കേരളത്തിലെ കോണ്‍ഗ്രസില്‍ ‘ഫിറ്റ്’ ആകാത്ത നേതാവ്! എന്നും എപ്പോഴും, എന്തുകൊണ്ട്? – UKMALAYALEE

കേരളത്തിലെ കോണ്‍ഗ്രസില്‍ ‘ഫിറ്റ്’ ആകാത്ത നേതാവ്! എന്നും എപ്പോഴും, എന്തുകൊണ്ട്?

Sunday 20 September 2020 9:06 PM UTC

By Binu

ദില്ലി Sept 20: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ആണ് ശശി തരൂര്‍ ഇന്ത്യയില്‍ തിരികെ എത്തുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നതും. രാഷ്ട്രീയ പ്രവേശനത്തിനായി തരൂര്‍ ആദ്യം സമീപിച്ചത് സിപിഎമ്മിനെ ആണെന്ന രീതിയില്‍ ചില കഥകള്‍ പ്രചരിച്ചിരുന്നു. എന്തായാലും കോണ്‍ഗ്രസ്സിലാണ് അദ്ദേഹം എത്തപ്പെട്ടത്.

വിശ്വപൗരന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ശശി തരൂരിനെ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഒരുകാലത്തും സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും മൂന്ന് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് വിജയിച്ചു എന്നത് ചെറിയ കാര്യമല്ല. ഇപ്പോള്‍ തരൂരിനെ ചൊല്ലി വീണ്ടും കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ മുറുകുകയാണ്. എന്താണ് ശശി തരൂരിന്റെ ശരിയായ പ്രശ്‌നം.

ഇപ്പോഴത്തെ വിവാദത്തില്‍ കെ മുരളീധരന്‍ പറഞ്ഞത് തന്നെയാണ് അടിസ്ഥാന പ്രശ്‌നം എന്ന് വിലയിരുത്താവുന്നതാണ്. ശശി തരൂര്‍ വിശ്വ പൗരനും ബാക്കിയുള്ളവര്‍ സാധാരണ പൗരന്‍മാരും ആണ്. അതുകൊണ്ട് തന്നെ ശശി തരൂരിനെ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാധാരണ നേതാക്കള്‍ക്ക് കഴിയാറില്ല എന്നത് തന്നെയാണ് പ്രശ്‌നം.

ശശി തരൂരിന്റെ ആദ്യ സ്ഥാനാര്‍ത്ഥിത്വത്തില്‍ തന്നെ എന്‍എസ്എസ് ഉയര്‍ത്തിയ ഒരു വിവാദമായിരുന്നു ദില്ലി നായര്‍ എന്നത്. അന്ന് എന്‍എസ്എസ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ജി സുകുമാരന്‍ നായര്‍ ആയിരുന്നു ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. തരൂരിനെ ഒരു മലയാളിയായി പോലും കണക്കാക്കാന്‍ സാധിക്കാത്തവര്‍ കേരളത്തിലെ കോണ്‍ഗ്രസ്സിലുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പരിഗണിച്ചാല്‍ അവരേക്കാള്‍ എല്ലാം ബൗദ്ധിക നിലവാരത്തിലും വിദ്യാഭ്യാസത്തിലും ഏറെ മുകളിലാണ് ശശി തരൂര്‍. മാത്രമല്ല, ആഗോളതലത്തില്‍ തന്നെ പ്രസിദ്ധനും. ഉന്നത ബന്ധങ്ങള്‍ വേറേയും. തരൂര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന സമയം മുതലേ കേന്ദ്ര നേതൃത്വവുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആശയവിനിമയങ്ങള്‍. ഇതെല്ലാം കേരളത്തിലെ നേതാക്കളെ സംബന്ധിച്ച് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

കോണ്‍ഗ്രസില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് എല്ലാ കാലത്തും സ്വാതന്ത്ര്യമുണ്ട് എന്നാണ് പറയുക. എന്നാല്‍ തരൂരിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും കോണ്‍ഗ്രസിന് പിടിച്ചിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരേയും വ്യക്തിഹത്യ ചെയ്യാനും തരൂര്‍ മുതിരാറില്ലെന്നത് വേറെകാര്യം.

