കേരളത്തിന്‌ അവഗണന; പുതിയ പദ്ധതിയും പ്രഖ്യാപനവുമില്ല – UKMALAYALEE

കേരളത്തിന്‌ അവഗണന; പുതിയ പദ്ധതിയും പ്രഖ്യാപനവുമില്ല

Saturday 6 July 2019 2:16 AM UTC

തിരുവനന്തപുരം. July 6 : അധിക വിഭവ സമാഹരണത്തിന്‌ ഊന്നല്‍ നല്‍കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റില്‍ കേരളത്തിന്‌ അവഗണന.

സംസ്‌ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്‌ അടക്കമുള്ള ആവശ്യങ്ങളോടു ബജറ്റ്‌ മുഖം തിരിച്ചു.

“ഒരു രാജ്യം ഒരു പദ്ധതി” എന്ന ശൈലിയിലേക്ക്‌ ബജറ്റ്‌ പ്രഖ്യാപനം മാറിയതോടെ മറ്റു സംസ്‌ഥാനങ്ങള്‍ക്കും പുതിയ പദ്ധതികളുടെ പ്രഖ്യാപനമില്ലെന്നതും ശ്രദ്ധേയം.

“എല്ലാവര്‍ക്കും വീട്‌, വൈദ്യുതി” എന്ന ശ്രദ്ധേയ പദ്ധതിയുടെയടക്കം പ്രയോജനമേ മറ്റു സംസ്‌ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനും ലഭിക്കൂ.

കശുവണ്ടി കയറ്റുമതിയുടെ രണ്ടര ശതമാനം കസ്‌റ്റംസ്‌ ഡ്യൂട്ടി എടുത്തു കളഞ്ഞതാണ്‌ കേരളത്തിലെ കാര്‍ഷിക മേഖലയ്‌ക്ക്‌ അവകാശപ്പെടാവുന്ന നേട്ടങ്ങളിലൊന്ന്‌.

കശുവണ്ടി കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്‌. റബര്‍ ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനത്തില്‍നിന്ന്‌ പത്തു ശതമാനമാക്കി ഉയര്‍ത്താനുള്ള തീരുമാനം വിലയിടിവില്‍ വലയുന്ന റബര്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസമാകും.

റബര്‍ ബോര്‍ഡിനും കോഫി ബോര്‍ഡിനും നീക്കിവച്ച തുകയുടെ ആനുകൂല്യവും കേരളത്തിനു ലഭിക്കും. ദേശീയപാത വികസനത്തിന്‌ ബജറ്റില്‍ പ്രാധാന്യം നല്‍കിയതിന്റെ പ്രയോജനം കേരളത്തിനു ലഭിക്കാമെങ്കിലും സംസ്‌ഥാനത്തിനു മാത്രമായി പ്രത്യേക നീക്കിയിരിപ്പോ പദ്ധതിയോ ഇല്ല.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള സഹായം കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല.

എയിംസിനു പുറമേ കണ്ണൂരില്‍ രാജ്യാന്തര ആയുര്‍വേദ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ തുടങ്ങിയവയും സംസ്‌ഥാനം ഉന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

CLICK TO FOLLOW UKMALAYALEE.COM