കേരളത്തില്‍ ബി.ജെ.പി. സഭയോടടുക്കുന്നു – UKMALAYALEE

കേരളത്തില്‍ ബി.ജെ.പി. സഭയോടടുക്കുന്നു

Sunday 25 October 2020 9:48 PM UTC

കുന്നംകുളം Oct 26: തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ വിവിധ മത- സമുദായ വിഭാഗങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ചര്‍ച്ച അണിയറയില്‍ സജീവം. കരുത്തുകാട്ടാന്‍ തുനിഞ്ഞിറങ്ങുന്ന ബി.ജെ.പി. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ നീക്കം ശക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭയെ ഒപ്പംനിര്‍ത്താന്‍ തന്ത്രങ്ങള്‍ ആവ്ഷികരിച്ചാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്ന് വിലയിരുത്തല്‍.

അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിലെ സഹായ മെത്രാപ്പോലീത്തയുമായ ഗീവര്‍ഗീസ് മാര്‍ യൂലിയോസുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തി ക്രിസ്ത്യന്‍ വോട്ടിലേക്ക് കണ്ണ് നട്ടുള്ള തന്ത്രങ്ങളാണ് ബി.ജെ.പിയുടേത്. ഗീവര്‍ഗീസ് മാര്‍ യൂലിയോസിന് ബി.ജെ.പി. കേന്ദ്ര നേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവരുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തി പ്രാദേശിക തലത്തിലും സഭയെ ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പിയുടേത്. കഴിഞ്ഞ ദിവസം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

സഭാക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധിയുണ്ടായതോടെ കുന്നംകുളത്തും ചാലിശ്ശേരിയിലുമടക്കം പള്ളികളുടെ അധികാരം യാക്കോബായ സഭയ്ക്ക് നഷ്ടമായിരുന്നു. കേസ് നടത്തിപ്പിലും മറ്റും ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ ഇടപെടല്‍ ശക്തമായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.

ബി.ജെ.പി. കേന്ദ്രങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മധ്യസ്ഥത വഹിക്കുന്നത്, സഭയുടെ തലവന്‍ കൂടിയായ കാതോലിക്ക ബാവായെ നോക്കുകുത്തിയാക്കിയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ പഴഞ്ഞി പള്ളി പെരുന്നാളിന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധകൃഷ്ണന്‍ ദേവാലയം സന്ദര്‍ശിക്കുകയും യൂലിയോസുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആര്‍ത്താറ്റ് അരമനയിലെത്തിയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മെത്രാപ്പോലീത്തയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറ്റാന്‍ സാധിക്കുമോയെന്നതാണ് ബി.ജെ.പി. നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

CLICK TO FOLLOW UKMALAYALEE.COM