ഒരു വിശ്വപൗരന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും കാര്യങ്ങളെ വിലയിരുത്തുന്ന ആളാണ് തരൂര്‍. ആ അവധാനതപോലും കേരളത്തിലെ പലര്‍ക്കും ബോധിക്കാറില്ല. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചതിന്റെ പേരിലും ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് തരൂരിന്. സാധാരണ ഗതിയില്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവും ചെയ്യാന്‍ ഇടയില്ലാത്ത ഒന്നായിരുന്നു അത്.

പ്രൊഫഷണലിസം എന്നത് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് പൊതുവേ ഇല്ലാത്ത ഒന്നാണ്. എന്നാല്‍ തരൂര്‍ തീര്‍ത്തും പ്രൊഫഷണല്‍ ആയി കാര്യങ്ങള്‍ കാണുകയും ചെയ്യുകയും ചെയ്യുന്ന ആളാണ്. രുപക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ശശി തരൂരിനെ ഏറ്റവും അധികം വ്യത്യസ്തനാക്കുന്നതും ഇതേ പ്രൊഫഷണലിസം തന്നെ ആയിരിക്കാം.

ഗ്രൂപ്പില്ലാതെ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ 2009 ല്‍ പാര്‍ട്ടി അംഗത്വം എടുത്ത കാലം മുതല്‍ ശശി തരൂര്‍ കേരളത്തിലെ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല. ഇപ്പോള്‍ ദേശീയ തലത്തില്‍ ഗ്രൂപ്പിസത്തിന് ഗൂഢാലോചന നടത്തി എന്ന് തരൂരിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ എല്ലാം ഇപ്പോഴും എപ്പോഴും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വക്താക്കള്‍ ആയിരുന്നു എന്നതും യാഥാര്‍ത്ഥ്യം.

ശശി തരൂരിനെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നാണ് കൊടിക്കുന്നില്‍ സുരേഷ് വിശേഷിപ്പിച്ചത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അദ്ദേഹം ഒരു ‘അതിഥി താരം’ തന്നെയാണ്- ക്ഷണിക്കപ്പെട്ട് വന്ന താരം. സിപിഎം, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ എല്ലാ പാര്‍ട്ടികളില്‍ നിന്നും തനിക്ക് രാഷ്ട്രീയ പ്രവേശനത്തിന് ക്ഷണമുണ്ടായിരുന്നു എന്നാണ് തരൂര്‍ തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുള്ളത്.

ശശി തരൂര്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെടാനുള്ള കാരം അമേരിക്കന്‍ ഇടപെടല്‍ ആയിരുന്നു എന്നൊരു ആക്ഷേപമുണ്ട്. കോഫി അന്നനെ പോലെ വ്യക്തിത്വമുള്ള ശക്തനായ ഒരു ജനറല്‍ സെക്രട്ടറി വീണ്ടും വരുന്നത് അമേരിക്ക താത്പര്യപ്പെട്ടിരുന്നില്ലത്രെ. തരൂര്‍ ആ സ്ഥാനത്ത് എത്തിയാല്‍ തങ്ങളുടെ വരുതിയില്‍ നില്‍ക്കില്ലെന്ന് ഭയന്ന് അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ് റൈസ് വരെ തരൂരിനെതിരെ ഇടപെടല്‍ നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്രയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ മനസ്സിലാകും, കേരളത്തിലെ കോണ്‍ഗ്രസിന് ശശി തരൂര്‍ എന്ന വിശ്വപൗരന്‍ തീരെ ‘ഫിറ്റ്’ അല്ല എന്നത്. എന്നാല്‍ ഏത് തരം നേതാക്കളേയും കൊള്ളാനും തള്ളാനും കഴിയുന്ന കോണ്‍ഗ്രസ് പോലെ ഒരു പാര്‍ട്ടി ഇന്ന് വേറെ ഇല്ലതാനും. അതുകൊണ്ട് തന്നെ തരൂരിന് ഇനിയും ഈ പാര്‍ട്ടിയില്‍ തുടരാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയും ഇല്ല.

CLICK TO FOLLOW UKMALAYALEE.COM