കേരളത്തിന് മാതൃകയായി സുപ്രിയ; കോവിഡ് കാലത്ത് മനസു നിറച്ച ഒരു കാഴ്ച
Saturday 11 July 2020 4:33 AM UTC

July 11: കൊവിഡ് രോഗ വ്യാപന ഭീതിയ്ക്കിടയില്‍ പ്രതീക്ഷ പകരുന്നൊരു വിഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തിരുവല്ല നഗരത്തില്‍ നിന്നുള്ള ഒരു വിഡിയോയാണ് പുറത്ത് വന്നത്.
തിരക്കേറിയ റോഡില്‍ എന്തു ചെയ്യണമെന്നറിയാതെ നില്ക്കുന്ന അന്ധനായ വൃദ്ധനെ സഹായിക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് പുറത്ത് വന്നത്.
വഴിയില്‍ നില്ക്കുന്ന വൃദ്ധനോട് എന്തോ ചോദിച്ച യുവതി അതുവഴി വന്ന കെഎസ്ആര്‍ടിസി ബസിന് കൈ കാണിക്കുന്നു. കുറച്ച് മുമ്പിലാണ് ബസ് നിര്‍ത്തിയത്.
വയോധികനെ അവിടെ തന്നെ സുരക്ഷിതമായി നിര്‍ത്തിയ ശേഷം ബസിനരികിലേക്ക് ഓടി വന്ന് കണ്ടക്ടറോട് എന്തോ പറയുന്നു. പിന്നീട് തിരികെ പോയി വയോധികനെ കൈ പിടിച്ച് കൊണ്ടു വന്നു ബസില്‍ കയറ്റി മടങ്ങുന്നു.
ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയില്‍ ഉണ്ടായിരുന്നത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് ആരോ പകര്‍ത്തിയതായിരുന്നു ഈ വിഡിയോ. തുടര്‍ന്ന് ഈ നന്മ ചെയ്ത യുവതി ആരാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. തിരുവല്ല തുകലശ്ശേരി സ്വദേശിയായ സുപ്രിയ സുരേഷായിരുന്നു ഈ യുവതി.
തിരുവല്ല ജോളി സില്‍ക്സ് ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവിനെ കാത്തു നില്‍ക്കുമ്പോഴാണ് തിരക്കേറിയ റോഡില്‍ നില്ക്കുന്ന വയോധികനെ കാണുന്നത്.. ”
കാറും ബൈക്കും ചീറിപ്പാഞ്ഞ് പോകുന്ന റോഡില്‍ ആ അച്ഛന് നടക്കുന്നത് കണ്ടാണ് ഓടി അരികിലെത്തിയത്. റോഡിന് നടുവിലൂടെയായിരുന്നു നടന്നിരുന്നത്.. ബൈക്കൊക്കെ അടുത്തു വന്ന് വളഞ്ഞു പോകുന്നു..
ഞാനോടി അടുത്ത് ചെന്ന് സൈഡിലേക്ക് മാറ്റി നിര്‍ത്തി.. ചേട്ടന് എന്തായാലും വരുമല്ലോ അപ്പോള്‍ ബൈക്കില്‍ കയറ്റി സ്റ്റാന്‍ഡിലേക്ക് വിടാം എന്നാണ് ആദ്യംചിന്തിച്ചത്.. പെട്ടെന്ന് ബസ് വന്നപ്പോ കൈ കാണിച്ച് നിര്‍ത്തി..
അച്ഛനിവിടുന്ന് എവിടേയും പോകല്ലേ എന്നു പറഞ്ഞ് ഓടിപ്പോയി ബസുകാരോട് കാര്യം പറഞ്ഞു.. അച്ഛനെ പിടിച്ചു കൊണ്ടു വന്ന് ബസിലേക്ക് കയറ്റി.. അതു കണ്ട് സമാധാനത്തിലാ മടങ്ങിയത്” – സംഭവത്തെ കുറിച്ച് സുപ്രിയ പറയുന്നു.
രാത്രിയോടെ സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് വീഡിയോ വൈറലായി എന്ന് സുപ്രിയ അറിയുന്നത്. സമീപത്തെ ഒരു ഇലക്ട്രോണിക്സ് ഷോപ്പില്‍ സെയില്‍സ്മാനായ ജോഷ്വാ അത്തിമൂട്ടില്‍ ആണ് വീഡിയോ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് വീഡിയോ പകര്‍ത്തിയത്.
ഇയാള്‍ ഇത് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തു. ഇത് വൈകാതെ വൈറലാവുകയായിരുന്നു.
CLICK TO FOLLOW UKMALAYALEE.COM