുണ്ട്‌. എന്നാല്‍, സമ്മാനമായി ലഭിച്ച ആനക്കൊമ്പിന്റെ കാര്യത്തില്‍, ഉടമാവകാശം കൈമാറ്റം ചെയ്യാന്‍ നിയമമില്ല.

ആനക്കൊമ്പ്‌ കൈമാറുന്നതും കൈവശംവയ്‌ക്കുന്നതും ക്രിമിനല്‍ കുറ്റമാണ്‌.

ആനക്കൊമ്പ്‌ 2011 ഡിസംബര്‍ 21-നു പിടികൂടിയെങ്കിലും ആറുമാസം കഴിഞ്ഞ്‌, 2012 ജൂണ്‍ 12-നാണ്‌ കേസെടുത്തത്‌. ഒരു ജോഡി ആനക്കൊമ്പ്‌ വനംവകുപ്പ്‌ ഏറ്റെടുക്കുകയും മോഹന്‍ലാലിനെ പ്രതിയാക്കി കേസെടുക്കുകയും ചെയ്‌തിരുന്നു.

2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണു മോഹന്‍ലാലിന്‌ ആനക്കൊമ്പ്‌ കൈവശംവയ്‌ക്കാന്‍ അനുമതി നല്‍കിയത്‌. എന്നാല്‍, ഉടമാവകാശം നല്‍കിയിരുന്നില്ല; അതു നല്‍കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണു വനംവകുപ്പ്‌ കേസെടുത്തത്‌.

ആനയുടെ കൊമ്പ്‌ ഉടമയ്‌ക്കു ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാം. എന്നാല്‍, അനന്തരാവകാശിക്കു കൈമാറാന്‍ കഴിയില്ല. രണ്ടു സുഹൃത്തുക്കളുടെ ഉടമസ്‌ഥതയിലുള്ള ആനയുടെ കൊമ്പാണു മോഹന്‍ലാലിനു സമ്മാനമായി ലഭിച്ചത്‌. അതിനു വ്യവസ്‌ഥയില്ല.

ഉടമയുടെ കാലശേഷം ആനക്കൊമ്പ്‌ വനംവകുപ്പിനു കൈമാറണം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌.ഐ.ആറില്‍ തുടര്‍നടപടി സ്വീകരിക്കാത്തതു ചോദ്യംചെയ്‌ത്‌, എ.എ. പൗലോസ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു ലാല്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌.

ഹര്‍ജി ഇന്നു ചീഫ്‌ ജസ്‌റ്റിസിന്റെ ബെഞ്ച്‌ പരിഗണിക്കും.

CLICK TO FOLLOW UKMALAYALEE.COM