കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് രാഷ്ട്രീയ പാര്‍ട്ടികള്‍: ശ്രീകുമാരന്‍ തമ്പി – UKMALAYALEE

കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് രാഷ്ട്രീയ പാര്‍ട്ടികള്‍: ശ്രീകുമാരന്‍ തമ്പി

Friday 13 March 2020 4:59 AM UTC

THIRUVANANTHAPURAM March 13: സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ മേഖലകളില്‍ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് ശ്രീകുമാരന്‍ തമ്പി. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

താന്‍ ഇടതുപക്ഷ അനുഭാവിയാണെങ്കിലും പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ രചനകളില്‍ അത്തരം ആശയങ്ങള്‍ ഉള്‍പ്പെടുത്താറുണ്ടെന്നും പറയുകയാണ് അദ്ദേഹം.

രാഷ്ട്രീയ പാര്‍ട്ടികളോടു ചേര്‍ന്നു നില്‍ക്കാത്തതിനാല്‍ തനിക്ക് പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

” ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. ഇടതുപക്ഷം ഇല്ലെങ്കില്‍ ഒരു മുന്നേറ്റം ഉണ്ടാവുകയില്ല എന്നു വിശ്വസിക്കുന്നു. മതത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലുമെല്ലാം ഇടതുപക്ഷം ആവശ്യമാണ്.

സ്ഥിരമായി ചന്ദനക്കുറി അണിയുന്നതു കൊണ്ട് ഞാന്‍ ആര്‍എസ്എസുകാരനാണെന്നു വിശ്വസിക്കുന്നവരുണ്ട്. കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് രാഷ്ട്രീയ പാര്‍ട്ടികളാണ് എന്നത് ഉറപ്പാണ്.

കാരണം രാജഭരണകാലത്ത് ഈ വര്‍ഗീയത ഇല്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് രാജഭരണമായിരുന്നു. പ്രൈമറി സ്‌കൂളില്‍ അയിഷ എന്ന ടീച്ചറാണ് എന്നെ പഠിപ്പിച്ചത്.

അവര്‍ ഒരിക്കലും പര്‍ദ്ദ ധരിക്കുകയോ തല മറയ്ക്കുകയോ ചെയ്തിട്ടില്ല. മറ്റു സ്ത്രീകളെ പോലെ തന്നെയായിരുന്നു ടീച്ചര്‍.

മതത്തിന്റെ പേരില്‍ യാതൊരു വേര്‍തിരിവും അന്ന് ഇല്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഹരിപ്പാട് ക്ഷേത്രത്തില്‍ സ്വര്‍ണക്കൊടിമരം ഇല്ലായിരുന്നു. വലിയ അടയ്ക്കാമരം വെട്ടിയായിരുന്നു കൊടിമരമായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലേക്ക് കൊടിമരം കൊണ്ടുവരുന്നത് ഒരു മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു.

അദ്ദേഹത്തിനായിരുന്നു അതിനുള്ള അവകാശം. അതായിരുന്നു അന്നത്തെ മഹാരാജാവിന്റെ ബുദ്ധി. ഞാന്‍ ഇടതുപക്ഷ അനുഭാവിയാണെങ്കിലും രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. പാര്‍ട്ടിക്കുവേണ്ടി പ്രസംഗങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും എന്റെ രചനകളില്‍ ആ ആശയങ്ങള്‍ ഉണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനു വേണ്ടി പ്രസംഗിക്കാന്‍ ക്ഷണിച്ചിട്ട് ഞാന്‍ പോയില്ല. അത് പിണറായി വിജയനെ ഇഷ്ടമല്ലാത്തതു കൊണ്ടല്ല. ഒരു പാര്‍ട്ടിയുടെ വക്താവായി സംസാരിക്കേണ്ട എന്നു തീരുമാനിച്ചതു കൊണ്ടാണ്.

പാര്‍ട്ടി അനുഭാവി ആയാല്‍ പോരാ. പാര്‍ട്ടിയോടു ചേര്‍ന്നു നിന്നാലേ എന്തെങ്കിലും സ്ഥാനത്ത് എത്താന്‍ സാധിക്കൂ. അങ്ങനെ ചേര്‍ന്നു നില്‍ക്കാത്തതു കൊണ്ടുതന്നെ എനിക്ക് പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് കെ.ആര്‍. ടോണിക്കും എസ്. ജോസഫിനും കിട്ടിയ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എനിക്കു കിട്ടാത്തത്.

കേരള സാഹിത്യ അക്കാദമിയുടെ കാഴ്ചപ്പാടില്‍ ഇന്നും ഞാനൊരു കവിയല്ല. എനിക്ക് 31 വയസ്സ് ഉള്ളപ്പോള്‍ എന്റെ ‘എഞ്ചിനീയറുടെ വീണ’ എന്ന പുസ്തകം സാഹിത്യ അക്കാദമി പുരസ്‌കാര നിര്‍ണയത്തിലെ അവസാന മൂന്ന് പുസ്‌കതത്തില്‍ വരികയും പുരസ്‌കാരം ആ പുസ്തകത്തിനാണെന്നു തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ അന്ന് പുരസ്‌കാര നിര്‍ണയസമിതി അംഗമായി വന്ന കവി എന്റെ പേര് വെട്ടിക്കളഞ്ഞു. മറ്റു ജൂറി അംഗങ്ങളെല്ലാം എന്റെ പേരു തന്നെ പറഞ്ഞപ്പോഴും ‘അവന്‍ ആദ്യം മലയാളത്തിലെ അക്ഷരങ്ങള്‍ ശരിക്കും പഠിക്കട്ടെ, അതിനു ശേഷം പുരസ്‌കാരം കൊടുക്കാം’ എന്നു പറഞ്ഞു.

അന്നത്തെ ആ സംഭവത്തെക്കുറിച്ച് എന്നോടു പറഞ്ഞത് തകഴി ശിവശങ്കരപ്പിള്ളയാണ്. കഴിഞ്ഞ മാസം തകഴി പുരസ്‌കാരം എനിക്കു കിട്ടി. ആ പുരസ്‌കാരം ഏറ്റു വാങ്ങിയപ്പോള്‍ ഞാന്‍ ഓര്‍ത്തതും തകഴി ചേട്ടന്‍ അന്നു പറഞ്ഞ കാര്യമാണ്.

ഞാന്‍ വളര്‍ന്നാല്‍ സ്വന്തം വളര്‍ച്ചയെ ബാധിക്കും എന്നു ഭയന്നവരാണ് എനിക്കു പുരസ്‌കാരം നിഷേധിച്ചതിനു പിന്നില്‍” – ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM