കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന് ജെ.എന്‍.യു ഗവേഷകരുടെ റിപ്പോര്‍ട്ട് – UKMALAYALEE

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന് ജെ.എന്‍.യു ഗവേഷകരുടെ റിപ്പോര്‍ട്ട്

Saturday 27 October 2018 1:55 AM UTC

ന്യുഡല്‍ഹി Oct 27: കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് കുറ്റപ്പെടുത്തി ജെ.എന്‍.യുവിലെ ഗവേഷകര്‍. സാഹചര്യം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

മനുഷ്യ നിര്‍മ്മിത ദുരന്തം നേരിടാന്‍ ശരിയായ സമയത്ത് ഇടപെട്ടില്ലെന്ന് ജെ.എന്‍.യുവിലെ സ്‌പെഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് കേന്ദ്രത്തിലെ ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പൊതുജനങ്ങള്‍ക്ക് യഥാസമയം മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരാരോപണം.

റെഡ്, ഓറഞ്ച് അലേര്‍ട്ടുകളുടെ അര്‍ത്ഥം സാധാരണ ജനങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് യഥാസമയത്ത് കൃത്യമായി പ്രവര്‍ത്തിക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ദുരന്തം ആസന്നമായിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട്.

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ വീട് വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം എന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ധാരണയില്ലാതെ പോയി എന്നും റിപ്പാര്‍ട്ട് ആരോപിക്കുന്നു.

ജെ.എന്‍.യുവിലെ ഗവേഷകരായ അമിതാ സിംഗ്, പ്രൊഫ. സുനിത റെഡ്ഡി, ഗൗരിക ഛഗ്, ഡോ. മോണിക്ക കമ്തന്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പ്രളയബാധിത ജില്ലകളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നിവടങ്ങളില്‍ സംഘം സന്ദര്‍ശിച്ചിരുന്നു. ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഒരുമിച്ച് തുറന്നത് മുന്നറിയിപ്പില്ലാതെയാണെന്നും റിപ്പോര്‍ട്ട് ആരോപിച്ചു.

പഞ്ചായത്തുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു ആരോപണം.

CLICK TO FOLLOW UKMALAYALEE.COM