കേരളത്തെ കാത്തിരിക്കുന്നത് ജലപ്രളയമോ? 2018 ലും 2019 ലും പേമാരിയും വെള്ളപ്പൊക്കവും 2020 ല്‍ എന്ത്? – UKMALAYALEE

കേരളത്തെ കാത്തിരിക്കുന്നത് ജലപ്രളയമോ? 2018 ലും 2019 ലും പേമാരിയും വെള്ളപ്പൊക്കവും 2020 ല്‍ എന്ത്?

Monday 20 April 2020 1:15 AM UTC

ചെന്നൈ April 20: കൊറോണ ബാധിതരുടെ തോത് അനുദിനം കുറഞ്ഞു വരുന്നത് വലിയ ആശ്വാസം നല്‍കുന്നതിനിടയില്‍ കേരളത്തെ കാത്ത് അടുത്ത ദുരിതം വെള്ളപ്പൊക്ക രൂപത്തില്‍ ഇരിക്കുന്നതായി മുന്നറിയിപ്പുമായി തമിഴ് വെതര്‍മാന്‍.

കേരളത്തെ കാത്തിരിക്കുന്നത് ജലപ്രളയത്തിന്റെ രണ്ടാം ഹാട്രിക്കാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ നൂറ്റാണ്ടില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മൂന്ന് തവണ തുടര്‍ച്ചയായി പ്രളയം സൃഷ്ടിച്ചത് പോലെ 21 ാം നൂറ്റാണ്ടിലും അതേ സ്ഥിതി വരുമോയെന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ഇദ്ദേഹം.

കാലാവസ്ഥയുമായി ബന്ധപ്പെട്ട നടത്തുന്ന പ്രവചനങ്ങളുടെ കൃത്യത കൊണ്ട് പലപ്പോഴും വാര്‍ത്തയില്‍ നിറയുന്ന വെതര്‍മാന്‍ 2018 ലും 2019 ലും ഉണ്ടായ പ്രളയം ഈ വര്‍ഷവും ആവര്‍ത്തിച്ചേക്കും എന്ന സൂചനയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

20 ാം നൂറ്റാണ്ടില്‍ 1920 മുതല്‍ 22 വരെ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ അധികമഴ കേരളത്തിന് കിട്ടിയിരുന്നു. അത് തന്നെ ഈ നൂറ്റാണ്ടിലെ 2018,2019 വര്‍ഷത്തിന്റെ തുടര്‍ച്ചയാകുമെന്ന് പറയുന്നു.

1920 കളില്‍ 2300 മില്ലി മീറ്ററിലധികം തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആണ് തുടര്‍ച്ചയായി മൂന്ന് വര്‍ഷം കിട്ടിയത്.

ഈ നൂറ്റാണ്ടില്‍ ആദ്യം ജലപ്രളയം ഉണ്ടാക്കിയ 2018 ല്‍ 2517 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്. 2019 ല്‍ 2310 മില്ലിമീറ്റര്‍ മഴയും കിട്ടി. 2300 മില്ലി മീറ്റര്‍ കിട്ടിയ ട്രെന്റ് ഈ വര്‍ഷം തുടരുമോ എന്നാണ് വെതര്‍മാന്‍ സംശയം ഉന്നയിച്ചിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലെ സ്ഥിതിവിവര കണക്കുകള്‍ വെച്ച് ഇത്തവണയും ശക്തമായ മഴയ്ക്ക് തന്നെയാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടുന്നു. ജൂണിനും സെപ്തംബറിനും ഇടയില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 2049 മില്ലി മീറ്റര്‍ മഴ സാധാരണയായി കിട്ടാറുണ്ട്.

ഈ നൂറ്റാണ്ടില്‍ പൊതുവെ കുറഞ്ഞ അളവിലുള്ള മണ്‍സൂണാണ് ലഭിച്ചിരുന്നത്. 1924, 1961, 2018 വര്‍ഷങ്ങള്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്.

കഴിഞ്ഞ നൂറ്റാണ്ടിലെ മൂന്ന് വര്‍ഷത്തില്‍

1922 ല്‍ 2318 മില്ലിമീറ്റര്‍,

1923 ല്‍ 2666 മില്ലിമീറ്റര്‍,

1924 ല്‍ 3115 മില്ലിമീറ്റര്‍.

എന്നിങ്ങനെയായിരുന്നു മഴ കിട്ടിയത്. അടുത്ത നൂറ്റാണ്ടായപ്പോള്‍ 2018 ല്‍ 2517 മില്ലീമീറ്ററും 2019 ല്‍ 2310 മില്ലി മീറ്ററുമാണ് മഴ പെയ്തത്.

CLICK TO FOLLOW UKMALAYALEE.COM