കേരളത്തിലെ കനത്ത പരാജയത്തില്‍ വിമര്‍ശിക്കുക പോലും ചെയ്യാതെ സി.പി.എം കേന്ദ്ര നേതൃത്വം  – UKMALAYALEE

കേരളത്തിലെ കനത്ത പരാജയത്തില്‍ വിമര്‍ശിക്കുക പോലും ചെയ്യാതെ സി.പി.എം കേന്ദ്ര നേതൃത്വം 

Wednesday 12 June 2019 3:44 AM UTC

ന്യൂഡല്‍ഹി June 12: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ സി.പി.എം. സംസ്ഥാന ഘടകത്തിനെ വിമര്‍ശിക്കുക പോലും ചെയ്യാതെ കേന്ദ്ര നേതൃത്വം.

കേരളത്തിലെ പരാജയത്തിനു കാരണം വിശ്വാസിസമൂഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നു വിലയിരുത്തിയും തിരിച്ചുവരവിനുള്ള പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന ഘടകത്തിനു വിട്ടുകൊടുത്തും കേന്ദ്രനേതൃത്വം കാഴ്ചക്കാരായി.

ശക്തികേന്ദ്രങ്ങളായ കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും കനത്ത പരാജയമാണുണ്ടായതെന്നു കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നുണ്ട്.

ഭരണമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും കേരള ഘടകത്തിനാണു മുന്‍തൂക്കം. ഈ സാഹചര്യത്തിലാണ് കേരളത്തിലെ തിരിച്ചടിക്കു പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാതെ കരകയറാനുള്ള ചുമതല സംസ്ഥാനഘടകത്തെ ഏല്‍പ്പിച്ചത്.

വിശ്വാസിസമൂഹത്തെ കോണ്‍ഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിച്ചതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിനു കാരണമായതെന്നാണ് സി.പി.എം. കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന െശെലിയുമായി പരാജയത്തെ കൂട്ടിക്കെട്ടേണ്ടതില്ല.

നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ശക്തി വീണ്ടെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് പ്രാപ്തിയുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റേതായ പരിഹാരനിര്‍ദേശം തല്‍ക്കാലം വേണ്ടെന്ന നിലപാടാണു കേന്ദ്ര കമ്മിറ്റിയുടേത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ െശെലി മാറണമെന്നു സി.പി.ഐ. സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടതു ചൂണ്ടിക്കാട്ടിയപ്പോള്‍, ”അവര്‍ക്കു പരാതിയുണ്ടെങ്കില്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്യട്ടെ” എന്നാണു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

സി.പി.ഐയുടെ പരാതി സി.പി.എം. നേതൃത്വത്തിനു ലഭിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയ സര്‍ക്കാരിനെക്കുറിച്ചു തെറ്റിദ്ധരിപ്പിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്തുകയായിരുന്നു എന്നു യെച്ചൂരി പറഞ്ഞു.

നിരീശ്വരവാദ നിലപാടുള്ള സര്‍ക്കാരായത് കൊണ്ടാണ് ഇടതു സര്‍ക്കാര്‍ ശബരിമല വിധി തിടുക്കത്തില്‍ നടപ്പാക്കിയതെന്ന് ആക്ഷേപം ഉണ്ടല്ലോ എന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് യെച്ചൂരി മറുപടി നല്‍കിയത്.

CLICK TO FOLLOW UKMALAYALEE.COM