കേരള ക്രൈസ്തവ സഭകളില്‍ 18 മാസത്തിനിടെ പീഡനക്കേസില്‍ അറസ്റ്റിലായത് 12 വൈദികര്‍ – UKMALAYALEE

കേരള ക്രൈസ്തവ സഭകളില്‍ 18 മാസത്തിനിടെ പീഡനക്കേസില്‍ അറസ്റ്റിലായത് 12 വൈദികര്‍

Saturday 22 September 2018 2:52 AM UTC

തിരുവനന്തപുരം Sept 22: കേരളത്തില്‍ ക്രൈസ്തവ സഭകളില്‍ അടിമുടി കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് ഒന്നിനു പുറകെ ഒന്നായി പീഡനസംഭവങ്ങള്‍ പുറത്തുവരുന്നത്.

പുറത്തുവരുന്ന പീഡനകഥകളില്‍ ളോഹയുടെ പരിശുദ്ധി അഴിച്ചുവെച്ചുകൊണ്ട് വൈദികര്‍ വില്ലനായി മാറുന്ന കാഴ്ചയാണ്. ‘ദൈവത്തിന്റെ പ്രതിപുരുഷന്‍’ സഭയെ തന്നെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രതികളാകുന്നു.

കഴിഞ്ഞ 18 മാസത്തിനിടെ 12 വൈദികരെയാണ് പീഡനക്കേസുകളില്‍ ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് കന്യാസ്ത്രീക്കു പുറമെ മറ്റൊരു സ്ത്രീയും സഭയ്ക്കുള്ളില്‍ തന്നെ വര്‍ഷങ്ങളോളം പീഡനത്തിനിരയായതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

സംഭവത്തില്‍ ഇവര്‍ സഭയ്ക്കകത്ത് തന്നെ പരാതി നല്‍കുകയും പേരിനുവേണ്ടി അന്വേഷണം നടത്തി സംഭവം മറയ്ക്കാനും ശ്രമിച്ചതോടെയാണ് മറനീക്കി സംഭവം പുറത്താകുന്നത്.

റോമന്‍ കത്തോലിക്ക സഭയിലെ 48 കാരിയായ കന്യാസ്ത്രീയാണ് ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്. സഭയിലെ ഉന്നതര്‍ക്കു നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് കന്യാസ്ത്രീക്ക് ഉറപ്പു കിട്ടിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

കന്യാസ്ത്രീ പരാതി നല്‍കിയതോടെ കന്യാസ്ത്രീക്കെതിരെയും ബിഷപ്പ് പരാതി നല്‍കിയും നാടകം കളിച്ചു. ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കന്യാസ്ത്രീക്കും അഞ്ചുപേര്‍ക്കുമെതിരെ ബിഷപ്പ് പരാതിയുമായി നീങ്ങിയത്.

തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് കന്യാസ്ത്രി പോലീസില്‍ പരാതി നല്‍കിയത്. 2014-16 കാലയളവില്‍ പതിമൂന്നു തവണ പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ പരാതി.

മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി സെപ്തംബര്‍ 19 ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. ബിഷപ്പ് കുറ്റക്കാരനാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ. ബിനു ജോര്‍ജിനെതിരെയുയര്‍ന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ കേസെടുത്തിരിക്കുകയാണ്. 2014 ല്‍ നടന്ന സംഭവമാണ് മുപ്പതുകാരിയായ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ഫാ.ഏബ്രഹാം മാത്യൂ, ഫാ.ജോബ് മാത്യു, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ.ജോണ്‍സണ്‍ വി.മാത്യു എന്നിവര്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വൈദികരുടെ പീഡനം.

സെമിനാരി വിദ്യാര്‍ത്ഥിശയ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാന്‍ കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ സെപ്തംബര്‍ 17നാണ് ഒരു വൈദികന്‍ അറസ്റ്റിലായത്.

കണ്ണുര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജെയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് അറസ്റ്റിലായത്.

കര്‍ഷകന്റെ സ്‌കൂട്ടറില്‍ കഞ്ചാവ് ഒളിപ്പിച്ച ശേഷം എക്‌സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM