Tuesday 31 March 2020 12:12 AM UTC
തിരുവനന്തപുരം March 31: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്.
ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്ക് നേതൃത്വം നല്കിയ മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. ഈ വൃദ്ധ ദമ്പതികള്‍ക്ക് പരമാവധി ചികിത്സ നല്കി ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
CLICK TO FOLLOW UKMALAYALEE.COM